പീരുമേട്: വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ അറവുമാടുകളെ കെട്ടിയിടുന്നതും കശാപ്പ് ചെയ്യുന്നതും പെരിയാര്‍ തോട്ടില്‍. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സംഭവത്തിനെതിരെ അധികൃതര്‍ കണ്ണടച്ചിരിക്കുകയാണ്. ദേശീയപാതയ്‌ക്ക് സമാന്തരമായി ഒഴുകുന്ന ചോറ്റുപാറ-പെരിയാര്‍ തോട്ടിലാണ് അറവുമാടുകളെ കശാപ്പ് ചെയ്യുന്നത്.
ഈ തോട് ഒഴുകിയെത്തുന്നത് പെരിയാറിലേക്കാണ്. ഇവയുടെ അവശിഷ്ടങ്ങള്‍ തോട്ടില്‍ കെട്ടിക്കിടക്കുന്നത് മൂലം മൂക്ക് പൊത്തി വേണം ഇതുവഴി സഞ്ചരിക്കുവാന്‍. സമീപവാസികളും വ്യാപാരികളും ഇതിനെതിരെ പരാതി നല്‍കിയതാണ്. ഇതിന് സമീപം തന്നെ നിരവധി അനധികൃത കശാപ്പ്ശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്.
രാത്രികാലത്താണ് കശാപ്പ് നടക്കുന്നത്. കൃത്യമായി പടിയുള്ളതിനാല്‍ ആരോഗ്യവകുപ്പും ഈ ഭാഗത്തേയ്‌ക്ക് ശ്രദ്ധിക്കുന്നില്ല. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ അറവുമാടുകളെ കശാപ്പ് ചെയ്യുന്നതിന് വേണ്ട സ്ലോട്ടര്‍ഹൗസുമില്ല. കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോളാണ് തോട് ഇത്തരത്തില്‍ മലിനമാക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.സ്ഥിതി ഗുരുതരമായിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ പൊരിയാറിന്റെ കൈവഴിയിലെ അറവ്ശാല കണ്ടില്ലന്ന് നടിക്കുകയാണ്.
















