തൊടുപുഴ: കെഎസ്ആര്‍ടിഇഎ (സിഐടിയു )ഇടുക്കി ജില്ലാ പ്രസിഡന്റ് കെ കെ സദാനന്ദന്‍ കെ എസ് ടി ഇ എസ് (ബിഎംഎസ് )ന്റെ അംഗത്വം സ്വീകരിച്ചു. ശമ്പളം കൃത്യമായി ലഭിക്കാത്തതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഇഎസ് തൊടുപുഴയില്‍ ഇന്നലെ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. ഈ ധര്‍ണയ്‌ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് കെ.കെ സദാനന്ദന്‍ ബിഎംഎസിന്റെ ധര്‍ണയില്‍ എത്തിയത്.
തുടര്‍ന്ന് സിഐറ്റിയു നേതൃത്വം നല്‍കുന്ന സംഘടനയില്‍ നിന്ന് രാജിവച്ച് ബിഎംഎസിന്റെ തൊഴിലാളി സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കെ.കെ സദാനന്ദന്റെ രാജി സിഐറ്റിയുവിന് വന്‍ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും തൊഴിലാളികളുടെ ശമ്പളം പോലും കൃത്യമായി നല്‍കാത്തതില്‍ സിഐറ്റിയുവിനുള്ളില്‍ വന്‍ വിഭാഗീയത നിലനില്‍ക്കുകയാണ്. സദാനന്ദന്റെ രാജിയെത്തുടര്‍ന്ന് കൂടുതല്‍ പേര്‍ കെഎസ്ആര്‍ടിഇഎ (സിഐടിയു)യില്‍ നിന്ന് പുറത്ത് വരുമെന്നാണ് പ്രചരിക്കുന്നത്.
സദാനന്ദന്‍ വണ്ണപ്പുറം ചീങ്കല്‍ സിറ്റി സ്വദേശിയാണ്. സദാനന്ദന്‍ 18 വര്‍ഷമായി സിപിഎം പ്രവര്‍ത്തകനാണ്. മൂന്ന് വര്‍ഷമായി സിഐറ്റിയുവിന്റെ തൊഴിലാളി സംഘടനയുടെ ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിക്കുകയായിരുന്നു. സദാനന്ദനെ ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.
ധര്‍ണയില്‍ കെഎസ്ടി ഇഎസ് (ബിഎംഎസ് ) ജില്ലാ സെക്രട്ടറി ഷിനോയി പി മണി, ബിഎംഎസ് മേഖല സെക്രട്ടറി കെ.ആര്‍ വിജയന്‍, ജോയിന്റ് സെക്രട്ടറി ജി.ജി ഹരികുമാര്‍, ശ്രീജേഷ് ബി നായര്‍, സുരേഷ്‌കുമാര്‍,എന്നിവര്‍ പ്രസംഗിച്ചു.
















