കൊല്ലം: ജില്ലയിലെ ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു.
കളക്‌ട്രേറ്റില്‍ ചേര്‍ന്ന എംഎല്‍എ പ്രാദേശികവികസന ഫണ്ട് പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തൃക്കോവില്‍വട്ടം കുടിവെള്ള പദ്ധതി മാര്‍ച്ച് മാസം കമ്മീഷന്‍ ചെയ്ത് ജലവിതരണം ആരംഭിക്കണമെന്ന് ജല അതോറിറ്റി അധികൃതരോട് മന്ത്രി നിര്‍ദേശിച്ചു. കൊറ്റങ്കര പഞ്ചായത്തിലെ മീനാക്ഷിവിലാസം കുളം സംരക്ഷണം, പെരിനാട് പഞ്ചായത്തിലെ ജലസ്രോതസുകളുടെ പുനരുദ്ധാരണം എന്നിവ ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണം. ജലവിതരണവുമായി ബന്ധപ്പെട്ട് വകുപ്പ്തലത്തില്‍ ലഭിക്കേണ്ട ഉത്തരവുകള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ ഹൈമാസ്റ്റ്‌ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പരിശോധനയും ഗുണമേന്മയും ഉറപ്പാക്കുന്നതിന് കുണ്ടറ കെല്‍, കെഎസ്ഇബി, പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം എന്നിവയുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാകളക്ടര്‍ മിത്ര.ടി, എഡിസി ജനറല്‍ വി.സുദേശന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായി.
















