കൊല്ലം: കേന്ദ്രഫണ്ട് വിനിയോഗിച്ച് നടത്തിയ ദേശീയ സരസ്‌മേളയുടെ കണക്ക് പുറത്തുവിടാതെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്. കണക്ക് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവെന്ന് പറയുന്നതല്ലാതെ അതിന്റെ രേഖകള്‍ പ്രസിദ്ധീകരിക്കാന്‍ വകുപ്പ് മേധാവികള്‍ ഇതുവരെ തയാറായിട്ടില്ല.
സരസ് മേളയില്‍ അഴിമതി നടന്നുവെന്നുള്ള ആരോപണം ശരിവയ്‌ക്കുന്നതാണ് കുടുംബശ്രീ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ സൂചിപ്പിക്കുന്നത്. ഓണത്തിനോടനുബന്ധിച്ച് സെപ്തംബര്‍ ഒന്നിനാണ് ആശ്രാമംമൈതാനിയില്‍ സരസ് മേളക്ക് തുടക്കം കുറിച്ചത്. ഏഴുദിവസം നീണ്ടുനിന്ന മേളയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
പഴയ ഐആര്‍ഡിപി മേളയും അതിനുള്ള കേന്ദ്രവിഹിതവും കൂടി ലയിപ്പിച്ചാണ് ദേശീയ സരസ്‌മേള സംഘടിപ്പിച്ചത്. ഇതിന്റെ സംഘാടകരാകട്ടെ ഭരണമുന്നണിയില്‍പ്പെട്ടവരും. സിപിഎം ആധിപത്യത്തിലുള്ള കുടുംബശ്രീയാണ് നടത്തിപ്പ് ചുമതല വഹിച്ചതും. കേന്ദ്രസര്‍ക്കാരിന്റെ സഹായധനം ആദ്യം തന്നെ അധികൃതര്‍ കൈപ്പറ്റിയിരുന്നു. കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ സഹായത്തോടെ കേരള തദ്ദേശസ്വയംഭരണവകുപ്പ്, ജില്ലാപഞ്ചായത്ത്, കൊല്ലം കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ സംഘടിപ്പിച്ച ദേശീയ സരസ്‌മേള അധികൃതര്‍ക്ക് അഴിമതി നടത്താനുള്ള വേദിയാക്കി മാറ്റുകയായിരുന്നു. കേന്ദ്രപ്രതിനിധികളെ ഉള്‍പ്പെടുത്താതെ നടത്തിയ മേള അന്നുതന്നെ ചര്‍ച്ചയായിരുന്നു.
ജില്ലാ കുടുംബശ്രീമിഷന്‍ ഓഫീസര്‍ വന്‍അഴിമതി നടത്തിയെന്ന് യുവമോര്‍ച്ച അടക്കമുള്ളമുള്ള സംഘടനകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. കണക്ക് പ്രസിദ്ധീകരിക്കാത്ത പക്ഷം വന്‍പ്രക്ഷോഭത്തിലേക്ക് യുവജന സംഘടനകള്‍ മുന്നോട്ട് വരുമെന്നാണ് സൂചന.
















