ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ സാക്ഷരതാ നിരക്കില്‍ വര്‍ധനവും പുരോഗതിയുമുണ്ട്. പക്ഷെ, ലിംഗ അസമത്വം ഇപ്പോഴും തുടരുന്നു. പ്രത്യേകിച്ചും ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍. കേരളം പോലുള്ളസംസ്ഥാനങ്ങളുടെ കാര്യമല്ല പറഞ്ഞത്.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറവാണ്. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2005 ലെ റിപ്പോര്‍ട്ട് പ്രകാരം സയന്‍സില്‍ ഡോക്ടറേറ്റ് നേടുന്ന സ്ത്രീകള്‍ 37 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ-പ്രത്യേകിച്ചും പിന്നാക്കക്കാരായവരെ പഠനത്തിലേക്ക് ആകര്‍ഷിക്കുകയാണ് സഹോദരിമാരായ ദീപ്തി റാവു സുചീന്ദ്രനും, അദിതി പ്രസാദും.
വിരസമായ വിദ്യാഭ്യാസത്തിന് വിരാമം നല്‍കുക എന്ന ലക്ഷ്യത്തോടെ പഠനം രസകരമാക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് റോബോട്ടിക്സ് പഠന രീതി അടിസ്ഥാന സൗകര്യം പോലും നിഷേധിക്കപ്പെട്ട, അനാഥരായ പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുകയാണ് അദിതിയും ദീപ്തിയും. ന്യൂറോസയന്റിസ്റ്റാണ് ദീപ്തി.
2009 ലാണ് ഇരുവരും ചേര്‍ന്ന് റോബോട്ടിക്സ് ലേണിങ് സൊലൂഷ്യന്‍സ് എന്ന കമ്പനി രൂപീകരിച്ചത്. റോബോട്ടിക്സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് അദിതി. ദീപ്തി ചീഫ് ഇന്നൊവേഷന് ഓഫീസറും, നവീനാശയമുള്ള ഭാവി തലമുറയ്ക്ക് പ്രചോദനമാവുകയെന്നതാണ് ലക്ഷ്യം. ചെറുപ്പം തൊട്ടെ അദിതിയും ദീപ്തിയും വിദ്യാഭ്യാസ മേഖലയോട് അതിയായ താല്പര്യം പുലര്‍ത്തിയിരുന്നു. അച്ഛനാണ് ഇതിന് കാരണം. പലപല വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അദ്ദേഹം ഇരുവരേയും പ്രോത്സാഹിപ്പിച്ചു. നിരീക്ഷണങ്ങളിലൂടെയും രസകരമായ മാര്‍ഗ്ഗങ്ങളിലൂടെയും ശാസ്ത്ര തത്വങ്ങള്‍ കണ്ടെത്താനുള്ള രീതിയും പഠിപ്പിച്ചുകൊടുത്തു. ഇതാണ് തുടക്കം.
സ്കൂള്‍ വിദ്യാഭ്യസ ശേഷം അദിതി, പൂനയിലെ ഐഎല്‍എസ് ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി. അണ്ണ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോ ടെക്നോളജി എഞ്ചിനീയറിംഗിലാണ് ദീപ്തി ബിരുദം നേടുന്നത്. തുടര്‍ന്ന് ചാപ്പല്‍ഹില്ലിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയില്‍ നിന്ന് ന്യൂറോഫിസിയോളജിയില്‍ പിഎച്ച്ഡിയെടുത്തു. പിന്നീട് വിദ്യാഭ്യാസ മേഖലയില്‍ തന്നെ ശ്രദ്ധേകേന്ദ്രീകരിക്കാന്‍ ഇരുവരും തീരുമാനിച്ചു. തുടര്‍ന്നാണ് ഇന്ത്യന്‍ ഗേള്‍സ് കോഡ് എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കമിടുന്നത്. കുട്ടികള്‍ ഈ പഠനരീതിയോട് താല്പര്യം പുലര്‍ത്തുന്നുണ്ട്. സമഗ്രമായ വിദ്യാഭ്യാസമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആപ്ലിക്കേഷനുകള്‍ അടിസ്ഥാനമാക്കിയുള്ള മേഖലകളോട് പെണ്‍കുട്ടികള്‍ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന് ദീപ്തി പറയുന്നു. ദിനംപ്രതി വികസിച്ചുവരുന്ന സാങ്കേതിക വിദ്യയുടെ മൂല്യം പെണ്‍കുട്ടികള്‍ മനസ്സിലാക്കുന്നു.
തുടക്കമെന്ന നിലയില്‍ തിരുച്ചിറപ്പള്ളിയിലെ അണ്ണൈ ആശ്രമത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആറ് വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള അനാഥ പെണ്‍കുട്ടികളാണ് ഇവിടുത്തെ അന്തേവാസികള്‍. പഠനം സൗജന്യമാണ്. നേടിയ അറിവ് അവര്‍ പ്രയോജനപ്പെടുത്തുന്നത് കാണുന്നതാണ് സന്തോഷമെന്ന് അദിതിയും ദീപ്തിയും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: