കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ഇന്ന് തൃക്കൈക്കാട്ട് സ്വാമിയാര്‍മഠം മൂപ്പില്‍ സ്വാമിയാര് വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാര്‍ക്ക് വരവേല്‍പ്പ് നല്‍കും. രാവിലെ 9ന് ക്ഷേത്രത്തില്‍ എത്തുന്ന മൂപ്പില്മഠം സ്വാമിയാരെ ദേവസ്വം ഭരണാധികാരി സി.എന്‍.ശങ്കരന് നമ്പൂതിരി പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം സ്വാമികള്‍ക്ക് ഭിക്ഷ സമര്‍പ്പിക്കും. ചടങ്ങില്‍ ക്ഷേത്രംതന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരി, മേല്‍ശാന്തി മാച്ചിപ്പുറം വിഷ്ണുപ്രസാദ്, ഊരാണ്മയോഗം പ്രസിഡന്റ് താന്നിക്കാട്ട് പരമേശ്വരന് നമ്പൂതിരി, ഊരാണ്മ കുടുംബാംഗങ്ങള്‍ മുതലായവര്‍ പങ്കെടുക്കും. ഭിക്ഷയ്ക്ക് ശേഷം ഭക്തജനങ്ങള്‍ക്ക് ഫലമൂലാദികള്‍ വച്ച് നമസ്ക്കരിക്കുവാന്‍ അവസരം ഉണ്ടായിരിക്കും.
















