തത്തമംഗലം: മാലിന്യ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ ബയോഗ്യാസ് യൂണിറ്റുകള്‍ നല്കുന്നതില് ക്രമക്കേടെന്ന്പരാതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപേക്ഷകരെ അവഗണിക്കുകയായിരുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ബയോഗ്യാസ് യൂണിറ്റിനായി നിരവധിപ്പേര്‍ അപേക്ഷ നല്‍കിയിരുന്നു.പതിനയ്യായിരം രൂപയോളം വിലവരുന്ന ഒരു യൂണിറ്റിന് 2500 രൂപ നല്കിയാല് മതിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ബാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും.പക്ഷെ സബ്സിഡിയെച്ചൊല്ലിയും മറ്റും പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഇത് ഉപേക്ഷിച്ചു.
അതേസമയം ജില്ലയില്‍ നിരവധി പ്രദേശങ്ങളില്‍ ഇപ്രകാരം ഗ്യാസ് യൂണിറ്റുകള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴി നല്‍കിയിട്ടുണ്ട്.
പുതിയ ഭരണസമിതി വന്നപ്പോഴും പ്രശ്നം തുടര്‍ന്നെങ്കിലും ഗുണഭോക്താക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 3000 രൂപക്ക് ഗ്യാസ് യൂണിറ്റ് നല്കാന് തയ്യാറായി. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ ഉത്തരവാദിത്തത്തില്‍ അപേക്ഷയും പണവുംസ്വീകരിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ബയോഗ്യാസ് പദ്ധതി യാഥാര്‍ഥ്യമായില്ല.
അതിനിടെയാണ് ചില വീടുകളില്‍ ഇത് സ്ഥാപിക്കുന്നതിനുള്ള ശ്രമവും നടന്നു. ഗ്യാസ് ടാങ്കും,പൈപ്പും, അടുപ്പും അടങ്ങുന്ന യൂണിറ്റ് നഗരസഭയില്‍ നിന്ന് സ്വന്തം ചെലവില്‍ കൊണ്ടുപോകാനാണ് അധികൃതര്‍ ആവശ്യപ്പെട്ടത്.
എന്നാലിത് ബന്ധപ്പെട്ട ഏജന്റുമാര്‍ സ്ഥാപിച്ചിട്ടുമില്ല. അതേസമയം പണം അടച്ചഭൂരിപക്ഷംപേര്ക്കും ലഭിച്ചിട്ടില്ല. സ്വജനപക്ഷപാതവും രാഷ്ടീയ താത്പര്യവുമാണ് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: