ഇടുക്കി: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കേ പദ്ധതി നടത്തിപ്പില്‍ സജീവമായി പങ്കെടുത്ത് ലക്ഷ്യം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം ജില്ലാതല ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായ മേല്‍നോട്ടം വഹിക്കണം. പദ്ധതി നടത്തിപ്പില്‍ ജില്ലയ്ക്കുള്ള മുന്‍നിര സ്ഥാനം നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധവേണമെന്നും എഡിഎം കെകെആര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സമിതി നിര്‍ദേശിച്ചു.
ജില്ലാ വികസന സമിതിയോഗം ചേരുന്ന സമയം ജില്ലയില്‍ മറ്റ് സര്‍ക്കാര്‍ പരിപാടികള്‍ വയ്ക്കരുതെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ നിയമാനുസൃതമായി നടപ്പിലാക്കാന്‍ നടപടി കൈക്കൊള്ളണമെന്നും ആവശ്യമുയര്‍ന്നു. റീസര്‍വെ നടപടികളുടെ ജില്ലാതല അവലോകനം എല്ലാമാസവും കളക്ട്രേറ്റില്‍ നടക്കുന്നുണ്ടെന്ന് സമിതിയെ അറിയിച്ചു.
സര്‍വെ പരാതികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ അപേക്ഷകള്‍ക്ക് ആനുപാതികമായി നിയമിച്ചിട്ടുണ്ട്. പട്ടയം നല്‍കാനുള്ള നടപടികളും ജില്ലയില്‍ ഊര്‍ജിതമായി നടക്കുകയാണ്. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ സജ്ജമായി വരികയാണെന്ന് ഡിഎംഒ അറിയിച്ചു. ദേവികുളം സിഎച്ച്സി കെട്ടിടം അടിയന്തിരമായി കൈമാറാന്‍ ജില്ലാ വികസന സമിതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. ജില്ലാപഞ്ചായത്തിന്റെ കെട്ടിടം വാടകയ്ക്ക് ലഭിക്കുകയും മറ്റ് സൗകര്യങ്ങള്‍ ലഭ്യമാകുകയും ചെയ്യുന്ന മുറയ്ക്ക് ചെറുതോണിയില്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാന്‍ വിദ്യാലയ പരിസരങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാത്രികാല പെട്രോളിങിന് സ്പെഷ്യല്‍ സ്ക്വാഡ്, നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് എന്നിവയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. ശ്രീമന്ദിരം ശശികുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സമിതിയോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: