ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും കനത്ത മഞ്ഞിടിച്ചില്‍. കശ്മീരിലെ കുപ് വാര ജില്ലയിലാണ് ഇന്ന് രാവിലെ മഞ്ഞിടിച്ചില്‍ ഉണ്ടായത്. സംഭവത്തില്‍ അഞ്ചുസൈനികരെ കാണാതായി. മഞ്ഞുമൂടിയ വഴികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പ്രദേശത്ത് ഊര്‍ജിതമായി തുടരുകയാണ്.
ഏറ്റവും കടുത്ത തണുപ്പാണ് കശ്മീരില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. താപനില മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസാണ്.മഞ്ഞുവീഴ്ച കഠിനമായതിനെത്തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത അടഞ്ഞ് കിടക്കുന്നു.
ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും നിര്‍ത്തി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്ത് മഞ്ഞു വീഴ്ച ഇനിയും നിലച്ചിട്ടില്ല. മഞ്ഞു വീഴ്ചയെ തുടര്‍ന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പര്‍വ്വതപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹസികോദ്യമങ്ങള്ക്കൊന്നും തുനിയരുതെന്നും സൈന്യം നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഗുരെസ് സെക്ടറില്‍ മഞ്ഞിടിച്ചിലില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് രണ്ടു തവണയായി ഹിമപാതമുണ്ടായത്.
ഒരു ജൂനിയര്‍ ഓഫീസര്‍ ഉള്‍പ്പെടെ ഏഴു സൈനികരെ കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു.മഞ്ഞിനടിയില്‍ അകപ്പെട്ട ഏതാനും പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ച്ചയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: