പത്തനംതിട്ട: സമയബന്ധിതമായി ശാസ്ത്രീയ പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തി പൊതു നിര്‍മ്മിതികളുടെ സുസ്ഥിതി ഉറപ്പുവരുത്താന്‍ നിര്‍മ്മാണ വകുപ്പുകളേയും ഏജന്‍സികളേയും നിര്‍ബന്ധമാക്കുന്ന നിയമനിര്‍മ്മാണം അടിയന്തരമായി സര്‍ക്കാര്‍ നടത്തണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടേയും നിര്‍മ്മാണ പ്രവൃത്തികളില്‍ നല്ല പങ്കും അവശ്യം വേണ്ട നിര്‍മ്മാണാനന്തര നടപടികളുടെ അഭാവം മൂലം നാശത്തിന്റെ വക്കിലാണ്. പാലങ്ങള്‍, കെട്ടിടങ്ങള്‍, അണക്കെട്ടുകള്‍, തുടങ്ങിയ നിര്‍മ്മിതികളുടെ ഘടനയ്‌ക്ക് യാതൊരു കേടുപാടുകളും വരുത്താതെ അവയുടെ ബലക്ഷയം ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ കഴിയും.
വര്‍ഷാവര്‍ഷം ഈ വിധം പരിശോധന നടത്തിയാല്‍ ഉചിതമായ പരിഹാര നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കാം. പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ഉള്ള ഗവേഷണ സ്ഥാപനങ്ങളുടേയും എഞ്ചിനീയര്‍മാരുടേയും ശേഷി പ്രയോജനപ്പെടുത്തി ഇത്തരം പരിശോധനകള്‍ നടത്താം. ഇതിന് കര്‍ശനമായ നിയമം ആവശ്യമാണ്.
റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതും അവ യഥാസമയം പുനര്‍നിര്‍മ്മാണം നടത്താത്തതും സംസ്ഥാനത്ത് നിരവധി അപകട മരണങ്ങള്‍ക്കും, സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നു. സര്‍ക്കാര്‍വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് ഇതിനു കാരണം.
പൊതുമരാമത്ത് കെട്ടിടവിഭാഗത്തില്‍ അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്യുന്നതിന് യാതൊരു നടപടിയുമില്ല. കരാറുകാര്‍ മുന്‍കൈ എടുത്ത് എഞ്ചിനീയര്‍മാരെക്കൊണ്ട് അടങ്കല്‍ തയ്യാറാക്കി ചീഫ് എഞ്ചിനീയര്‍ തലത്തിലെത്തിക്കുന്ന പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
















