തിരുവനന്തപുരം: അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസിനെ തുടരാന്‍ അനുവദിക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് വാക്കാലുള്ള വിമര്‍ശനം.
കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ടോംജോസിനെയും മറ്റ് അഴിമതിക്കാരെയും ചിഫ് സെക്രട്ടറി ബോധപൂര്‍വ്വം സംരക്ഷിക്കുന്നത് എന്തിനെന്നും അതിനുള്ള അധികാരം ചീഫ് സെക്രട്ടറിക്ക് ആരു നല്‍കിയെന്നും കോടതി ചോദിച്ചു. ടോംജോസ് അഴിമതി നടത്തി എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുന്നതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ കോടതി ചോദിച്ചു. കൃത്യമായ മറുപടി നല്കാന് പ്രോസിക്യൂഷന് സാധിച്ചില്ല.
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ ഫയലുകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തി വയ്ക്കുന്നു എന്ന് കാണിച്ച് പൊതു പ്രവര്ത്തകന് പായ്ച്ചിറ നവാസാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ടോം ജോസിനെതിരെയുള്ള ഫയലുകള്‍ വിജിലന്‍സ് ഡയറ്ക്ടറോടും മുന്‍ ഡിജിപി സെന്‍കുമാറിനെതിരെയുള്ള ഫയലുകള്‍ ആഭ്യന്തര സെക്രട്ടറിയോടും ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഫയലുകള്‍ കോടതിക്ക് കൈമാറി.
ഫയലുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ടോം ജോസിനെതിരെയുള്ള ആരോപണം നില നില്‍ക്കുന്നതാണെന്ന് കോടതി വിലയിരുത്തിയത്. ഇത്തരത്തിലുള്ള ഫയലുകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തിവയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി പറഞ്ഞു. കൂടുതല്‍ വാദത്തിന് കേസ് അടുത്തമാസം ആറിലേക്കു മാറ്റി.
ചീഫ് സെക്രട്ടറിയുടെ നിലനില്‍പ്പ് പരുങ്ങലില്‍
തിരുവനന്തപുരം: ടോം ജോസിനെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്തിന് എന്ന വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ചീഫ് സെക്രട്ടറി വിജയാനന്ദിന്റെ നിലനില്‍പ്പ് പരുങ്ങലിലാക്കുന്നു. ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ച അന്വേഷണ ഫയലുകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തി വച്ചു എന്ന് കോടതി നിരീക്ഷണത്തില്‍ വ്യക്തമാണ്.
കെഎംഎംഎല്‍ മഗ്നീഷ്യം ഇറക്കുമതിക്കേസിലും അനധികൃത സ്വത്ത് സമ്പാദനക്കേസിലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥനാണ് ടോം ജോസെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ടോംജോസ് അഡി.ചീഫ് സെക്രട്ടറിസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്നല്കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ടോംജോസിനെ സസ്പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
സര്‍വ്വീസിലുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെങ്കില്‍ ചീഫ് സെക്രട്ടറി അന്വേഷിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണം. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം എടുത്തു. ബന്ധപ്പെട്ട വകുപ്പുകളില്‍ ജീവനക്കാര്‍ അവധിയിലായിരുന്നു എന്നാണ് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചത്. ഇതിനെയും കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: