മുളങ്കുന്നത്തുകാവ്: വിദ്യാര്‍ത്ഥിനിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ ഡ്യൂട്ടിക്കെത്തിയതിനെത്തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം. കഴിഞ്ഞദിവസം അറസ്റ്റിലായ ഡോ. ഹബീബ് മുഹമ്മദ് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ഡ്യൂട്ടിക്കെത്തുകയായിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തതായി നേരത്തെ ആരോഗ്യസര്‍വകലാശാല അധികൃതര്‍ പറഞ്ഞിരുന്നു. സസ്പെന്റ് ചെയ്ത അധ്യാപകന് ഡ്യൂട്ടിക്കെത്തിയത് എങ്ങനെ എന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. പിജി വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് തനിക്ക് കിട്ടിയിട്ടില്ലെന്ന് ഡോ. ഹബീബ് മുഹമ്മദ് പറയുന്നു. വാര്‍ഡില്‍ രോഗികളെ പരിശോധിക്കാനെത്തിയ ഹബീബ് മുഹമ്മദിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന് തീയേറ്ററിനുള്ളില്വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചസംഭവം ഉണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന സ്ത്രീയുടെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ച കേസിലും ഡോ. ഹബീബ് മുഹമ്മദ് ആരോപണ വിധേയനാണ്. ഈ സംഭവത്തെത്തുടര്‍ന്നാണ് ഇയാളെ തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. സസ്പെന്ഷന് ഉത്തരവ് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സിപിഎമ്മുമായി അടുപ്പം പുലര്‍ത്തുന്ന ഡോ. ഹബീബിനെ രക്ഷിക്കാന്‍ സര്‍വകലാശാല തലത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. ഇതിന്റെ ഭാഗമായി സസ്പെന്ഷന് ഉത്തരവ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതേസമയം ഡോ. ഹബീബ് മുഹമ്മദിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: