കാണ്‍പൂര്‍: ടെസ്റ്റ്, ഏകദിനങ്ങളിലെ പരമ്പര വിജയത്തിനുശേഷം ട്വന്റി 20 പരമ്പരക്കിറങ്ങിയ ടീം ഇന്ത്യക്ക് അടിതെറ്റി. റിപ്പബ്ലിക്ക് ദിനത്തില്‍ കാണ്‍പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കോഹ്ലിക്കൂട്ടം ഇംഗ്ലണ്ടിനോട് തോറ്റത്. വിജയത്തോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. ക്യാപ്റ്റനെന്ന നിലയിലുള്ള കോഹ്ലിയുടെ ട്വന്റി 20 അരങ്ങേറ്റം തോല്‍വി നിറഞ്ഞതുമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തപ്പോള്‍ 11 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി. 38 പന്ത് നേരിട്ട മോര്ഗന്, നാലു സിക്സും ഒരു ബൗണ്ടറിയുമുള്‍പ്പെടെ 51 റണ്‍സെടുത്തു. റൂട്ട് 45 പന്തില്‍ 45 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ചാഹല്‍ രണ്ടും റസൂല്‍ ഒരു വിക്കറ്റും വീഴ്ത്തി.
അരങ്ങേറ്റ താരം പര്‍വേസ് റസൂലിന് പുറമെ, ഏകദിന ടീമില്‍ ഇല്ലാതിരുന്ന യുസ്വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ആശിഷ് നെഹ്റ, സുരേഷ് റെയ്ന എന്നിവര്‍ക്ക് ഇന്ത്യ ആദ്യ മല്‍സരത്തില്‍ അവസരം നല്കി. അവസാന ഏകദിനത്തില്‍ കളിച്ച ടീമില്‍ ഇംഗ്ലണ്ട് നാലു മാറ്റങ്ങള്‍ വരുത്തി ടൈമല്‍ മില്‍സ്, ജോ റൂട്ട്, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ് എന്നിവര്‍ ടീമിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 147 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 27 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സുരേഷ് റെയ്ന 23 പന്തില്‍ 34ഉം ക്യാപ്റ്റന്‍ വിരാട് കോഹ്ലി 26 പന്തില്‍ 29 റണ്‍സും നേടി. ബാക്കി ക്രീസിലെത്തിയവരെല്ലാം നിരാശപ്പെടുത്തി. രാഹുല്‍ (8), യുവരാജ് (12), മനീഷ് പാണ്ഡെ (3), ഹാര്‍ദിക് പാണ്ഡ്യ (9), അരങ്ങേറ്റക്കാരന്‍ പര്‍വേസ് റസൂല്‍ (5) എന്നിങ്ങനെയാണ് ഇന്നിങ്ങ്സില്‍ സംഭാവന നല്‍കിയത്. ഇംഗ്ലണ്ടിനായി മോയിന്‍ അലി രണ്ടും മില്‍സ്, ജോര്‍ദാന്‍, പ്ലങ്കറ്റ്, സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സിന്റെ താരതമ്യേന ദുര്‍ബലമായ വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും സാം ബില്ലിങ്സും ചേര്‍ന്ന് 3.2 ഓവറില്‍ 42 റണ്‍സ് അടിച്ചുകൂട്ടി മികച്ച തുടക്കം നല്കി. ആശിഷ് നെഹ്റയെറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രം നേടിയ അവര്‍, യുവതാരം ജസ്പ്രീത് ബുംറയെറിഞ്ഞ രണ്ടാം ഓവറില്‍ 20 റണ്‍സ് നേടി ലക്ഷ്യം വ്യക്തമാക്കി. എന്നാല്‍ മൂന്ന് പന്തുകളുടെ ഇടവേളകളില്‍ രണ്ട് ഓപ്പണര്‍മാരെയും ചാഹല്‍ പുറത്താക്കിയെങ്കിലും ഇന്ത്യക്ക് പിടിമുറുക്കാനുള്ള അവസരം അതിനിടെ നഷ്ടമായിരുന്നു.
പിന്നീട് ജോ റൂട്ടും മോര്‍ഗനും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിഷ്പ്രഭരായി. 11.3 ഓവര്‍ നീണ്ട കൂട്ടുകെട്ടില്‍ ഇരുവരും സ്വന്തമാക്കിയത് 83 റണ്‍സ്. അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ മോര്ഗന് അരങ്ങേറ്റ താരം പര്‍വേസ് റസൂലിന് കന്നിവിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും ബെന്‍ സ്റ്റോക്സിനെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. മോയിന്‍ അലി മാന്‍ ഓഫ് ദി മാച്ച്.
രണ്ടാം ട്വന്റി 20 മത്സരം നാളെ നാഗ്പൂരില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: