കൊല്ലങ്കോട്: പരിസ്ഥിതി ദുര്‍ബല പ്രദേശമായ മുതലമടയില്‍ നിയമം കാറ്റില്‍പറത്തി നിരവധി ഇഷ്ടികചൂളകള്‍ പ്രവര്‍ത്തിക്കുന്നു.കൊല്ലങ്കോട് പോലീസ് നടത്തിയ പരിശോധനയില്‍ ഇഷ്ടിക കയറ്റിയ ലോറിയും നാല് ടിപ്പറുകളും ഇന്നലെ പിടികൂടി.
റവന്യൂ വകുപ്പ് പലതവണ സ്റ്റോപ്പ് മെമ്മോ നല്കിയ ഇഷ്ടിക ചൂളകളില്‍ നിന്നാണ് ഇവ കൊണ്ടുപോകുന്നത്. ജിയോളജി, പഞ്ചായത്ത്, റവന്യൂ വകുപ്പുകളുടെ അനുമതിയില്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനം.ഈ ചൂളകളില്‍ നിന്നും ലക്ഷക്കണക്കിന് ഇഷ്ടികകളാണ് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലേക്ക് കൊണ്ടുപോകുന്നത്. കൂടാതെ പച്ച ഇഷ്ടികകളും തൃശ്ശൂരിലുള്ള ഓട്ടുകമ്പനിയിലേക്ക് കടത്തികൊണ്ടുപോകുന്നതായും പറയുന്നു.
കഴിഞ്ഞദിവസം മുതലമടയില്‍ കലക്ടര്‍ പരിശോധന നടത്തിയിരുന്നു.ലക്ഷക്കണക്കിന് ഇഷ്ടികകള്‍ പിടിച്ചെടുക്കുകയുമുണ്ടായി. രാത്രിയായതിനാല്‍ ഒരു ചൂളയില്‍ മാത്രമാണ് പരിശോധന നടന്നത്. വീടുകെട്ടുന്നതിനായി വായ്പയെടുത്തവര്‍ക്കുള്ള ഇഷ്ടിക നല്‍കുന്നതിനായി യന്ത്രയഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ചൂളക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
അതേസമയം 200 ഓളംഅന്യസംസ്ഥാന തൊഴിലാളികള്‍ യന്ത്രസഹായത്തോടെ പ്രവര്‍ത്തിക്കന്ന ഇഷ്ടികചൂളകള്‍ പരിശോധിക്കാനോ നടപടിയെടുക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
പറയമ്പള്ളം,പലകപ്പാണ്ടി, വെള്ളാരംകടവ,്നീലംകാച്ചിപ്പുഴ,കരടികുന്ന്,ചപ്പക്കാട്,ചുള്ളിയാര്‍ ഡാം പ്രദേശങ്ങളിലും മലയോര ദുര്‍ബലപ്രദേശങ്ങളിലും നിരവധി ഇഷ്ടികചൂളകളാണ് പ്രവര്‍ത്തിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: