പനാജി: തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം; ഗോവയില്‍ പോരാട്ടം ശക്തം. ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് തീവ്ര ശ്രമം തുടരുമ്പോള്‍ ഉറച്ച കോട്ട നിലനിര്‍ത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബിജെപി. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ട്. 40 നിയോജകമണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായി ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്.
2000ലാണ് ഗോവയില്‍ ആദ്യമായി ബിജെപി അധികാരത്തിലെത്തിയത്. അതിന്റെ മേന്മ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന് സ്വന്തം. 2000 ഒക്ടോബര്‍ മുതല്‍ 2005 ഫെബ്രുവരി വരെ പരീഖര്‍ ഗോവ ഭരിച്ചു. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനാവാതെ വന്നതോടെ ഭരണം കോണ്‍ഗ്രസ് തിരികെ പിടിച്ചു. എന്നാല്‍, പി.എസ്. റാണെയുടെ ഭരണത്തിനും ഭൂരിപക്ഷം ലഭിക്കാതായതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം. തുടര്‍ന്ന് പി.എസ്. റാണെയും ദിഗംബര്‍ കാമത്തും ചേര്‍ന്ന് 2012 വരെ കോണ്‍ഗ്രസ് ഭരണം തുടര്‍ന്നു.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഗോവയില്‍ രണ്ടാംവട്ടവും പരീഖര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. 2014 നവംബറില്‍ പരീഖര്‍ കേന്ദ്രപ്രതിരോധമന്ത്രിയായി. ഇതോടെ ലക്ഷ്മീകാന്ത് പര്സേക്കറായി മുഖ്യമന്ത്രി. ഇത്തവണ പര്‍സേക്കറിന്റെ നേതൃത്വത്തിലാണ് ഗോവയില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും പരീഖറുടെ വ്യക്തിപ്രഭാവം ജയം സുനിശ്ചിതമാക്കുന്നു.
2012ല്‍ നാല്പ്പതില് 21 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയതെങ്കില്‍ ഇത്തവണ 20 മുതല്‍ 24 വരെ സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 13ല്‍ ഒതുങ്ങുമെന്നും ആംആദ്മി പാര്‍ട്ടിക്ക് രണ്ടു സീറ്റ് ലഭിക്കുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് 1963ല്‍ മോചനം നേടിയ ഗോവയില്‍ ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് യാതൊരു പ്രഭാവവും സൃഷ്ടിക്കാന്‍ കഴിയില്ലെന്നും സര്‍വേകള്‍ പറയുന്നു.
250ഓളം സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ മാണ്ട്രേം മണ്ഡലത്തില്‍ നിന്നു തന്നെ വീണ്ടും ജനവിധി തേടുന്നു. 2002 മുതല്‍ പര്സേക്കറാണ് മണ്ഡലത്തിന്റെ ജനപ്രതിനിധി. 36 മണ്ഡലങ്ങളിലാണ് ബിജെപി നേരിട്ട് മത്സരിക്കുന്നത്. നാലിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നു. പതിനെട്ട് സിറ്റിങ് എംഎല്‍എമാരാണ് ബിജെപി ടിക്കറ്റില്‍ വീണ്ടും മത്സരിക്കുന്നത്. കോണ്‍ഗ്രസും 36 സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.
നാലിടത്ത് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മിക്ക മണ്ഡലങ്ങളിലും പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. 2012ല്‍ മത്സര രംഗത്തുണ്ടായിരുന്ന 72 സ്വതന്ത്രര്‍ 17 ശതമാനം വോട്ട് നേടി. ശനിയാഴ്ച വൈകിട്ട് പനാജിയിലെ എസ്എജി മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയോടെ തെരഞ്ഞെടുപ്പ് രംഗത്ത് മേല്‍ക്കൈ നേടാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: