കൊയിലാണ്ടി: കളിവിളക്കിന് മുന്നില്‍ കെട്ടിയാടുന്ന കൃഷ്ണവേഷത്തിന് ഇനി പത്മശ്രീ തിളക്കവും. 103-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ക്ക് പത്മശ്രീ പുരസ്കാരം വൈകിയെത്തിയ അംഗീകാരമാണ്. അഭിനയ സിദ്ധികൊണ്ട് ആസ്വാദക മനസ്സുകളില്‍ അനേകായിരം പുരസ്കാരങ്ങള്‍ ഗുരുവിന്റേത് മാത്രമായി കഴിഞ്ഞിട്ടുണ്ട്. ഗുരുവിന്റെ കൃഷ്ണവേഷം കാണാന്‍ മാത്രമായി കഥകളി പ്രേമികള്‍ കളിവിളക്കിന് ചുറ്റു ഒത്തുകൂടിയിരുന്നു. എണ്ണിയാല്‍ തീരാത്തത്ര ശിഷ്യ സമ്പത്താണ് ചേലിയയുടെ ഈ പ്രിയ ഗുരുവിനുള്ളത്.
കൊല്ലവര്‍ഷം 1091ല്‍ മിഥുനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് കുഞ്ഞിരാമന്‍നായര്‍ ജനിച്ചത് (1916 ജൂണ്‍ 26). കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ചേലിയ ഗ്രാമത്തില്‍ ജനനം. മടയന്‍കണ്ടി ചാത്തുക്കുട്ടി നായരുടെയും കുഞ്ഞിമ്മക്കുട്ടി അമ്മയുടെയും മകനായാണ് ജനനം.
ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂളില്‍ നാലാം ക്ലാസുവരെ മാത്രം പഠനം. 15-ാം വയസ്സില്‍ കഥകളി പഠനം. പിന്നീട് കേരളത്തിലെ നിരവധി കളിയോഗങ്ങളില്‍ നിറസാന്നിദ്ധ്യമായി. തുടര്‍ന്ന് നൃത്തരംഗത്തേക്ക് പ്രവേശിച്ചു. കലാമണ്ഡലം മാധവന്, സേലം രാജരത്നംപിള്ള, മദ്രാസ് ബാലചന്ദ്ര സരസ്വതീഭായ് എന്നിവരുടെ കീഴില്‍ ഭരതനാട്യം പഠിച്ചു.
കണ്ണൂരില്‍ ഭാരതീയ നൃത്ത വിദ്യാലയം സ്ഥാപിച്ചു. തലശ്ശേരിയില്‍ ഭാരതീയ നാട്യകലാലയത്തിന് തുടക്കം കുറിച്ചു. ഗുരു ഗോപിനാഥുമായി ചേര്‍ന്ന് കേരളനടനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ 1974 ല്‍ പൂക്കാട് കലാലയം സ്ഥാപിച്ചു. തുടര്‍ന്ന് തന്റെ തറവാട്ടുവക സ്ഥലത്ത് ചേലിയകഥകളി വിദ്യാലയം സ്ഥാപിച്ചു.
ശിഷ്യരും പ്രശിഷ്യരുമായി ആയിരക്കണക്കിന് നര്‍ത്തകര്‍, ഇന്ന് വിവിധ കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. പത്ത് വര്‍ഷക്കാലം കേരള ഗവ. നടനഭൂഷണം എക്സാമിനറായും ഒരു കൊല്ലം കേരള കലാമണ്ഡലം എക്സാമിനറായും മൂന്ന് കൊല്ലം തിരുവനന്തപുരം ദൂരദര്ശന് നൃത്ത വിഭാഗം ഓഡീഷന് കമ്മിറ്റി അംഗമായും രണ്ടു വര്‍ഷം സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1979ല്‍ നൃത്തത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999ല്‍ നൃത്തത്തിനും കഥകളിക്കും സംയുക്തമായി കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, 2002 ല്‍ കലാരംഗത്ത് വിശിഷ്ട സേവനത്തിന് കേരള കലാമണ്ഡലം പുരസ്കാരം, കലാദര്‍പ്പണത്തിന്റെ നാട്യ കുലപതി പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം, മയില്‍പ്പീലി പുരസ്കാരം, കേരള കലാമണ്ഡലം നാട്യരത്നം, പാഞ്ചജന്യ പുരസ്കാരം, രൈക്വഋഷി പുരസ്കാരം, ടാഗോര്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
പരേതയായ ജാനകിയാണ് ഗുരുവിന്റെ ഭാര്യ. ഏക മകന് പവിത്രന്‍നായര്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ശേഷം മുംബൈയില്‍ താമസിക്കുന്നു. മരുമകള്‍: നളിനി. പേരമക്കള്‍: അമൃത, ചിന്മയന്. സഹോദരിപുത്രന് പൊയില്‍കാവ് എച്ച്എസ്എസ് റിട്ട. പ്രധാനാധാധ്യാപകന് ശങ്കരനും ഭാര്യ ഗീതയ്ക്കുമൊപ്പമാണ് ഗുരു താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: