സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ദല്‍ഹിയില്‍ രാജീവ് ഗോസ്വാമി എന്ന യുവാവ് ദേഹത്ത് തീകൊളുത്തി ആത്മാഹുതിക്ക് ശ്രമിച്ച സംഭവം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിത്തിരിവുകളിലൊന്നാണ്. ജനക്കൂട്ടത്തിനിടയില്‍ ശരീരം അഗ്നിനാളങ്ങള്‍ വീഴുമ്പോള്‍ ജീവനുവേണ്ടി കേഴുന്ന ഗോസ്വാമിയുടെ ദൃശ്യം ആരുടെയും മനസ്സില്‍ അസ്വസ്ഥതയുടെ തീക്കനല്‍ കോരിയിടും. സാമുദായിക സംവരണമെന്ന ‘അനീതി’യുടെ ഇരയും പ്രതീകവുമായി ഈ ചിത്രം ആവര്‍ത്തിച്ച് പ്രചരിപ്പിക്കപ്പെട്ടു. ഗോസ്വാമി ആത്മാഹുതിക്ക് ശ്രമിക്കുകയായിരുന്നില്ല, ജാതിരാഷ്ട്രീയത്തിന്റെ വക്താക്കള്‍ മുന്‍കൂട്ടി തയ്യാറാക്കിയ (സ്റ്റേജ് മാനേജ്ഡ്) ഒന്നായിരുന്നു ഈ സംഭവമെന്നാണ് വര്‍ഷങ്ങള്‍ക്കുശേഷം അറിയാന്‍ കഴിയുന്നത്. 1990 ലാണ് രാജീവ് ആത്മാഹുതിക്ക് ശ്രമിച്ചത്. 2004 ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ മരിച്ചു. അസുഖകരമായ വസ്തുതകള്‍ പലതും പുറത്തുവരുമെന്നതുകൊണ്ടാവാം ഈ സംഭവത്തെക്കുറിച്ച് യാതൊരു അന്വേഷണവും നടക്കുകയുണ്ടായില്ല.
ഗോസ്വാമിയുടെ കത്തിയമരുന്ന ശരീരം ക്യാമറയില്‍ പകര്‍ത്താന്‍ വെമ്പിയ ഒരാള്‍ക്കെങ്കിലും ആ യുവാവിനെ കൂടുതല്‍ പൊള്ളലേല്‍ക്കുന്നതില്‍ നിന്ന് രക്ഷിക്കാമായിരുന്നില്ലേ എന്ന ചോദ്യം മാധ്യമലോകത്ത് ഉയരുകയുണ്ടായി. മാധ്യമ പ്രവര്‍ത്തനത്തിലെ ധാര്‍മികതയും പ്രൊഫഷണലിസവും തമ്മിലെ ഏറ്റുമുട്ടലിലായിരുന്നു തങ്ങളെന്നും, മനഃസാക്ഷിയെ പ്രൊഫഷണലിസം മറികടക്കുകയായിരുന്നുവെന്നും ചിലര്‍ കുമ്പസരിച്ചു. സംവരണ രാഷ്ട്രീയത്തോട് ഒരുതരം കുടിപ്പക പുലര്‍ത്തുന്ന ഇന്ത്യയിലെ മുഖ്യധാരാമാധ്യമങ്ങളുടെ വികൃതമുഖമാണ് ഇവിടെ വെളിപ്പെടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ (1989) കോണ്‍ഗ്രസ് വിരുദ്ധ ജനവിധി മുന്‍നിര്‍ത്തിയാണ് ബിജെപിയും ഇടതുപാര്‍ട്ടികളും പുറമെനിന്ന് പിന്തുണച്ച് വി.പി.സിംഗ് സര്‍ക്കാര്‍ നിലവില്‍ വന്നത്. എന്നാല്‍ കോണ്‍ഗ്രസുമായി ഒത്തുകളിച്ച ഇടതുപാര്‍ട്ടികള്‍ പ്രധാനമന്ത്രിയെ കയ്യിലെടുത്ത് ബിജെപിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 52 ശതമാനം സംവരണം ശുപാര്‍ശ ചെയ്യുന്ന മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി വി.പി.സിംഗ് പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ ആസന്നമായ പതനം മുന്നില്‍ കണ്ട് അധികാരത്തില്‍ തിരിച്ചെത്താനുള്ള അടവുനയമായിരുന്നു ഈ നടപടി.
ഈ ഘട്ടത്തിലാണ് ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിച്ച സംഭവമായി സാമൂഹ്യ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്ന അയോധ്യ രഥയാത്രക്ക് എല്‍.കെ.അദ്വാനി തുടക്കം കുറിച്ചത്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് നീങ്ങിയ രഥയാത്രയെ സമസ്തിപൂരില്‍ ബീഹാര്‍ സര്‍ക്കാര്‍ തടയുകയായിരുന്നു. നൂറുകണക്കിന് സ്വീകരണയോഗങ്ങളിലാണ് അദ്വാനി പ്രസംഗിച്ചത്. ഒരിടത്തുപോലും സാമുദായിക സംവരണത്തെ എതിര്‍ക്കുന്ന ഒരു വാക്കുപോലും അദ്വാനി ഉച്ചരിച്ചില്ല. മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് വി.പി.സിംഗ് പ്രഖ്യാപിക്കുന്നതിനും, സര്‍ക്കാര്‍ തന്നെ നിലവില്‍വരുന്നതിനും മുന്‍പ് പാലംപൂരില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി അയോധ്യയില്‍ രാമക്ഷേത്രം വരുന്നതിനെ പിന്തുണച്ച് പ്രമേയം പാസ്സാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സീതാ-രാമ രഥയാത്ര. 1989 ജൂലൈയിലായിരുന്നു പാലംപൂരില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി. ഇതേവര്‍ഷം ഡിസംബര്‍ രണ്ടിനാണ് വി.പി.സിംഗ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നിട്ടും സംവരണ പ്രക്ഷോഭത്തെ അട്ടിമറിക്കാനാണ് അയോധ്യ രഥയാത്ര എന്നായിരുന്നു മാധ്യമ പ്രചാരണം.
സംവരണത്തെ ഉപയോഗിച്ചുള്ള ചില മാധ്യമങ്ങളുടെ ദളിത് വിരുദ്ധവും പിന്നാക്കവിരുദ്ധവുമായ ശിഥിലീകരണ അജണ്ടയാണിത്. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് ആര്‍എസ്എസ് ദേശീയ പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യ സംവരണത്തെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമാക്കിയതും മാധ്യമങ്ങളുടെ ശിഥിലീകരണ അജണ്ടയിലേക്ക് വിരല്‍ചൂണ്ടുന്നു.
”വിവേചനം അനുഭവിച്ചവരുടെ ഉയര്‍ച്ചയ്ക്ക് ഇന്ത്യയില്‍ സംവരണം അത്യന്താപേക്ഷിതമാണ്. ആര്‍എസ്എസ് സമുദായ സംവരണത്തെ പിന്തുണയ്ക്കുന്നു. പൂര്‍വികര്‍ക്ക് പറ്റിയ തെറ്റാണ് അസ്പൃശ്യത. അത് തിരുത്തപ്പെടണം. സാമുദായിക സംവരണം സാമൂഹ്യാവശ്യമാണ്. പക്ഷെ മതപരമായ സംവരണത്തിന് ചരിത്രപരമായ നീതീകരണമില്ല. സമൂഹത്തില്‍ അസമത്വം നിലനില്‍ക്കുന്നിടത്തോളം സംവരണം വേണം. സാമുദായിക സംവരണത്തിന് ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലമുണ്ട്. സാമൂഹ്യ അസമത്വം ഉള്ളകാലത്തോളം അത് തുടരുകയും വേണം” എന്നാണ് ചോദ്യത്തിന് മറുപടിയായി മന്മോഹന് വൈദ്യ പറഞ്ഞത്. ഇത്ര കൃത്യവും സുതാര്യവുമായ നിലപാട് എങ്ങനെയാണ് സംവരണവിരുദ്ധമാവുക? സംവരണം ”അഭംഗുരം തുടരുന്നത് ഒരു രാഷ്ട്രത്തിനും ഗുണകരമാവില്ല” എന്ന ഡോ. അംബേദ്കറുടെ നിലപാട് വൈദ്യ അനുസ്മരിക്കുകയുണ്ടായി. സാമുദായിക സംവരണത്തെ നൂറ് ശതമാനം അനുകൂലിക്കുന്നവര്‍പോലും അംബേദ്കറുടെ നിലപാടിനെ അംഗീകരിക്കും.
സാമുദായിക സംവരണത്തെ പൂര്‍ണമായി അനുകൂലിച്ച വൈദ്യ മതപരമായ സംവരണം നിര്‍ത്തണമെന്നും, അത് അന്യവല്‍ക്കരണത്തിലേക്ക് നയിക്കുമെന്നും, ഇതിനുപകരം അവസരങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടതാണ് തൊഴില്‍പരമായ ധാര്‍മികത പാടെ ഉപേക്ഷിച്ച് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വൈദ്യയുടെ പരാമര്‍ശമുണ്ടായ ഉടന്‍ ‘സംവരണം നിര്‍ത്തണം-ആര്‍എസ്എസ്’ എന്ന് ‘ബ്രേക്കിങ് ന്യൂസ്’ നല്‍കുകയായിരുന്നു ഈ മാധ്യമങ്ങള്‍. വൈദ്യ നിര്‍ത്തണമെന്ന് പറഞ്ഞത് ‘മതപരമായ സംവരണ’മാണെന്ന കാര്യം അവ മറച്ചുവച്ചു. തുടരണമെന്ന് പറഞ്ഞ ‘സാമുദായിക സംവരണം’ ‘നിര്‍ത്തണം’ എന്ന് അങ്ങേയറ്റം ദുഷ്ടലാക്കോടെ വാര്‍ത്ത കൊടുത്തു!
വൈദ്യയുടെ പരാമര്‍ശം വിവാദത്തിലേക്ക് വലിച്ചിഴച്ചതോടെ അതേ പരിപാടിയില്‍ പങ്കെടുത്ത ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ നിലപാട് ആവര്‍ത്തിക്കുകയുണ്ടായി. ”സംവരണം ജാതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ രാജ്യത്തെ ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ സാമുദായിക സംവരണം അത്യാവശ്യമാണ്. ഇതാണ് ആര്‍എസ്എസിന്റെ നിലപാട്.” ഈ വിശദീകരണത്തിനുശേഷവും വളച്ചൊടിച്ച വാര്‍ത്ത ആദ്യ ദിവസം കൊടുക്കാന്‍ കഴിയാതിരുന്ന മാധ്യമങ്ങള്‍ ‘സംവരണവിരുദ്ധ നിലപാട്, ആര്‍എസ്എസ് പ്രതിരോധത്തില്‍’ എന്ന നിലയിലുള്ള വാര്‍ത്തകള്‍ കൊടുക്കാന്‍ തുടങ്ങി. ആര്‍എസ്എസിന്റെ ‘നിലപാട്’ 2015 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെന്നപോലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയാവുമെന്ന് പ്രവചിച്ചുകൊണ്ടിരുന്നു.
സാഹിത്യോത്സവത്തില്‍ മന്മോഹന് വൈദ്യ പറഞ്ഞതിന്റെ ലിഖിതഭാഷ്യം മാത്രമാണ് ദൃശ്യമാധ്യമങ്ങള്‍ കാണിച്ചത്. പരിപാടിയുടെ ദൃശ്യങ്ങള്‍ മറച്ചുപിടിച്ചു.
ഇത് ബോധപൂര്‍വമായിരുന്നു. ദൃശ്യങ്ങള്‍ കാണിച്ചാല്‍ വൈദ്യ എന്താണ് പറഞ്ഞതെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുമല്ലോ. ഏതെങ്കിലും സംഘടനാ നേതാവ് പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെയോ എഡിറ്ററുടെയോ വ്യാഖ്യാനം കൊടുത്ത് അത് ആ നേതാവിന്റെയോ അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയുടെയോ ആണെന്ന് വരുത്തിത്തീര്‍ക്കുന്നത് എത്ര മ്ലേച്ഛമാണ്! വൈദ്യയുടെ കാര്യത്തില്‍ ഇതാണ് ചില മാധ്യമങ്ങള്‍ ചെയ്തത്.
വൈദ്യയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് പരിപാടിക്ക് ദൃക്സാക്ഷിയായ പ്രമുഖ മാധ്യമപ്രവര്‍ത്തകനും, മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കെ മാധ്യമ ഉപദേഷ്ടാവുമായിരുന്ന സഞ്ജയ് ബാരു വ്യക്തമാക്കുകയുണ്ടായി. ട്വിറ്ററിലിട്ട പോസ്റ്റിലാണ് ബാരു ചില മാധ്യമങ്ങളുടെ ദുര്‍വ്യാഖ്യാനത്തെ തുറന്നുകാട്ടിയത്. മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് എന്‍ഡിടിവിയുടെ ബര്‍ക്കാ ദത്ത് ഇതിനോട് പ്രതികരിച്ചത്. ഈ ‘മറ്റ് മാധ്യമങ്ങളില്‍’ എന്‍ഡിടിവിയും ഉള്‍പ്പെടുന്നുവെന്നതാണ് വിചിത്രം. വൈദ്യ പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ഈ ചാനലും തുടക്കം മുതല്‍ മുന്‍നിരയിലുണ്ടായിരുന്നു.
ആര്‍എസ്എസിനെയും ബിജെപിയെയും സംവരണവിരുദ്ധരായി മുദ്ര കുത്താന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ സംവരണ വിരോധികള്‍. മണ്ഡല് വിരുദ്ധ പ്രക്ഷോഭത്തിന്റെ ചാലക ശക്തിയും ഇവരായിരുന്നു. ദല്‍ഹിയില്‍ തീകൊളുത്തി ആത്മാഹുതിക്ക് ശ്രമിച്ച രാജീവ് ഗോസ്വാമി കോണ്‍ഗ്രസുകാരനായിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്എസ്യുവിന്റെ ദല്‍ഹി യൂണിവേഴ്സിറ്റി യൂണിറ്റ് പ്രസിഡന്റായിരുന്നു ഗോസ്വാമി. ഗോസ്വാമി സംഭവം വിവാദമാക്കി സംവരണവിരുദ്ധ പ്രക്ഷോഭം ആളിക്കത്തിച്ച മാധ്യമങ്ങള്‍ അയാളുടെ രാഷ്ട്രീയം മറച്ചുപിടിച്ചു.
സംവരണത്തോടുള്ള ബിജെപിയുടെ നയവും തുടക്കം മുതല്‍ തന്നെ വ്യക്തമാണ്. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരുകളൊന്നും സാമുദായിക സംവരണത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തന്റെ സര്‍ക്കാര്‍ സംവരണ വിരുദ്ധമായി യാതൊന്നും ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍എസ്എസിനെയും ബിജെപിയെയും സംവരണവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രപരമായി തന്നെ സംവരണവിരുദ്ധരാണ്. ജാതി സംവരണത്തെ പാര്‍ലമെന്റില്‍ നഖശിഖാന്തം എതിര്‍ത്ത ഒരാള്‍ ബീഹാറില്‍ നിന്നുള്ള സിപിഐ നേതാവ് ഭോഗേന്ദ്ര ഝാ ആയിരുന്നു. ഇക്കാരണത്താല്‍ പാര്‍ട്ടിയിലെ ഝായുടെ എതിരാളി ചതുരാനന്‍ മിശ്രയെ ലാലുപ്രസാദ് മധുബനി ലോക്സഭാ സീറ്റില്‍ പിന്തുണക്കുകയും ദേവഗൗഡ-ഗുജ്റാള്‍ സര്‍ക്കാരുകളില്‍ കേന്ദ്ര കൃഷി മന്ത്രിയാക്കുകയും ചെയ്തു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് സാമുദായിക സംവരണത്തിന്റെ പ്രഖ്യാപിത ശത്രുവായിരുന്നു. 1957 ല്‍ കേരളത്തില്‍ മുഖ്യമന്ത്രിയായ ഇഎംഎസ് തന്റെ നേതൃത്വത്തിലെ ഭരണ പരിഷ്ക്കാര കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സാമ്പത്തിക സംവരണമാണ് നടപ്പാക്കിയത്.
മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് അനുസരിച്ച് സാമുദായിക സംവരണം നടപ്പാക്കുന്നതില്‍ മേല്‍ത്തട്ട് വ്യവസ്ഥ വേണമെന്ന് വാദിക്കുകയും, അത് താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കിയ സാമ്പത്തിക സംവരണമാണെന്ന് അഭിമാനിക്കുകയും ചെയ്തയാളാണ് ഇഎംഎസ്. സിപിഎമ്മിന്റെ ഈ നയം വിശദീകരിച്ച് ഒബിസി സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം വേണമെന്ന് വാദിക്കുന്ന പാര്‍ട്ടി നേതാവ് പ്രകാശ് കാരാട്ടും ഉദാഹരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത് 1957 ലെ ഇഎംഎസ് മന്ത്രിസഭ അന്ന് നിലവിലുണ്ടായിരുന്ന സാമുദായിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതാണ്.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും നയങ്ങളെ വിമര്‍ശിക്കരുതെന്ന് ആരും പറയുന്നില്ല. നുണപ്രചാരണം നടത്തുന്നതിനെയാണ് എതിര്‍ക്കുന്നത്. പ്രധാനമന്ത്രി മോദിക്കും അദ്ദേഹം നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിനും എതിരെ നടക്കുന്നത് വിമര്‍ശനമല്ല, വെറും നുണ പ്രചാരണമാണ്.e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: