തിരുവനന്തപുരം: സമരം ചെയ്യുന്ന ലോ അക്കാദമി വിദ്യാര്‍ത്ഥികളോട് അനുഭാവം പ്രകടിപ്പിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന് പേരൂര്‍ക്കട ലോ അക്കാദമി പരിസരത്ത് 48 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. അക്കാദമി ഗേറ്റില്‍ നിരാഹാര സമരം നടത്തുന്ന വിവിധ വിദ്യാര്‍ത്ഥിസംഘടനാ നേതാക്കളെ അവരുടെ സമരപന്തലുകളില്‍ പോയി കണ്ട ശേഷമാണ് വി.മുരളീധരന് ഉപവാസം തുടങ്ങിയത്. സമര പന്തലിലെത്തിയ മുരളീധരനെ മുദ്രാവാക്യം വിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവു ഉപവാസസമരം ഉദ്ഘാടനം ചെയ്തു. അഴിമതിയും ക്രമക്കേടും നടത്തുകയും വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയും ചെയ്യുന്ന സ്വാശ്രയകോളേജ് മാനേജുമെന്റുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പി. മുരളീധര്‍ റാവു ആരോപിച്ചു. വിദ്യാര്‍ത്ഥികളുന്നയിക്കുന്ന ആവശ്യങ്ങളെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബിജെപി വിദ്യാര്‍ത്ഥികളുടെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി ക്ലാസ്സുകളിലെത്തി പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. നാം വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിലാണെന്ന് പറയുമ്പോഴും ലോ അക്കാദമിയിലെയും നെഹ്റുകോളേജിലേയും പ്രശ്നങ്ങള്‍ കേരളത്തിന് നാണക്കേടാണ്. വിദ്യാര്‍ത്ഥി സമരങ്ങളിലൂടെയാണ് വിദ്യഭ്യാസ രംഗത്ത് പരിഷ്കാരങ്ങളുണ്ടായത്. അതേ ആശയത്തിലൂന്നി ഒരുമയോടെ സമരംചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും തയ്യാറാകണമെന്നും ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഘടകകക്ഷിയിലെ നേതാക്കള്‍തന്നെ സമരത്തെ അനുകൂലിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെഎന്‍യുവിലേയും ഹൈദരാബാദിലേയും വിദ്യാര്‍ത്ഥികളുടെ സമരത്തെ പിന്തുണയ്ക്കാന്‍ അവിടെ വരെ പോയ പല യുവനേതാക്കളും തങ്ങളുടെ സ്വന്തം നാട്ടില്‍ മാനേജ്മെന്റിന്റെ ക്രൂരതക്കിരയാവുന്ന വിദ്യാര്‍ത്ഥികളുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വാശ്രയ കോളേജുകള്‍ക്കെതിരെ നിലപാടെടുത്തവര്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
വിദ്യാര്‍ത്ഥി സമരപന്തല്‍ സന്ദര്‍ശിക്കാനെത്തിയ കെപിസി പ്രസിഡന്റ് വി.എം.സുധീരനും ഉപവാസ പന്തലിലെത്തി വി.മുരളീധരന് അഭിവാദ്യം അര്‍പ്പിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി മാരായ വി.വി.രാജേഷ്, സി.ശിവന്‍കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.വാവ, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, എസ്സിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീന്‍ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസഡന്റ് പുഞ്ചക്കരി സുരേന്ദ്രന്, വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്.കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കല്ലയം വിജയകുമാര്‍, പൂന്തുറ ശ്രീകുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസഡന്റ് അനുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: