പാലക്കാട്: ഉത്സവങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടാഘോഷത്തില് നിലവിലുള്ള സുരക്ഷാക്രമീകരണങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി ഷൈലേന്ദ്ര സിങ് പറഞ്ഞു.
സുരക്ഷിതമായി വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന ഹിയറിങ്ങില്‍ ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിയുകയായിരുന്നു അദേഹം.
നിയമാനുസൃതമായ എല്ലാ പിന്തുണയും ഉത്സവാഘോഷ കമ്മിറ്റികള്‍ക്ക് നല്‍കും. നിയമഭേദഗതി വരുത്തണമെന്നുള്ള ആവശ്യം സര്‍ക്കാരിനെ അറിയിക്കും. നിലവിലുള്ള സുരക്ഷാക്രമീകരണങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ആള്‍ത്തിരക്കുള്ള പ്രദേശങ്ങളിലെ വെടിക്കെട്ട് സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റണം. വെടിക്കെട്ടിന് ശബ്ദം കുറവും പ്രകാശം കൂടുതലുമുള്ള രാസവസ്തുക്കളാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള വെടിക്കെട്ടുകള്‍ ഒരുകാരണവശാലും അനുവദിക്കില്ല.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു. നിലവില്‍ വെടിക്കെട്ടിനുള്ള ലൈസന്‍സ് ലഭിക്കാന്‍ നിരവധി നടപടിക്രമങ്ങളാണ് ഉള്ളത്. ലൈസന്‍സിനായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങുന്നത് അവസാനിപ്പിക്കാന്‍ ഏകജാലക സംവിധാനം നടപ്പാക്കണം. കൈവശം സൂക്ഷിക്കാവുന്ന വെടിമരുന്നിന്റെ അളവ് 15 കി.ഗ്രാമില്‍ നിന്നും 5000 മുതല്‍ 10000 കി.ഗ്രാം വരെയാക്കണം എന്നീ പൊതു ആവശ്യങ്ങളാണ് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ ഉന്നയിച്ചത്.
ക്ഷേത്രങ്ങളില്‍ താത്കാലിക വെടിപ്പുരകള്‍ നിര്‍മിക്കുന്നതാണ് പ്രായോഗികം. എല്ലാതരം വെടിക്കെട്ടുകള്‍ക്കും അനുമതി നല്‍കണം. ലൈസന്‍സ് വേഗത്തില്‍ ലഭിക്കാന്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി ജില്ലാ ഭരണകൂടത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്നും ഉത്സവാഘോഷ സംഘാടകര്‍ ആവശ്യപ്പെട്ടു.
ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടി, എന്‍.ടി.സാഹു, സുന്ദരേശന്, സബ് കലക്റ്റര്‍ അഫ്സാന പര്വീന്, എഡിഎം എസ്.വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: