ന്യൂദല്‍ഹി: സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത ഹ്രസ്വകാല കാര്‍ഷിക വായ്പയുടെ രണ്ട് മാസത്തെ പലിശ ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്കി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശ തിരിച്ചുനല്‍കും. നോട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി കണക്കിലെടുത്താണിത്.
രണ്ട് മാസത്തെ വായ്പാ പലിശ സഹകരണ ബാങ്കുകള്‍ക്ക് ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (നബാര്‍ഡ്) നല്‍കും. 1060.50 കോടി രൂപയാണ് ഇതിന് വേണ്ടി വരിക. ഇപ്രകാരം ലഭിക്കുന്ന തുക 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കര്‍ഷകര്‍ക്കു വായ്പ നല്കാന് സഹകരണ ബാങ്കുകള്‍ക്ക് ഉപയോഗിക്കാം. പലിശയൊഴിവാക്കല് പദ്ധതിയിലേക്ക് 2016-17ല്‍ അനുവദിച്ച 15,000 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. റാബി കൃഷിക്കു പണം കണ്ടെത്തുന്നതിനായി സമീപിക്കുന്നവര്‍ക്കു കാര്‍ഷിക വായ്പകള്‍ നല്കാന് സഹകരണ ബാങ്കുകള്‍ക്ക് ഫണ്ട് ലഭിക്കും.
സഹകരണ ബാങ്കുകള്‍ക്ക് നല്കാന് ഹ്രസ്വകാല വായ്പ എടുക്കാന്‍ നബാര്‍ഡിന് മന്ത്രിസഭ അനുമതി നല്കി. സഹകരണ ബാങ്കുകള്‍ക്ക് 4.5 ശതമാനം പലിശ നിരക്കില്‍ വായ്പാ വിതരണത്തിന് ഏകദേശം 20,000 കോടി രൂപ നിലവില്‍ വിപണിയിലുള്ള പലിശ നിരക്കില്‍ നബാര്‍ഡ് വായ്പയെടുക്കും. കേന്ദ്ര ബജറ്റ് മുഖേന നബാര്‍ഡിന് അധിക മൂലധനമായി 2000 കോടി രൂപ നല്‍കും. തുടക്കമെന്ന നിലയില്‍ 2016-17ല്‍ 500 കോടി രൂപ നബാര്‍ഡിന് നല്‍കും. 1.8% പലിശ ഇളവും നബാര്‍ഡിന്റെ ഭരണച്ചിലവായ 0.2 ശതമാനവും കേന്ദ്ര കൃഷി, സഹകരണം, കര്‍ഷകക്ഷേമ വകുപ്പിന്റെ (ഡിഎസി&എഫ്) പദ്ധതി പ്രകാരം ലഭ്യമാക്കും.
നബാര്‍ഡ് സമാഹരിക്കുന്ന ഫണ്ടിനെ ആശ്രയിച്ചായിരിക്കും പലിശ ഇളവിന്റെ തോത്. കുറഞ്ഞ പലിശ നിരക്കില്‍ സഹകരണ ബാങ്കുകള്‍ വഴി കര്‍ഷകര്‍ക്ക് ഹ്രസ്വകാല വിള വായ്പ നല്കാന് ഇതിലൂടെ സാധിക്കും. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് വീട്ടുമുറ്റത്ത് വായ്പ എത്തിക്കുന്ന തരത്തിലുള്ള നടപടികള്‍ സഹകരണ ബാങ്കുകള്‍ ഉറപ്പാക്കണമെന്നും മന്ത്രിസഭായോഗം നിര്‍ദ്ദേശിച്ചു.
ഗ്രാമീണമേഖലയില്‍ ഭവനപദ്ധതിക്ക് അനുമതി
ന്യൂദല്‍ഹി: ഗ്രാമീണ മേഖലയിലെ ഭവനനിര്‍മാണം പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി. രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് മൂന്ന് ശതമാനം പലിശയിളവ് നല്‍കുന്നതാണ് പദ്ധതി. പുതിയ വീട് നിര്‍മ്മിക്കാനും നിലവിലുള്ള വീടുകള്‍ പുതുക്കിപ്പണിയാനും ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍ പിഎംഎവൈജി) പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത ഗ്രാമീണര്‍ക്കാണ് പലിശ സബ്സിഡി ലഭ്യമാക്കുക.
നാഷണല്‍ ഹൗസിങ് ബാങ്കാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു ശതമാനം പലിശത്തുക സര്‍ക്കാര്‍ നാഷണല്‍ ഹൗസിങ് ബാങ്കിനു നല്‍കും. ഈ തുക ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു കൈമാറും. ഇതോടെ വായ്പയെടുക്കുന്നവര്‍ പ്രതിമാസം തിരിച്ചടക്കേണ്ട തുകയില്‍ കുറവുണ്ടാകും. ഗ്രാമീണമേഖലയില്‍ കൂടുതല്‍ പാര്‍പ്പിടങ്ങള്‍ യാഥാര്‍ഥ്യമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: