കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പങ്കുചേരുന്നു. ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ദേവസ്വം ഭൂമികളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ഡോ.എം.കെ. സുദര്ശന് പത്രസമ്മേളനത്തില്‍ പറഞ്ഞു.പദ്ധതി ഉദ്ഘാടനം 30ന് രാവിലെ 8 മണിക്ക് എരൂര്‍ ആനപറമ്പ് മൈതാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വ്വഹിക്കും. ബോര്‍ഡിന്റെ കീഴിലുള്ള 403 ക്ഷേത്ര ഭൂമിയിലാണ് പദ്ധതിനടപ്പാക്കുന്നത്. ഉപയോഗശുന്യമായി കിടക്കുന്ന 500 ഏക്കറോളം വരുന്ന ക്ഷേത്രഭൂമിയില്‍ ജൈവകൃഷിയും, ക്ഷേത്രത്തിന് ആവശ്യമായ പൂജാപുഷ്പച്ചെടിയും കൃഷിചെയ്യും. കൂടാതെ ക്ഷേത്രക്കുളങ്ങള്‍ സംരക്ഷിക്കും. പദ്ധതിയിലൂടെ ക്ഷേത്ര ഭൂമികള്‍ സംരക്ഷിക്കാനും, കൈയേറ്റങ്ങള്‍ തടയാനും കഴിയുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കാവുകള്‍, കുളങ്ങള്‍ എന്നിവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ദേവസ്വം മരാമത്ത് വിഭാഗം നിരീക്ഷിക്കും. ക്ഷേത്രഭൂമിയുടെ അതിരുകളില്‍ പ്ലാവ്, മരുത്, തേക്ക്, മഹാഗണി, ഈട്ടി എന്നീ ഘനമരങ്ങള്‍ വച്ചുപിടിപ്പിക്കും.
ചോറ്റാനിക്കര ദേവിക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് 5 കോടി മുടക്കി സ്വീവേജ് പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് അംഗങ്ങളായ അഡ്വ.ടി.എന്‍.അരുണ്‍കുമാര്‍, കെ.എന്‍. ഉണ്ണികൃഷ്ണന്, സ്പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ ആര്. ഹരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: