മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സെമിയില്‍ സ്വിസ് താരങ്ങളുടെ പോരാട്ടം. മുന്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡററെ നാട്ടുകാരന് നാലാം സീഡ് സ്റ്റാനിസ്ലസ് വാവ്റിങ്ക നേരിടും. വനിതകളില്‍ മുന്‍ ചാമ്പ്യനും 13ാം സീഡുമായ യുഎസിന്റെ വീനസ് വില്യംസിന് എതിരാളി നാട്ടുകാരിയും സീഡില്ലാ താരവുമായ കോകോ വാന്‍ഡെവെഗെ. അട്ടിമറി തുടരുന്ന വാന്‍ഡെവെഗെ ഏഴാം സീഡ് ഗാര്ബിന് മുഗുരുസയെ തോല്‍പ്പിച്ചു.
പുരുഷ പ്രീ ക്വാര്‍ട്ടറില്‍ ഒന്നാം നമ്പര്‍ ആന്‍ഡി മുറെയുടെ വഴിമുടക്കിയ ജര്‍മനിയുടെ മിസ്ക സവെരെവിനെയാണ് ക്വാര്‍ട്ടറില്‍ ഫെഡറര്‍ മടക്കിയത് (6-1, 7-5, 6-2). മുറെയ്ക്കെതിരെ പ്രകടിപ്പിച്ച പോരാട്ടവീര്യം ഫെഡറര്‍ക്കെതിരെ പുറത്തെടുക്കാന്‍ സവെരെവിനായില്ല. രണ്ടാം സെറ്റില്‍ മാത്രമാണ് ജര്‍മന്‍ താരം പൊരുതിയത്. രണ്ടാം ക്വാര്‍ട്ടറില്‍ 12ാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെയാണ് സ്റ്റാന്‍ വാവ്റിങ്ക കീഴടക്കിയത് (7-6, 6-4, 6-4).
വനിതകളില്‍ വീനസ്, 24ാം സീഡ് റഷ്യയുടെ അനസ്താസിയ പൗവ്ലുചെങ്കോവയെ തോല്‍പ്പിച്ചു (6-4, 7-6). രണ്ടാം സെറ്റിലാണ് റഷ്യന്‍ താരം വെല്ലുവിളിയുയര്‍ത്തിയത്. 14 വര്‍ഷത്തിനു ശേഷമാണ് വീനസ് മെല്‍ബണില്‍ സെമിഫൈനലില്‍ ഇടം കാണുന്നത്. മാര്‍ട്ടിന നവരത്ലോവയ്ക്കു ശേഷം ഗ്രാന്‍ഡ്സ്ലാം സെമിയിലെത്തുന്ന പ്രായം കൂടിയ താരവുമായി 36 വയസുള്ള വീനസ്. 1994ലെ വിംബ്ള്‍ഡണില്‍ നവരത്ലോവയുടെ പ്രകടനം.
പ്രീ ക്വാര്‍ട്ടറില്‍ ഒന്നാം നമ്പര്‍ താരം ആഞ്ജലീന കെര്‍ബറെ വീഴ്ത്തിയ അതേ ശൗര്യം സ്പെയിനിന്റെ ഗാര്ബിന് മുഗുരസയ്ക്കെതിരെയും വാന്‍ഡെവെഗെ പുറത്തെടുത്തു. നേരിട്ടുള്ള സെറ്റില്‍ ജയം (6-4, 6-0).
ഇന്നത്തെ ക്വാര്‍ട്ടറില്‍ വനിതകളില്‍ രണ്ടാം സീഡ് സെറീന വില്യംസ് ഒമ്പതാം സീഡ് ജൊഹാന കോണ്ടെയെയും അഞ്ചാം സീഡ് കരോളിന പ്ലിസ്കോവ, ക്രൊയേഷ്യയുടെ മിര്‍ജാന ലൂസിച്ച് ബറോനിയെയും നേരിടും. പുരുഷന്മാരില് മൂന്നാം സീഡ് മിലോസ് റാവോനിക്കിന് എതിരാളി മുന്‍ ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍. 11ാം സീഡ് ഡേവിഡ് ഗോഫിനും 15ാം സീഡ് ഗ്രിഗര്‍ ദിമിത്രോവും മുഖാമുഖമെത്തും.
പുരുഷ ഡബിള്‍സ് സെമിയില്‍ ബോബ് ബ്രയാന്‍-മൈക്ക് ബ്രയാന്‍ സഖ്യം കാരെനൊ ബുസ്റ്റ-ഗ്വില്ലെര്‍മോ ഗാര്‍ഷ്യ ലോപസ് സഖ്യത്തെ നേരിടും. വനിതകളില്‍ ഒന്നാം സീഡ് കരോളിന് ഗാര്‍ഷ്യ-ക്രിസ്റ്റിന മല്ദെനോവിച്ച് സഖ്യം, 12ാം സീഡ് ആന്ദ്രിയ ഹല്വക്കോവ-ഷുവായി പെങ് ജോഡിയെ എതിരിടും. രണ്ടാം സീഡ് ബെഥാനി മാറ്റെക്ക് സാന്‍ഡ്സ്-ലൂസി സഫറോവ ജോഡിക്ക് എതിരാളി ജപ്പാന്റെ എറി ഹൊസുമി-മിയു കാതോ കൂട്ടുകെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: