ഗവി : ഭൂസമര സമ്പര്ക്കയാത്രയ്ക്ക് തുടക്കം കുറിക്കാന്‍ ഗവിയിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഗവി നിവാസികളുടെ സ്നേഹോഷ്മള വരവേല്‍പ്പ്.
ഗവി ഭൂമി സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കൊച്ചുപമ്പ, മീനാര്‍, ഗവി എന്നിവിടങ്ങളില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനേയും സംഘത്തേയും സ്വീകരിച്ചു. മൂഴിയാര്‍ സായ്പ്പുംകുഴി വനവാസി കോളനിയിലെ സന്ദര്‍ശനത്തിന് ശേഷമാണ് കുമ്മനം രാജശേഖരനും സംഘവും ഗവി ഭൂസമര വേദിയിലെത്തിയത്. കൊച്ചുപമ്പ ആനച്ചാലിലെ സമരപ്പന്തലിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനോട് തോട്ടം തൊഴിലാളികള്‍ തങ്ങള്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയും കുടിയിറക്ക് ഭീഷണിയേയും പറ്റി വിശദീകരിച്ചു.
അവിടെ നിന്നും ഉച്ചഭക്ഷണത്തിന് ശേഷമാണ് മീനാറിലെത്തിയത്. മീനാറിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ഏലയ്ക്കാ മാലയും ഷാളും അണിയിച്ച് ഗവി നിവാസികള്‍ സ്വീകരിച്ചു. തുടര്‍ന്ന് അവരെ അഭിസംബോധന ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഭൂമിക്ക് വേണ്ടിയുള്ള സമരത്തെ ഒറ്റക്കെട്ടായി ഒത്തൊരുമിച്ച് നേരിടണമെന്ന് ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന കൗണ്‍സില്‍ സംസ്ഥാനത്തെ ഭൂസമരങ്ങളെ ഏകോപിപ്പിക്കാനും മാര്‍ച്ച് രണ്ടാം വാരത്തോടെ ഭൂരഹിതരുടെ കണ്വന്ഷന് വിളിച്ചു ചേര്‍ക്കുമെന്നും പറഞ്ഞു. ഭൂമിക്ക് വേണ്ടിയുള്ള സമരത്തില്‍ ഏതറ്റം വരെ പോകണമോ അവിടം വരെപോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഗവിയിലെ സമരപ്പന്തലില്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഗവിയിലെ ഭൂരഹിതര്‍ നടത്തുന്ന സമരത്തിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. ഭരണഘടനാദത്തമായ അവകാശമാണ് ഭൂരഹിതന് ഭൂമി എന്നത് കെഎഫ്ഡിസി ആത്ഥാര്ത്ഥമായും ശാസ്ത്രീയമായുമുള്ള സമീപനം സ്വീകരിക്കണം. പൂട്ടാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ നിന്നും വികസനോന്മുഖമായി വളരാവുന്ന നിലയിലേക്ക് കെഎഫ്ഡിസി മാറണം. വനപ്രകൃതിക്ക് അനുഗുണമായ കൃഷി നടപ്പാക്കി തൊഴിലാളികള്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകളും പുരുഷന്മാരുമാരുമായി നിരവധി ആളുകള്‍ തങ്ങള്‍ അനുഭവിക്കുന്ന വൈഷമ്യങ്ങളും കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം പോലും നല്കാന് കഴിയാത്ത സ്ഥിതിയും കണ്ണീരോടെ വിവരിച്ചു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ ഗവി ഭൂമി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദിനരാത്ര സമരത്തിന് ഏറെ സഹായം ചെയ്ത ജയകൃഷ്ണന് മൈലപ്രയെ മീനാറില്‍ ഗവി നിവാസികള്‍ നിലവിളക്ക് നല്കി ആദരിച്ചു. ഗവി നിവാസികള്‍ കൈമാറിയ നിലവിളക്ക് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അദ്ദേഹത്തിന് കൈമാറി.
ബിജെപി സംസ്ഥാന വക്താക്കളായ അഡ്വ. ജെ.ആര്.പത്മകുമാര്‍, അഡ്വ. ജയസൂര്യന്‍ പാല, ജില്ലാ അദ്ധ്യക്ഷന്‍ അശോകന് കുളനട, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്. നായര്‍, സെക്രട്ടറിമാരായ എം.ജി. കൃഷ്ണകുമാര്‍, പി.ആര്.ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ, കര്‍ഷകമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സുരേഷ് കാദംബരി, ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ്, ജനറല്‍ സെക്രട്ടറി സി.കെ.നന്ദകുമാര്‍, ആറന്മുള മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്, ഗവി ഭൂമി സമരസമിതി കണ്‍വീനര്‍മാരായ പി.വി.ബോസ്, തങ്കപ്പന് ടി.സി, ഐ.കേശവന്, കെ.ത്യാഗു, പി.പുണ്യരാജ്, ആദിവാസി സംരക്ഷണ സമിതി കണ്‍വീനര്‍ പി.കലേഷ്, കെ.രാജേന്ദ്രന്, സമരസഹായ സമിതി കണ്‍വീനര്‍മാരായ കെ.കെ.ബാബു, ജയകൃഷ്ണല്‍ മൈലപ്ര എന്നിവരടങ്ങുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: