ചെന്നൈ: കേരളത്തില്‍ ആനകളെ ഉപയോഗിച്ച് പൂരം നടത്താമെങ്കില്‍ എന്തുകൊണ്ട് ജെല്ലിക്കെട്ട് പാടില്ലെന്നു പറയുന്നതെന്ന് നടന് കമല്ഹാസന്.
ആനകളെ പൂരത്തിനും ഉത്സവങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ അവയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ജെല്ലിക്കെട്ട് നടക്കുമ്പോള്‍ കാളകള്‍ക്ക് ഉണ്ടാകുന്നതിലുമധികമാണ്. ആനകളെ ഉപയോഗിക്കാന്‍ തടസമില്ല, മണിക്കൂറുകളാണ് അവയെ നിര്‍ത്തുന്നത്. ഒരു രാജ്യത്ത് എന്തിനാണ് രണ്ടു തരം നിയമം. ഇത് വിവേചനപരമാണ്. എന്നിട്ടും കേരളത്തില്‍ ഇപ്പോഴും എഴുന്നള്ളിപ്പിന് ആനകളെ ഉപയോഗിക്കുന്നു. എല്ലാവരും ഒരുപോലെ നികുതി നല്‍കുന്നവരാണെന്നിരിക്കെ, കേരളത്തിനും തമിഴ്നാടിനും രണ്ടു നിയമം എന്ന രീതി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.
ജെല്ലിക്കെട്ട് സമരത്തിനിടെ അക്രമമുണ്ടായതിന് പോലീസ് മറുപടി പറയണം. സ്ത്രീകളെയും കുട്ടികളെയും വരെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും വാഹനങ്ങള്‍ക്ക് പോലീസുകാര്‍ തീവയ്ക്കുന്നതായുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദീകരണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. വാഹനങ്ങള്‍ കത്തിക്കുന്നതായി വീഡിയോയില്‍ കാണുന്ന പോലീസുകാര്‍ യഥാര്‍ഥ പോലീസുകാരായിരിക്കില്ല എന്നാണു ഞാന്‍ കരുതുന്നത്.
ജെല്ലിക്കെട്ടില്‍ മരിക്കുന്നതിനെക്കാള്‍ എത്രയോ അധികം ജനങ്ങള്‍ അപകടത്തില്‍ മരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ട് സമരം തമിഴ്നാട്ടിലെ ജനങ്ങളുടെ അസംതൃപ്തിയുടെ പ്രതിഫലനമാണ്. ദശാബ്ദങ്ങളായി തമിഴ് ജനത അനുഭവിച്ചുവരുന്ന അസംതൃപ്തിയാണ് സമരമായി പരിണമിച്ചതെന്നും കമല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: