അകത്തേത്തറ: പഞ്ചായത്തിലുള്ളവര്‍ക്ക് നീന്തല്‍ പരിശീലനത്തിനായി നവീകരിച്ച കുളം ചണ്ടികയറി നശിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് അകത്തേത്തറ ചെറുങ്ങാട്ടുകാവ് പുന്നക്കുളത്തില് മുമ്പ് നീന്തല്‍ പരിശീലിച്ചത്.
മൂന്നുവര്‍ഷം മുമ്പുവരെ നാട്ടുകാര്‍ അലക്കാനും കുളിക്കാനുമൊക്കെ ഉപയോഗിച്ചിരുന്നതാണ്.പിന്നീട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഓര് ഖേല്‍ അഭിയാന്) പദ്ധതിയിലുള്‍പ്പെടുത്തിയാണ് നീന്തല്പരിശീലനത്തിനായി കുളം നവീകരിച്ചത്.അതിനുശേഷവും കുളിക്കാനും അലക്കാനുമൊക്കെ കുളം ഉപയോഗിച്ചിരുന്നു.
പുന്നക്കുളം നീന്തല്ക്കുളമാക്കുന്നതിനും മരുതറോഡ് പഞ്ചായത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ട് നവീകരണത്തിനുമായി ആറുലക്ഷമാണ് അനുവദിച്ചത്. ആറുലക്ഷമാണ് പൈക്ക ഫണ്ടായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നാലുലക്ഷം രൂപയേ ലഭിച്ചുള്ളൂവെന്നാണ് അകത്തേത്തറപഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
ഇതുപയോഗിച്ചു നീന്തല്‍ പരിശീലിക്കാനെത്തുന്നവര്‍ക്ക് വസ്ത്രം മാറുന്നതിനായി രണ്ട് മുറികള്‍ നിര്‍മിച്ചു.പടവുകളുടെയും മറ്റും അറ്റകുറ്റപ്പണികളും നടത്തി.ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് ബാക്കി രണ്ടുലക്ഷം നല്‍കിയില്ലെന്നും ഇതോടെകുളം നവീകരണവും ചണ്ടിമാറ്റലും നിലച്ചതായും പറയുന്നു.
ജനകീയാസൂത്രണം വഴി കുളത്തിന്പടവുകള് കെട്ടുകയും ആഴം കൂട്ടുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിവഴി മൂന്നുവര്‍ഷം മുമ്പുവരെ കുഴവാഴയും ചെളിയും നീക്കിയതായും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.പിന്നീട് ആരുമുപയോഗിക്കാതെ കുളംമുഴുവന്‍ കുളവാഴയും മറ്റും നിറഞ്ഞ് ഉപയോഗശൂന്യമായി. കുളിക്കാന്‍ മാത്രമായി പടവിനടുത്ത് ചണ്ടിമാറ്റും. പിന്നെ ഇതുംനിലച്ചു. കാലങ്ങളായി വൃത്തിയാക്കിയിട്ടില്ല.
ഫണ്ട് അപര്യാപ്തതയാണ് കുളത്തിന്റെ അവസ്ഥയെക്കുറിച്ച് പഞ്ചായത്തിന് പറയാനുള്ള കാരണം. പൈക്ക ഫണ്ട് ഘട്ടം ഘട്ടമായാണ് നല്‍കുന്നത്. ആദ്യം 50 ശതമാനം തുക മാത്രമേ നല്‍കുവെന്നും ഇത്തരത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്ന് തുക നല്‍കിയിട്ടുണ്ടെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു.
അക്കൗണ്ട് വിവരങ്ങള്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് നല്കാന് വൈകിയതിനാലാവാം ബാക്കി തുക ലഭിക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: