ഐടി പ്രൊഫഷണലുകളെ സമൂഹം തെല്ലൊരു അസൂയയോടെയാണ് കാണുന്നത്. ഇഷ്ടംപോലെ കാശും ആര്‍ഭാട ജീവിതവും ഒക്കെയായി അവരങ്ങനെ സുഖിച്ച് നടക്കുന്നുവെന്നാണ് സമൂഹത്തിന്റെ പക്ഷം. എന്നാല്‍ ഈ തിളക്കത്തിന് അപ്പുറം സമൂഹം കാണാതെയും അറിയാതെയും പോകുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. പന്ത്രണ്ട് മണിക്കൂറിനും അപ്പുറത്തേക്ക് നീളുന്ന തൊഴില്‍ സമയം. രാത്രി ഏറെ വൈകിയും അതിരാവിലെയും ജോലി ചെയ്യേണ്ടി വരിക. കനത്ത ജോലി സമ്മര്‍ദ്ദം. ഇതിനിടെ നഷ്ടമാകുന്ന കുടുംബം.
ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധി ലഭിക്കുന്നുണ്ടെങ്കിലും പലപ്പോഴും ആ ദിവസങ്ങളിലും ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാകും. തിങ്കളാഴ്ച എത്തുമ്പോള്‍ കാത്തിരിക്കുന്ന ജോലിയുടെ ഭാരമോര്‍ത്ത്. ഇന്ന് നമ്മുടെ നാട്ടില്‍ മനശാസ്ത്രജ്ഞരുടെ സഹായം തേടി എത്തുന്നവരില്‍ ഭൂരിഭാഗവും ഐടി മേഖലയില്‍ നിന്നുളളവരത്രേ. തൊഴില്‍ സമ്മര്‍ദ്ദം തന്നെയാണ് ഇവരെ ഇവിടേക്ക് തളളി വിടുന്നത്. അമിത സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയും ഉത്കണ്ഠയും എല്ലാം കൂടി ഇവരുടെ മനസിന്റേയും ശരീരത്തിന്റേയും താളം തെറ്റിയ്ക്കുന്നു.
മിടുക്കിയായ ഐടി ഉദ്യോഗസ്ഥയാണ് മീന. കാക്കനാട്ടെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ടീം ലീഡര്‍. തിങ്കള്‍ മുതല്‍ വെളളി വരെ ഇന്‍ഫോ പാര്‍ക്കിലും ശനി, ഞായര്‍ ദിവസങ്ങളില്‍ പാലക്കാട്ടെ ഒരു അഗ്രഹാരത്തിലുമായി ജീവിക്കുന്നു. ഭര്‍ത്താവ് വിദ്യാസമ്പന്നന്‍. അടുത്തുളള സര്‍ക്കാര്‍ കോളേജിലെ കുട്ടികളുടെ പ്രിയങ്കരനായ അധ്യാപകന്. സുന്ദരമായ ആ ദാമ്പത്യത്തിന് സന്തോഷം നല്കി ഒരു പൊന്നോമനയും വിരുന്നെത്തി.
എന്നാല്‍ മീനയുടെ ജീവിതത്തിലേക്ക് അസ്വസ്ഥതകളും കടന്നു വരികയായിരുന്നു. ആര്‍ക്കും മനസിലാക്കാനാകാത്ത എന്തോ ഒന്ന്. നോക്കുന്നവര്‍ക്ക് ഒരു കുഴപ്പവും കാണാനും സാധിച്ചില്ല. എപ്പോഴും ചിരിച്ച് കളിച്ച് നടക്കുന്ന മീനയ്ക്ക് എന്ത് കുഴപ്പം. ഒരു ദിവസം കടുത്ത വിറയലുമായി അവളെ ആശുപത്രിയില്‍ എത്തിച്ചു. ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തില്‍ പരിശോധിച്ച ഡോക്ടറിന് ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ തലച്ചോറിന്റെ സ്കാനിംഗിന് വിധേയമാക്കി.
രണ്ട് ഞരമ്പുകള്‍ പിണഞ്ഞു കിടക്കുകയാണത്രേ. അവ തമ്മില്‍ കൂട്ടിയുരസുമ്പോഴുണ്ടാകുന്ന സ്ഫുലിംഗമാണ് ഈ ശാരീരിക സ്ഥിതിയ്ക്ക് കാരണം. ജോലി സ്ഥലത്തും താമസസ്ഥലത്തും വച്ച് പലവട്ടം ഇതുണ്ടായിട്ടുണ്ട് പോലും. അമിതമായ മാനസിക സമ്മര്‍ദ്ദമാണ് ഇത്തരമൊരു സ്ഥിതി വിശേഷത്തിലേക്ക് നയിക്കുന്നതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. കാരണങ്ങള്‍ എല്ലാം ഇഴകീറി പരിശോധിച്ചപ്പോള്‍ പ്രതി സ്വന്തം തൊഴിലാണെന്നും മനസിലായി.
നമ്മുടെ കുട്ടികളെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഐടി പ്രൊഫഷണലുകളാക്കാന്‍ വെമ്പല്‍ കൊളളുന്ന മാതാപിതാക്കള്‍ ഇത്തരം മീനമാരുടെ കഥകള്‍ ഒന്നറിയണം. കുട്ടികളെ വെറും യന്ത്രങ്ങളാക്കി മാറ്റേണ്ടതുണ്ടോയെന്നും ആലോചിക്കണം. ഒപ്പം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇവരുടെ തലച്ചോറും ജീവിതവും അടിയറ വയ്ക്കേണ്ടതുണ്ടോയെന്നും ചിന്തിക്കണം.
ഒപ്പം ഇത്തരം കമ്പനികളുടെ മേല്‍ തെല്ലൊരു നിയന്ത്രണത്തിന് വേണ്ട നടപടികള്‍ക്കായും ശ്രമിക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ തന്നെ അംഗീകരിച്ചിട്ടുളള എട്ട് മണിക്കൂര്‍ എന്ന തൊഴില്‍ സമയം പാലിക്കാന്‍ ഇത്തരം കമ്പനികള്‍ നിര്‍ബന്ധിതരാകണം. 24 മണിക്കൂറും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വേണ്ടി ഉഴിഞ്ഞ് വയ്ക്കുമ്പോള്‍ നഷ്ടമാകുന്നത് നമ്മുടെ കുട്ടികളുടെ ജീവനും ജീവിതവുമാണ്. മാനസിക നില തെറ്റിയ മീനമാരെ നമുക്ക് ആവശ്യമില്ല. അവരെ ഇത്തരം കമ്പനികള്‍ക്കും ആവശ്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സത്ത മുഴുവന്‍ ഊറ്റിക്കുടിച്ച ശേഷം ഇവരെ പുറത്തേക്ക് വലിച്ചെറിയാന്‍ ഈ ആഗോളഭീമന്മാര്ക്ക് യാതൊരു മടിയുമില്ല. ലക്ഷങ്ങള്‍ ശമ്പളമെന്ന വാഗ്ദാനത്തിന് പിന്നാലെ പായുമ്പോള്‍ നമ്മുടെ മനസും ശരീരവും നമ്മുടെ ചൊല്പ്പടിയില് തന്നെയുണ്ടെന്ന് ഉറപ്പാക്കാന്‍ നമ്മുടെ കുട്ടികള്‍ക്കും സാധിക്കണം. ഇതിനായി സര്‍ക്കാര്‍ തലത്തിലും ഇടപെടലുകള്‍ ആവശ്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: