പരവൂര്‍: നഗരസഭ വെളിയിട വിസര്ജ്ജനമുക്തമായതായി (ഒഡിഎഫ്) പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചെയര്മാന് കെ.പി.കുറുപ്പ് പ്രഖ്യാപനം നടത്തി. പദ്ധതിയില്‍ 525 ശുചിമുറികളാണ് നഗരസഭ ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. ശുചിമുറിയില്ലാത്ത 300 പേരെയാണ് നഗരസഭ നടത്തിയ ആദ്യസര്‍വേയില്‍ കണ്ടെത്തിയത്. എന്നാല്‍, ശുചിമുറികളുടെ ടാങ്ക് ഭാഗം പൊട്ടിപൊളിഞ്ഞതും വൃത്തിഹീനവുമായ കുഴി കക്കൂസുകള്‍ ഉള്‍പ്പെടെയുള്ളവയും ശുചിത്വ കക്കൂസാക്കുന്നതിന് നഗരസഭ തീരുമാനിച്ചു. അങ്ങനെയുള്ള 225 ശുചിമുറികളും ചേര്‍ത്ത് ആകെ 525 ശുചിമുറികള്‍ നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഒരു ശുചിമുറിക്ക് 15,400 രൂപയാണ് ധനസഹായമായി നല്‍കുന്നത്. പദ്ധതിയില്‍ ആകെ 80,85,000രൂപയാണ് ഗുണഭോക്താക്കള്‍ക്കായി നഗരസഭ ചെലവഴിച്ചത്. ഫെബ്രുവരി 28നകം സംസ്ഥാനത്തെ നഗരസഭാ പ്രദേശങ്ങളെ ഒഡിഎഫായി പ്രഖ്യാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെങ്കിലും പരവൂര്‍ നഗരസഭ ഒന്നര മാസം മുമ്പേ ലക്ഷ്യം നേടിയിരിക്കുകയാണ്.
നഗരസഭയില്‍ ഒഡിഎഫ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കു ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന നടത്തുമെന്ന് ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്ററായ ജി.കൃഷ്ണകുമാര്‍ പറഞ്ഞു. നഗരസഭ അംഗങ്ങള്‍, സെക്രട്ടറി നീതുലാല്‍.ബി, പ്രോജക്ട് ഓഫീസര്‍ അന്‍വര്‍ ഹുസൈന്, ആരോഗ്യവിഭാാഗം ഉദ്യോഗസ്ഥരായ എം.ആര്.ശ്രീകുമാര്‍, എസ്.ആര്.സരിന്, സൗമ്യമോള്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: