ചെന്നൈ: ജെല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ക്കായി തുടര്‍ച്ചയായ ഏഴാം ദിവസവും മറീന ബീച്ചില്‍ തടിച്ചുകൂടിയ സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം. മറീന ബീച്ചിലേയ്ക്ക് വന്‍ ജനവലി ഒഴുകിയതോടെയാണ് പോലീസ് ഒഴിപ്പിക്കല്‍ നടപടിയുമായി രംഗത്തെത്തിയത്.
വിദ്യാര്‍ഥികളെ പോലീസ് ബലംപ്രയോഗിച്ചാണ് വാഹനങ്ങളില്‍ കയറ്റുന്നത്. സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞുപോകണമെന്ന് പോലീസ് സമരക്കാരോട് അഭ്യര്‍ഥിച്ചു. എന്നാല്‍ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാല്‍ കടലില്‍ ചാടുമെന്ന് ഒരുവിഭാഗം സമരക്കാര്‍ നിലപാടെടുത്തത് പോലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കടല്‍ തീരത്തിനടുത്ത് കൈകോര്‍ത്ത് നിന്നാണ് സമരക്കാര്‍ പോലീസ് നടപടിക്കെതിരെ പ്രതിരോധം തീര്‍ത്തിരിക്കുന്നത്. പോലീസ് വന്നാല്‍ കടലില്‍ ചാടുമെന്നാണ് ഭീഷണി. മറീന ബീച്ചിലേക്കെത്താനുള്ള വഴികളെല്ലാം പോലീസ് അടച്ചു. ദിണ്ടിഗല്ലിലും കൃഷ്ണഗിരിയിലും ജെല്ലിക്കെട്ട് സമരക്കാരെ പോലീസ് ഒഴിപ്പിക്കുന്നുണ്ട്.
ജെല്ലിക്കട്ട് പ്രക്ഷോഭം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമരക്കാര്‍ക്കിടയില്‍ ഭിന്നത ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്ഥിര നിയമനിര്‍മ്മാണമില്ലാതെ സമരം പിന്‍വലിക്കില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മാര്‍ച്ച് 31 വരെ സമരം നിര്‍ത്തിവക്കുകയാണെന്ന് മറ്റൊരു വിഭാഗം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് നടപടി. ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ ജെല്ലിക്കട്ട് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ബില്ലായി അവതരിപ്പിക്കും.
ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ നിയമനിര്‍മാണം നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കിയാലേ സമരം നിര്ത്തു എന്നാണ് സമരക്കാരുടെ നിലപാട്. അടുത്തയാഴ്ച സുപ്രീംകോടതി വിധി വരുംവരെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് ഓര്‍ഡിനന്‍സ് എന്നാണ് സമരക്കാര്‍ പറയുന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: