ന്യൂദല്‍ഹി: വിവിധ മതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കുന്നത് സുപ്രീംകോടതി പരിശോധിക്കുന്നു. ചെന്നൈക്കടുത്ത് മുസ്ലിം പള്ളി നിര്‍മ്മിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ സൗജന്യമായി ഭൂമി അനുവദിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ഇത്തരത്തിലുള്ള മുഴുവന്‍ ഹര്‍ജികളും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികളുടെ പട്ടിക മാര്‍ച്ച് ഇരുപതിന് മുന്‍പ് തയ്യാറാക്കാനും ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ച് നിര്‍ദ്ദേശിച്ചു.
മതകാര്യത്തിന് സ്വകാര്യ ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭൂമി നല്‍കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. 1986ലാണ് തമിഴ്നാട് സര്‍ക്കാര്‍ പള്ളി നിര്‍മ്മിക്കുന്നതിന് 0.26 ഏക്കര്‍ ഭൂമി സൗജന്യമായി അനുവദിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പള്ളി നിര്‍മ്മിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ ലഭിച്ചു.
എന്നാല്‍ മുസ്ലിം കുടുംബങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനായി ഏറെ ദൂരം പോകേണ്ടി വരുമെന്നത് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹര്‍ജികള്‍ തള്ളി. തുടര്‍ന്നാണ് സന്നദ്ധ സംഘടന സുപ്രീം കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: