കൊല്ലങ്കോട്: മുതലമട പഞ്ചായത്തിന്റെ പതിനൊന്നാം വാര്‍ഡും ആദിവാസി മേഖലയുമായ പറമ്പിക്കുളത്തേക്ക് എത്തണമെങ്കില്‍ തമിഴ്നാട് സര്‍ക്കാര്‍ കനിയണം.
കേരളത്തില്‍ കൂടിയുള്ള യാത്ര എന്ന സ്വപ്നം ഇന്നും സാക്ഷാത്ക്കരിച്ചിട്ടില്ല. ആയിരക്കണക്കിനാളുകള്‍ വിനോദസഞ്ചാരത്തിനായി എത്തുന്ന പറമ്പികുളത്തേക്ക് കേരളത്തില്കൂടിയുള്ള റോഡെന്നത് ഇപ്പോഴും കടലാസിലൊതുങ്ങിയിരിക്കുകയാണ്.
ഇരുമുന്നണികളില്‍ നിന്നുള്ളവര്‍ എംഎല്‍എമാരായിട്ടും പറമ്പുക്കുളം റോഡ് ഇനിയും യാഥാര്‍ത്ഥ്യമായില്ല. മന്ത്രിമാരായ എം.എം.മണിയും,എ.കെ.ബാലനും പറമ്പിക്കുളം ആദിവാസി കോളനികളിലെ സൗരോര്‍ജ വൈദ്യുതീകരണം ഉദ്ഘാടനത്തിനായി എത്തുമ്പോഴെങ്കിലും ഇക്കാര്യത്തില്‍ അനുകൂലനിലപാടുണ്ടാവുമെന്ന് കരുതുന്നു.
തേക്കടി അല്ലി മൂപ്പന് കോളനി, ഒറവന്‍ പാടി 30 സെന്റ് കോളനിക്കാര്‍ക്ക് കേരളത്തിലൂടെ യാത്ര ചെയ്ത് പറമ്പിക്കുളം തേക്കടിയില്‍ എത്താമെന്ന പ്രതീക്ഷയിലാണ്.
തേക്കടി അല്ലി മൂപ്പന് കോളനിയില്‍ ജനപ്രതിനിധികളുടെയും, വനം, പോലീസ് കോളനി നിവാസികളുടെയും യോഗം ചേര്‍ന്നിരുന്നു.
ചെമ്മണാമ്പതിയില്‍ നിന്നു അല്ലിമൂപ്പന്‍ കോളനിയിലേക്ക് വനാതിര്‍ത്തിയിലൂടെ നടപ്പാത നിര്‍മ്മിക്കാന്‍ വനംവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ വേണ്ടി പ്രയാസമില്ലാത്ത വഴി കണ്ടെത്തിയിരുന്നു.
അല്ലിമൂപ്പന്‍ കോളനിവാസികള്‍ക്ക് സഞ്ചരിക്കാനുള്ള വഴിയുടെ കഷ്ടപ്പാട് നേരിട്ടറിയുന്നതിനായി മുതലമട പഞ്ചായത്ത് പ്രസിഡന്റ് പറമ്പിക്കുളത്ത് തേക്കടിയിലെത്തി.
വാര്‍ഡ് മെമ്പര്‍ ശ്രീധരന്, ആദിവാസി നേതാവ് ചന്ദ്രന്, വനം വകുപ്പ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍,ആദിവാസി യുവാക്കള്‍ എന്നിവരോടൊപ്പം കാട്ടിലൂടെ യാത്ര ചെയ്ത് അനുയോജ്യമായ ട്രക്ക് പാത്ത് കണ്ടെത്തിയിരുന്നു. ട്രക്ക് പാത്ത് നിര്‍മ്മിക്കുകയോ ജീപ്പ് സഞ്ചരിക്കുന്ന വിധമുള്ള വഴി നിര്‍മ്മിക്കാമെന്ന് പറഞ്ഞെങ്കിലും നിയമക്കുരുക്കിന്റെ പേരില്‍ പദ്ധതി നടപ്പിലായില്ല.
ചെമ്മണാമ്പതിയിലെത്തുന്നതിന് മരം മുറിക്കാതെയോ, പാറപൊട്ടിക്കാതെയോ ട്രാക്ക്പാത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയതായി കോളനി നിവാസികള്‍ പറയുന്നു. ഇത് നടപ്പിലായാല്‍ കോളനിയില്‍ കഴിയുന്നവര്‍ക്ക് മുതലമടയില്‍ എത്തിച്ചേരാന്‍ കഴിയും.
എംപി, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, എംഎല്‍എ എന്നിവര്‍ ഇടപെട്ട് കേരളത്തിലൂടെയുള്ള പാത നിര്‍മ്മാണത്തിനുവേണ്ട നടപടിയെടുക്കണമെന്നാണ് കോളനി നിവാസികളുടെ പ്രധാനാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: