അട്ടപ്പാടി കടുത്ത
വരള്ച്ചയിലേക്ക്അഗളി: ആദിവാസി ഊരുകളും മലയോരഗ്രാമങ്ങളും രൂക്ഷമായ വരള്‍ച്ചയില്‍. പ്രദേശത്തെ കാട്ടരുവികളും ഉറവകളും വറ്റിത്തുടങ്ങിയതോടെയാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്.
ഭവാനി,ശിരുവാണി പുഴകളിലും നീരൊഴുക്ക് നന്നെകുറഞ്ഞു.പുഴയെ ആശ്രയിച്ച് ജലവിതരണം നടത്തുന്ന ശുദ്ധജല പദ്ധതികളുടെ നടത്തിപ്പും ബുദ്ധിമുട്ടിലായി.മണിക്കൂറുകളുടെശ്രമംകൊണ്ടാണ് പല ജലസംഭരണികളിലും വെള്ളം നിറക്കുവാന്‍ കഴിയുന്നത്.
മലയോരങ്ങളിലെ ഉറവകളെ ആശ്രയിച്ചിരുന്ന പദ്ധതികള്‍ പലതും പ്രവര്‍ത്തനം നിലച്ചു.പല ഊരുകളിലുള്ളവരും കിലോമീറ്ററുകള്‍ താണ്ടിയാണ് വെള്ളം കൊണ്ടുവരുന്നത്.
പാലൂര് മേഖലയില്‍ പത്ത് ഊരുകളെങ്കിലും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. ഇവിടെ മൂന്ന് ഊരില്‍ റവന്യുവകുപ്പ് വാഹനത്തില്‍ വെള്ളം എത്തിക്കുന്നുണ്ട്. കനത്ത ചൂടില്‍ പച്ചപ്പെല്ലാം കരിഞ്ഞുതുടങ്ങി. വെള്ളമില്ലാതെ വളര്‍ത്തുപുല്ലും ഉണങ്ങിയതോടെ കന്നുകാലികളുടെ കാര്യവും കഷ്ടത്തിലായി. വൈക്കോലും തമിഴ്നാട്ടില്‍ നിന്നുള്ള ചോളത്തണ്ടും കിട്ടാനില്ലാതായതോടെ കന്നുകാലികളെ വളര്‍ത്തി ഉപജീവനം കഴിക്കുന്നവര്‍ പ്രതിസന്ധിയിലായി.
ആട്ടിന്‍പറ്റങ്ങളുമായി കിലോമീറ്ററുകളോളം സഞ്ചരിച്ചാലും തീറ്റ കണ്ടെത്താനാവാത്ത സാഹചര്യമാണെന്ന് ആദിവാസികള്‍ പറയുന്നു.
കിണറുകളും കുളങ്ങളും കുറവായ അട്ടപ്പാടിയില്‍ വരും മാസങ്ങളില്‍ കടുത്ത ശുദ്ധജലക്ഷാമം നേരിടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: