കാട്ടാക്കട : പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ വയോധികന് നഷ്ടമായത് കാത്തിരുന്ന് കിട്ടിയ വാര്‍ദ്ധക്യകാല പെന്ഷന്. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ വാര്‍ദ്ധക്യകാല പെന്ഷന് അക്കൗണ്ട് മാറി നിക്ഷേപിച്ചതാണ് വൃദ്ധന് പെന്ഷന് നഷ്ടമാവാന്‍ കാരണം. തനിക്ക് അനുവദിച്ച പെന്ഷന് തുകയ്ക്കായി പഞ്ചായത്തിലും ബാങ്കിലുമായി കഴിഞ്ഞ ഒരു മാസമായി കയറിയിറങ്ങുകയാണ് നെയ്യാര്‍ഡാം നിരപ്പുകാല ലളിതാ ഭവനില്‍ സി.വിജയന് നായര്‍ (66). പഞ്ചായത്തില്‍ എത്തിയ മൂന്നുമാസത്തെ പെന്ഷന് തുകയായ 3000 രൂപ വിജയന് നായരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. അതേസമയം തുക പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോള്‍ അക്കൗണ്ടില്‍ പണം വന്നിട്ടില്ലെന്നാണ് ബാങ്കില്‍ നിന്ന് അറിയിച്ചത്. വിജയന് നായര്‍ അന്വേഷണവുമായി പല പ്രാവശ്യം പഞ്ചായത്തില്‍ കയറിയിറങ്ങിയെങ്കിലും പണം അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്ന നിലപാടില്‍ ജീവനക്കാര്‍ ഉറച്ചുനിന്നു. മരുന്നിനും മറ്റുമായി പെന്ഷന് മാത്രം ആശ്രയിച്ചു കഴിയുന്ന വിജയന് നായരുടെ ദൈന്യത കണ്ട് അലിവുതോന്നിയ ഒരു ഉദ്യോഗസ്ഥന് പരിശോധിച്ചപ്പോഴാണ് അക്കൗണ്ട് നമ്പര്‍ മാറിയാണ് തുക നിക്ഷേപിച്ചതെന്ന് ബോധ്യപ്പെട്ടത്. എങ്കിലും പറ്റിയ പിഴവ് പരിഹരിക്കാന്‍ പഞ്ചായത്തിന് ഇതേവരെ കഴിഞ്ഞിട്ടില്ല. വിജയന് നായര്‍ ദിവസേന പഞ്ചായത്തു പടിക്കലും ബാങ്കിലും പെന്ഷന് ചോദിച്ചെത്തും. വൈകുന്നേരം വരെ കാത്തിരുന്ന ശേഷം നിരാശനായി മടങ്ങും.
പഞ്ചായത്തിന് പറ്റിയ പിഴവ് അവിടെ തന്നെ പരിഹരിക്കണം എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അക്കൗണ്ട് നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് വിജയന് നായര്‍ ബാങ്കില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് തെറ്റായി രേഖപ്പെഴുത്തിയ അക്കൗണ്ട് നമ്പര്‍ നിലവില്‍ ഇല്ലാത്തതാണ്. അതിനാല്‍ പരിമിതികള്‍ ഉണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പഞ്ചായത്ത് അധികൃതര്‍ക്ക് സംഭവിച്ച പിഴവിന് തന്നെ എന്തിന് തന്നെ കഷ്ടപ്പെടുത്തുന്നു എന്നാണ് വിജയന് നായര്‍ ചോദിക്കുന്നത്. കഴിഞ്ഞ ഓണത്തിനും തനിക്ക് പെന്ഷന് കിട്ടിയില്ലെന്ന് ഈ വൃദ്ധന് പറയുന്നു. തന്റെ സങ്കടം ആരോട് പറയുമെന്ന വിജയന് നായരുടെ ചോദ്യത്തിന് മറുപടി നല്കാന് ആര്‍ക്കും കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: