തിരുവനന്തപുരം: യോഗയെ വില്‍പ്പനച്ചരക്കാക്കുന്ന കാലഘട്ടത്തില്‍ ആദ്യ യോഗ ആചാര്യന് ശ്രീകൃഷ്ണന് പ്രണാമമര്‍പ്പിച്ച് ശ്രീകൃഷ്ണയോഗത്തോണ്. ശരിയായ യോഗചര്യയിലൂടെ യോഗയുടെ സ്രഷ്ടാവായ ശ്രീകൃഷ്ണനിലേക്ക് എന്ന സന്ദേശം ഉയര്‍ത്തി ആയിരത്തിലധികം കുട്ടികള്‍ ഒരുമിച്ച് യോഗ പ്രദര്‍ശനം നടത്തി. ഫെബ്രുവരി 2മുതല്‍ 5 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു ആദ്ധ്യാത്മിക സേവന മേളയോടനുബന്ധിച്ചാണ് പൂജപ്പുര മൈതാനത്ത് സ്കൂള്‍ കുട്ടികളുടെ യോഗ പ്രദര്‍ശനം നടന്നത്.
ഹിന്ദു ആദ്ധ്യാത്മിക സേവന മേളയുടെ ജനറല്‍ കണ്‍വീനര്‍ രഞ്ജിത് കാര്‍ത്തികേയന്റെ അദ്ധ്യക്ഷതയില്‍ നടന്ന ശ്രീകൃഷണ യോഗത്തോണ്‍ മുന്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രാജീവ് നാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നെട്ടയം ശ്രീരാമകൃഷ്ണ ആശ്രമം സ്വാമി യോഗവ്രതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഹാബിറ്റാറ്റ് ജി. ശങ്കര്‍, സിനിമാ നിര്‍മ്മതാവ് ദിനേഷ് പണിക്കര്‍, സംവിധായകന് വിജിതമ്പി, ഭാവചിത്ര ജയകുമാര്‍, ചിന്മയ മിഷന് ചീഫ് സേവക് സുരേഷ് , എസ്. വിജയകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
ശംഖ്നാഥത്തോടെ യോഗ ചടങ്ങുകള്‍ക്ക് തുടക്കമായി. യോഗത്തോണിന്റെ തുടക്കത്തിലും സമാപനത്തിനും ദേശീയഗാനം ആലപിച്ചു. തലസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ശിവോഹം അജിത് യോഗാചാര്യനായി. വനം വന്യജീവി സംരക്ഷണം, സന്തുലിത പരിസ്ഥിതി, പ്രകൃതി പരിപാലനം, കുടുംബ, മാനുഷിക മൂല്യങ്ങളെ വളര്‍ത്തല്‍, സ്ത്രീകളെ ബഹുമാനിക്കല്‍, ദേശഭക്തി വളര്‍ത്തല്‍ തുടങ്ങിയ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള തീമാറ്റിക് യോഗാ പ്രദര്‍ശനമാണ് നടത്തിയത്. ഇതിനായി 18 യോഗാസനങ്ങളാണ് അവതരിപ്പിച്ചത്. പ്രദര്‍ശനം നടത്തുമ്പോള്‍ പ്രൊഫ. ഉണ്ണികൃഷണന് നമ്പൂതിരി ഗീതാശ്ലോകം ചൊല്ലി വിവരണം നല്കി. ചടങ്ങില്‍ എത്തിയ അതിഥികളെ കൃഷ്ണതുളസി തൈ നല്‍കിയായിരുന്നു സ്വീകരിച്ചത്.
യോഗത്തോണിനോട് അനുബന്ധിച്ച് 27ന് വൈകിട്ട് 4ന് ഗാന്ധിപാര്‍ക്കില്‍ ആയിരം പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ഭാരതീയ ഗാനത്തോണ്‍ നടക്കും. വിവിധ ഭാഷകളിലെ ദേശഭക്തിഗാനങ്ങള്‍ കുട്ടികള്‍ ആലപിക്കും. 29ന് രാവിലെ 11 ന് മ്യൂസിയം കോമ്പൗണ്ടില്‍ കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: