ചിത്രം നിര്‍മ്മിക്കണം. അതിനു കഥ വേണം. കഭഥയ്ക്കു സംഭാഷണമെഴുതണം. ആ രണ്ടു ചുമതലയും കുട്ടനാട് രാമകൃഷ്ണപിള്ളയെ ഏല്‍പ്പിക്കാമെന്ന് തീരുമാനമായി. ടി.എം. വര്‍ഗീസിന്റെ നിര്‍ദ്ദേശമായിരുന്നുവത്രെ അത്. കോണ്‍ഗ്രസ് നേതാവായിരുന്നു കുട്ടനാട് രാമകൃഷ്ണപിള്ളയും. നല്ല പ്രാസംഗികന്. നാടകരചയിതാവ്. ‘പ്രതിമ’ എന്ന നാടകം വിവാദമായിരുന്നു. സര് സിപി ആ നാടകം തിരുവിതാംകൂറില്‍ നിരോധിച്ചിരുന്നു. തിരക്കിട്ട് കഥയും സംഭാഷണവും എഴുതിത്തീര്‍ക്കണം. ഏത് നിമിഷവും ഒരറസ്റ്റിന്റെ ഭീഷണി നിലവിലുണ്ട്. പക്ഷെ കഥയും സംഭാഷണവും തയ്യാറാവുന്നതുകൊണ്ടുമാത്രം സിനിമയാവില്ല. ഛായാഗ്രാഹകന്‍ വേണം. സംവിധായകന് വേണം.
എസ്. നൊട്ടാണി സിനിമ ഉപേക്ഷിച്ച് മടങ്ങിപ്പോയിരുന്നു. കെ. സുബ്രഹ്മണ്യത്തിന് സ്വന്തം ചിത്രങ്ങളുടെ തിരക്കാണ്. പി.വി. കൃഷ്ണയ്യരാണെങ്കില്‍ പി.ജെ. ചെറിയാനുമായി ചേര്‍ന്നുള്ള തമിഴ് ചിത്രത്തിന്റെ ബദ്ധപ്പാടിലുമാണ്. എവിടെനിന്നെങ്കിലും ഒരു സംവിധായകനെയും ഛായാഗ്രാഹകനേയും തപ്പിയെടുത്ത് മുന്‍ ചിത്രങ്ങളെപ്പോലെ പുറംനാട്ടിലെ അന്യഭാഷാചിത്ര നിര്‍മ്മാണകേന്ദ്രങ്ങളുടെ ഒഴിവുസമയ ഔദാര്യത്തിനു കാത്തുകിടന്നു സിനിമയെടുക്കുകയല്ല തങ്ങളുടെ ലക്ഷ്യം. സ്ഥിരമായി ചിത്രങ്ങള്‍ നിര്‍മ്മിക്കണം. ഒരു കമ്പത്തിന്റെ പേരില്‍ സിനിമയെടുക്കാന്‍ വരികയല്ല; തുടര്‍ച്ചയായി സിനിമകളെടുത്ത് ഈ വ്യവസായത്തിന്റെ ഭാഗമാകാന്‍ കച്ചകെട്ടിയാണ് പുറപ്പാട്. അതിനാദ്യം നിര്‍മാണ സംവിധാനങ്ങള്‍ക്ക് പുറംസഹായം ആവശ്യമില്ലാത്ത ഒരു നിര്‍മ്മാണകേന്ദ്രം, സ്റ്റുഡിയോ ഉണ്ടാകണം. അക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് കഴിയുന്ന സാങ്കേതികോപദേഷ്ടാവുകൂടിയാവണം സംവിധായകന്.
അങ്ങനെയൊരാളെ കണ്ടെത്തുന്ന ചുമതല വിന്‍സന്റിനെയല്ലാതെ മറ്റാരെ അവരേല്‍പ്പിക്കാന്‍? സിനിമയെക്കുറിച്ചുള്ള കേട്ടറിവുകളല്ലാതെ കണ്ടറിവുകള്‍ അവര്‍ക്കിടയില്‍ വിന്സന്റിനു മാത്രമാണുള്ളത്. സേലത്തും ചെന്നൈയിലും പ്രാപ്യമായ ദൂരവീക്ഷണത്തിലധിഷ്ഠിതമായ സാങ്കേതിക പരിജ്ഞാനം മാത്രമായിരുന്നു ഈ ഇക്കാര്യത്തില്‍ തന്റെ ആധികാരികതയായി വിന്‍സന്റ് സ്വയം കരുതിയിരുന്നതും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നത്. അത്രയുംവച്ചു ഇപ്പോഴത്തെ സന്ദര്‍ഭത്തിനു തുണയാകാവുന്ന ഒരാളെ കണ്ടെത്താന്‍ കഴിയണം.
അങ്ങനെ പ്രാപ്തനായ ഒരാളെ കണ്ടെത്തിക്കൊണ്ടുവരിക എന്ന ദൗത്യവുമായി ഉദയായുടെ ഔദ്യോഗിക പ്രതിനിധിയായി വിന്‍സന്റ് പുറപ്പെട്ടു. മദിരാശിയിലേക്കാണാദ്യം പോയത്. സേലത്ത് ടി.ആര്. സുന്ദരത്തിന്റെ കേന്ദ്രം മാത്രമാണല്ലോ പ്രധാനമായുള്ളത്. മദിരാശിയിലാകുമ്പോള്‍ ഒന്നിലേറെ കേന്ദ്രങ്ങളുണ്ട്. മദിരാശിയില്‍നിന്നും കൃത്യമായ ഒരാളിനെ കിട്ടാതെ വന്നാല്‍ ബോംബെക്കും കല്‍ക്കത്തക്കുംവരെ പോകാനുറച്ചാണ് പുറപ്പാട്.
മദിരാശിയിലെത്തി. ആദ്യം അവിടത്തെ പ്രൗഢമായ ഒരു ഹോട്ടലില്‍ മുറിയെടുത്തു. എഗ്മൂറിലുള്ള വിക്ടറി ഹോട്ടലില്‍ എന്ന് ചേലങ്ങാട്ടു സാക്ഷ്യം. (തോപ്പില്‍ഭാസി തുടര്‍ച്ചയായി ഏറെക്കാലം അവിടെ താമസിച്ചിരുന്നു). ”ഹോട്ടലിന്റെ ഉടമ ഒരു മദാമ്മ. മദ്രാസിലെത്തുന്ന കേമന്മാരും കെങ്കേമന്മാരുമൊക്കെ തങ്ങുന്നത് ഈ ഹോട്ടലിലാണ്. പടം പിടിക്കാന്‍ വന്നിരിക്കുന്നയാള്‍ വിക്ടോറിയ ഹോട്ടലിലാണ് താമസമെന്നു പറഞ്ഞാല്‍ ഏതു ഫിലിം സ്റ്റുഡിയോക്കാരും വീഴും!”
പലയിടത്തും പലരെയും വിന്‍സന്റ് തേടി നോക്കി. കൃത്യമായി അനുയോജ്യനായ ഒരാളെ കണ്ടെത്താന്‍ കഴിയാത്തതിന്റെ മനഃക്ലേശവുമായി റസ്റ്റാറന്റിനരികിലെ വാഷ്ബെയ്സിന്റെ മുകളിലെ കണ്ണാടിക്കു മുന്പില് സ്വന്തം പ്രതിബിംബത്തെ നോക്കി ഒരു നിമിഷം ശൂന്യമായ മനസ്സോടെ നിന്നു. പിന്നെ കൈയും മുഖവും കഴുകി. നാട്ടിലെ പതിവിന് കൈയൊന്നു വീശി കുടഞ്ഞു. വാഷ്ബെയ്സിന്റെ നേര്‍ക്കു വരികയായിരുന്ന ഒരു ജര്‍മ്മന്‍ സായ്വിന്റെ മുഖത്ത് ആ കുടഞ്ഞ വെള്ളം തെറിച്ചുവീണു.
വിന്സന്റിനു ഖേദം തോന്നി. സാക്ഷാല്‍ രാജ്ഞിയുടെ ആംഗലത്തില്‍ വിന്‍സന്റ് ക്ഷമ പറഞ്ഞു. ഉച്ചാരണ വെടിപ്പുള്ള ഉപചാരവാക്കുകള്‍ ക്ഷമാപണശ്രുതിയില്‍ തുടര്‍ച്ചയായി ഉതിര്‍ന്നു. സാരമില്ലെന്ന് ജര്‍മ്മന്‍ ചുവ തീണ്ടിയ ആംഗലത്തില്‍ സായ്വിന്റെ ഉപചാരവാക്കുകള്‍ തിരിച്ചും ഒഴുകി. അതൊരു സൗഹൃദമായി വളരാതെങ്ങനെ! സംസാരപ്രിയന്‍കൂടിയാണല്ലോ വിന്‍സന്റ്.
തന്റെ മുറിയുടെ രണ്ടു മുറിയപ്പുറത്താണ് സായ്വിന്റെ മുറി. പത്നീസമേതമാണ് അവതാരം. പേര് ഫെലിക്സ് ജെ. ബെയ്സ്. (ചേലങ്ങാട്ടിന്റെ രേഖയില്‍ ഫെലിക്സ് എം. ബെയ്സ്!) ജര്‍മ്മനിയില്‍നിന്ന് ഇന്ത്യയിലെ പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുവേണ്ടി വന്ന ക്യാമറാമാന് കം ഡോക്യുമെന്ററി ഫിലിംമെയ്ക്കറാണ്.
തേടിയ വള്ളി കാലില്‍ ചുറ്റിയ സന്തോഷം വിന്‍സന്റ് ആദ്യം പുറമെ ഭാവിച്ചില്ല. സായ്വിന്റെ കയ്യിലുള്ള ഒരു ഐമോക്യാമറ കണ്ടപ്പോള്‍ വിന്സന്റിനു പാതി വിശ്വാസമായി. തന്റെ ആഗമനോദ്ദേശം സായ്വിനോടു പറഞ്ഞു. സ്റ്റുഡിയോ ഇണക്കിയശേഷം നിര്‍മ്മാണത്തിനിറങ്ങുകയാണ് നന്നെന്ന വിന്‍സന്റിന്റെ അഭിപ്രായം തന്നെയാണ് ബെയ്സിനും. അതിന്റെ ചെലവു രൂപങ്ങള്‍ കണക്കുകളായി സായ്വ് നിരത്തിയപ്പോള്‍ വിന്‍സന്റിന് കൂടുതല്‍ ബോധ്യമായി.
”താല്‍ക്കാലികമായി പണിതീര്‍ത്ത ഒരു ഷെഡ്ഡും കറന്റ് കണക്ഷനും ലൈറ്റുകളും അഭിനയക്കാരുമുണ്ടെങ്കില്‍ നാട്ടില്‍വച്ച് ഒരു പടം ഷൂട്ട് ചെയ്തുതീര്‍ക്കാം. ഒരു ഹാന്റ്ലാബും വേണം. ഇങ്ങനെ എടുത്ത ഫിലിം മദ്രാസില്‍ കൊണ്ടുവന്ന് എഡിറ്റിംഗും റീ-റിക്കാര്‍ഡിംഗും. അങ്ങനെ ചിലതുമെല്ലാം നടത്തിയാല്‍ മുഴുനീള സിനിമയായി. മദ്രാസില്‍ത്തന്നെ സെന്‍സറിംഗ് നടത്തി പ്രിന്റുകള്‍ എടുത്തു പെട്ടിക്കുള്ളിലാക്കിക്കൊണ്ടുപോയി റിലീസ് ചെയ്യാം.”
രണ്ടുലക്ഷം രൂപയുണ്ടെങ്കില്‍ സ്റ്റുഡിയോയും ഒപ്പം സിനിമാപിടുത്തവും നടത്താമെന്നാണ് ബെയ്സ് പറയുന്നത്. ഒരു പടം പിടിയ്ക്കാന്‍ എത്ര ചുരുക്കിയാലും ഒന്നൊന്നര ലക്ഷ രൂപ വേണമെന്നാണ് മദ്രാസിലുള്ള സ്റ്റുഡിയോക്കാര്‍ പറയുന്നത്. അതു രണ്ടു തികച്ചാല്‍ ഒരു സ്റ്റുഡിയോയുമായി, ഒരു ചിത്രവുമായി.
വിന്‍സന്റ് നാട്ടിലുള്ളവരുമായി ചര്‍ച്ച ചെയ്തു. ബെയ്സിനെയും കൂട്ടി വരുവാനായി നിര്‍ദ്ദേശം വന്നു. ബെയ്സും ഭാര്യയും വിന്‍സന്റിനോടൊപ്പം ആലപ്പുഴയിലെത്തി. ബീച്ചിലുള്ള ടിബിയിലായിരുന്നു സായ്വിനും മദാമ്മക്കും താമസസൗകര്യമേര്‍പ്പെടുത്തിയത്.
പിറ്റേന്ന് എല്ലാവരും ചേര്‍ന്നായി ആലോചന. ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ചുമതല താന്‍ നിര്‍വ്വഹിച്ചുകൊള്ളാമെന്നു ബെയ്സ് ഏറ്റതോടെ കാര്യങ്ങള്‍ക്കു പെട്ടെന്ന് തീരുമാനമായി.
നിര്‍മ്മിക്കുവാനുദ്ദേശിക്കുന്നത് ഒരു സാമൂഹ്യകഥയാണെന്നറിഞ്ഞപ്പോള്‍ ബെയ്സ് പ്രോത്സാഹിപ്പിച്ചു; ചെലവു കുറഞ്ഞിരിക്കുവാന് അതു നല്ലതാണ്.
നൂറടി നീളവും നാല്പ്പതടി വീതിയുമുള്ള ഒരു ഷെഡ്ഡ് മതി ഫ്ളോറിനെന്ന് ബെയ്സ് പറഞ്ഞപ്പോള്‍ അതു മറ്റുള്ളവര്‍ക്കു നിസ്സാരമായി തോന്നി. കയര്‍ ഫാക്ടറിയില്‍ നിലവിലുള്ളതുപോലെ ഒരു ഷെഡ്ഡ്. അത്രതന്നെ; അത് നിഷ്പ്രയാസം ഉണ്ടാക്കാം.
എവിടെ വേണം?
സ്റ്റുഡിയോയുടെ അനുബന്ധ സംവിധാനങ്ങളും അവിടെ വേണമല്ലോ. അതിനു പറ്റിയ സ്ഥലമാദ്യം നോക്കണം.ആലപ്പുഴക്ക് വടക്കുവശത്ത് കലവൂരിന് കിഴക്കായി ഹര്‍ഷന്‍പിള്ളയുടെ കുരിശിങ്കല്‍ കുടുംബത്തിന് വലിയൊരു പുരയിടമുണ്ട്, 62 ഏക്കര്‍ വിസ്തൃതിയില്‍; കണ്ണാന്തറ പുരയിടം. പക്ഷെ, അവിടേയ്ക്കു റോഡില്ല. രണ്ടു പറമ്പപ്പുറത്തു കൂടിയാണ് ആലപ്പുഴ-ചേര്‍ത്തല റോഡ് പോകുന്നത്. ആ റോഡില്‍നിന്ന് കണ്ണാന്തറയിലേക്കു റോഡുവെട്ടുവാന്‍ രണ്ടു പറമ്പുകാരും സമ്മതിക്കില്ല. വേറെയുമുണ്ട് പ്രശ്നം. കണ്ണാന്തറയുടെ നടുവിലൂടെയാണ് ആലപ്പുഴ-ചേര്‍ത്തല കനാല്‍ കടന്നുപോകുന്നത്. ലോകയുദ്ധനാളുകളില്‍ പട്ടിണിമരണം പതിവായപ്പോള്‍ സര് സിപി പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു നേരം കഞ്ഞി മാത്രം കൂലി നല്കി അവരുടെ അധ്വാനത്തെ ചൂഷണം ചെയ്ത് കെട്ടിച്ചതാണ് ഈ കനാല്‍. കനാല്‍ വന്നതോടെ പരിസരത്തെ വയലിലെയും കുളങ്ങളിലെയും ജലം താണ് മണ്ണ് ഊഷരമായി. വെള്ളം കിട്ടാന്‍ വിഷമമായി.
ബെയ്സ് ഈ സ്ഥലം സ്റ്റുഡിയോ സ്ഥാപിക്കുവാന്‍ പറ്റിയതല്ലെന്നു വിധിച്ചു.
കളര്‍കോട്ട് ഇന്നത്തെ എസ്ഡി കോളേജ് നില്‍ക്കുന്നതിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു സ്ഥലം തേടിപ്പോയി. സ്ഥലം നന്ന്. പക്ഷെ ഉടമസ്ഥര്‍ അത് വിലയ്ക്കേ നല്‍കൂ. ‘ഉദയാ’യ്ക്കു അപ്പോള്‍ അതിനുള്ള ബജറ്റില്ല. തറവാടകയേ നല്‍കാനാകൂ. സ്ഥലമുടമകള്‍ക്ക് അത് സ്വീകാര്യമല്ല. അതും വേണ്ടെന്നുവച്ചു.
എത്ര സ്ഥലം വേണ്ടിവരും?
ഫ്ളോര്‍, അനുബന്ധ സംവിധാനങ്ങള്‍, അഭിനയക്കാര്‍ക്കും മറ്റും താമസിക്കുവാന്‍ അതാതു ചേര്‍ച്ചയ്ക്കിണങ്ങുന്ന താമസസ്ഥലങ്ങള്‍…കുറഞ്ഞതു നാലേക്കറെങ്കിലും വേണം.
ബെയ്സ് പറഞ്ഞു:
ഭാവിയില്‍ കയര്‍ ഫാക്ടറി ആരംഭിക്കാമെന്ന ചിന്തയില്‍ പാതിരപ്പള്ളിയില്‍ കുഞ്ചാക്കോ നാലേക്കറോളം സ്ഥലം വാങ്ങിയിട്ടിരുന്ന കാര്യം ഹര്‍ഷന്‍പിള്ള ഓര്‍ത്തു.
പാതിരപ്പള്ളിയില്‍ ആദ്യം രണ്ടേക്കര്‍ സ്ഥലമാണ് കുഞ്ചാക്കോ വാങ്ങിയിരുന്നത്. അവിടെ മെയിന്റോഡിന് കിഴക്കുവശത്തായി രണ്ടുമൂന്നു മുറികളും അടുക്കളയുമായി ഓടിട്ട ഒരു വീട് പണിയിച്ചു. പിന്നീട് സെന്റിന് അര രൂപ വിലവച്ച് നാലേക്കര്‍കൂടി തയ്യില്‍ കുറുപ്പന്മാരില്‍നിന്ന് വാങ്ങുകയായിരുന്നു എന്നാണ് ചേലങ്ങാട്ട് രേഖപ്പെടുത്തുന്നത്. സ്റ്റുഡിയോവളപ്പില്‍ കാണാവുന്ന പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോയുടെ നേരെ പുറകില്‍ കാണുന്ന ആ ഓടിട്ട വീട്ടില്‍ കുറച്ചുനാള്‍ കുഞ്ചാക്കോയും അന്നമ്മ കുഞ്ചാക്കോയും താമസിക്കുകയും ചെയ്തിരുന്നു. പിന്നീടാണത്രെ ശവക്കോട്ടപ്പാലത്തിനു തെക്കുവശത്ത് കോണ്‍വന്റ് സ്ക്വയറിനടുക്കലുള്ള സ്ഥലം ഒരു പഠാണി സേട്ടില്‍നിന്ന് വിലയ്ക്കുവാങ്ങി ഇന്നുള്ള ബംഗ്ലാവ് അവിടെ പണികഴിപ്പിച്ചത്.
പാതിരപ്പള്ളിയിലെ ഓടിട്ട വീട് പക്ഷെ പൊളിച്ചുകളഞ്ഞില്ല. എഡിറ്റിംഗ് റൂമും ക്യാമറാറൂമും പ്രിവ്യൂ തിയേറ്ററുമാക്കി. ആ വീടിന്റെ അടുക്കള മെയ്ക്കപ്പ്റൂമുമായി. സ്റ്റുഡിയോ സ്ഥാപിക്കാനായി ആ സ്ഥലം തറവാടകയ്ക്കു നല്‍കാമോ എന്നാരാഞ്ഞപ്പോള്‍ കുഞ്ചാക്കോ പക്ഷെ പറഞ്ഞത് തറവാടകയ്ക്കു തരില്ലെന്നും വിലയ്ക്കാണെങ്കില്‍ തരാമെന്നുമാണ്. വില തരാന്‍ ബജറ്റ് ക്ലേശമുണ്ടെന്ന് കുഞ്ചാക്കോക്കുമറിയാമല്ലോ എന്നായി ഇപ്പുറത്തുനിന്നുള്ള മറുപടി. അതിന് കുഞ്ചാക്കോ ഒരു പരിഹാരം അങ്ങോട്ട് നിര്‍ദ്ദേശിച്ചു. വില പണമായി തരണമെന്നില്ല. വില നിശ്ചയിച്ച് ആ തുകക്ക് തന്റെയും അന്നാമ്മ കുഞ്ചാക്കോയുടെയും പേരില്‍ ഷെയര്‍ തന്നാല്‍ മതി. തിരുവനന്തപുരത്തുള്ള ടി.എം. വര്‍ഗീസിനടക്കം എല്ലാവര്ക്കും അത് സ്വീകാര്യമായി.
അങ്ങനെ ഉദയാ പിക്ചേഴ്സ് 13 ഷെയര്‍ഹോള്‍ഡര്‍മാരുള്ള കമ്പനിയായി പുനര്‍ഃരജിസ്റ്റര്‍ ചെയ്തു. 22780 രൂപയുടെ ഷെയറാണ് കുഞ്ചാക്കോക്കും അന്നമ്മ കുഞ്ചാക്കോക്കും സ്ഥലവിലക്ക് തുല്യമായ ഷെയറായി നല്‍കിയതെന്നാണ് ആലപ്പി വിന്‍സന്റിന്റെ ജീവചരിത്രകാരനായ സെബാസ്റ്റിയന് പോൡന്റെ സാക്ഷ്യം.
മറ്റൊന്നുകൂടി സെബാസ്റ്റിന് പോള്‍ പറയുന്നു. കുഞ്ചാക്കോ എന്ന കള്ളുഷാപ്പ് കോണ്‍ട്രാക്ടറെ പങ്കാളിയാക്കുന്നതില്‍ കമ്പനിയിലെ പ്രമാണിമാരായ ചില അംഗങ്ങള്‍ക്കു വൈമനസ്യമുണ്ടായിരുന്നുവത്രെ! വിന്‍സന്റ് മുന്‍കൈയെടുത്തും ടിവിയുടെ സ്നേഹപൂര്‍ണമായ ഇടപെടല്‍ നിമിത്തമായും കുഞ്ചാക്കോ അവര്‍ക്കും അഭിമതനായി പിന്നീട് മാറുകയായിരുന്നുപോലും! കുഞ്ചാക്കോ ആയിരുന്നു കമ്പനി സെക്രട്ടറി. ഹര്‍ഷന്‍പിള്ളയുടെ സഹോദരന് റാംപിള്ള എന്ന രാമന്‍പിള്ള ആദ്യ സ്റ്റുഡിയോ മാനേജറുമായി.
അടുത്ത ലക്കത്തില്‍: സ്വാമിശരണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: