”ജീവിതം നമ്മള് പ്ലാന്‍ ചെയ്യുന്നതുപോലെയല്ല, ദൈവനിശ്ചയംപോലെയാണ്, നമ്മള് എന്തു പ്ലാന്‍ ചെയ്താലും സംഭവിക്കേണ്ടതാണെങ്കില്‍ അത് സംഭവിച്ചിരിക്കും. പറയുന്നത് മറ്റാരുമല്ല, മലയാള സിനിമയില്‍ ഒരേ സമയം നായകനായും തിരക്കഥാകൃത്തായും പ്രേക്ഷകഹൃദയത്തില്‍ ചേക്കേറിയ യുവതാരം വിഷ്ണു ഉണ്ണികൃഷ്ണന്. ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കി തിരക്കഥാരംഗത്ത് ചുവടുറപ്പിച്ച വിഷ്ണു ”കട്ടപ്പനയിലെ ഋത്വിക് റോഷനി”ലൂടെ തിരക്കഥാകൃത്തായും നായകനായും തരംഗം സൃഷ്ടിച്ചു. ഗ്ലാമര്‍ നായകന്മാരെ കണ്ടുശീലിച്ച മലയാള സിനിമയ്ക്ക് അഭിനയമികവിലൂടെ നായകപരിവേഷത്തിന് പുതിയ തലം സൃഷ്ടിച്ചിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്.
വിഷ്ണു പിന്നിട്ട വഴികളില്‍ ജീവിതയാഥാര്‍ത്ഥ്യത്തിന്റെ കനല്ചൂടുണ്ടായിരുന്നു. എഴുതിയ തിരക്കഥകളിലെ കഥാപാത്രങ്ങള്‍ക്ക് ജീവിതത്തില്‍ കെട്ടിയാടിയ വേഷങ്ങളുടെ പ്രതിച്ഛായയുണ്ടായിരുന്നു. പ്രതിബന്ധങ്ങളില്‍ പതറാതെയുള്ള ശുഭാപ്തിവിശ്വാസവും നിശ്ചയദാര്‍ഡ്യവുമാണ് വിഷ്ണു ഉണ്ണികൃഷ്ണനെ മലയാളികളുടെ സ്വന്തം ഋത്വിക്റോഷനാക്കിയത്.
എറണാകുളം കലൂര്‍ കട്ടക്കര റോഡില്‍ നെടുങ്ങോരപറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന് സ്വപ്നങ്ങളും സൗഹൃദങ്ങളുമേറെയുണ്ടായിരുന്നു. പുല്ലേപടിയിലെ സുഹൃത്തുക്കളുമൊത്ത് സിനിമാ കൊട്ടകകളിലേക്കുള്ള യാത്രകളില്‍ അഭ്രപാളികളിലെ വര്‍ണവെളിച്ചം നിറഞ്ഞുനിന്നിട്ടുണ്ടാവാം. പക്ഷേ ജീവിത ഓട്ടത്തില്‍ എറണാകുളം മാര്‍ക്കറ്റിലെ ഒരു കടയിലെ ജീവനക്കാരന്റെ ‘വേഷം’ അഭിനയിച്ചുതീര്ക്കാനായിരുന്നു വിധി. ഭാര്യ ലീലയ്ക്കും മക്കളായ ലക്ഷ്മിപ്രിയയ്ക്കും രശ്മിക്കും, വിഷ്ണുവിനും അന്നന്നത്തെ അന്നം കണ്ടെത്താനുള്ള നെട്ടോട്ടം. പുല്ലേപടിയിലെ സുഹൃത്തുക്കള്‍ വലിയ സിനിമാക്കാരായപ്പോഴും അത് അധികമാരോടും ഉണ്ണികൃഷ്ണന് പറഞ്ഞുനടന്നില്ല. പ്രാരാബ്ധങ്ങള്‍ക്കിടയിലും ഇളയമകന് മിമിക്രിയും സിനിമയുമായി നടന്നെങ്കിലും ഉണ്ണികൃഷ്ണന് മകനെ പിന്തിരിപ്പിക്കാന് മുതിര്‍ന്നില്ല.
ഇടയ്ക്കെപ്പോഴോ സിദ്ദിഖ്, ലാല്‍ തുടങ്ങിയവരെ തനിക്കും അറിയാമെന്നു പറഞ്ഞുവെന്നുമാത്രം. വര്‍ഷങ്ങള്‍ കഴിഞ്ഞ് സിനിമാ സെറ്റില്‍വച്ച് സംവിധായകന് സിദ്ദിഖിനെ പരിചയപ്പെട്ടപ്പോള്‍ ഞെട്ടിയത് മകന് വിഷ്ണുവാണ്. വീടെവിടെയെന്ന ചോദ്യത്തിനു മറുപടി പറഞ്ഞപ്പോള്‍ സിദ്ദിഖിന്റെ അടുത്ത ചോദ്യം അവിടൊരു ഉണ്ണിയെ അറിയുമോ എന്നായിരുന്നു. ആശ്ചര്യത്തോടെയും അത്ഭുതത്തോടെയുമാണ് വിഷ്ണു അത് തന്റെ അച്ഛനാണ് എന്നുപറഞ്ഞത്. സിദ്ദിഖ്, ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം കുട്ടിക്കാലത്ത് സിനിമാ കൊട്ടകകളിലൂടെ യാത്ര ചെയ്ത, സിനിമയെ സ്നേഹിച്ച ആ അച്ഛന്റെ മകന് മലയാളസിനിമയില്‍ പുതിയ ചരിത്രമെഴുതിയത് ദൈവത്തിന്റെ തിരക്കഥ.
എറണാകുളം കലൂര്‍ സെന്റ് അഗസ്റ്റിന് സ്കൂളിലെ കുറിയ പയ്യന് മിമിക്രി സ്റ്റേജില്‍ കയറിയത് നാലാം ക്ലാസില്‍ വച്ച്. അമ്മാവന്റെ മകന് വിബിന്റെ മിമിക്രിമോഹം കണ്ടിട്ടാണ് വിഷ്ണുവും അനുകരണ കലയ്ക്ക് പുറമേ കൂടിയത്. സ്കൂളിലെ കൊച്ചുകുട്ടി ആദ്യമായി വേദിയില്‍ കയറിയപ്പോള്‍ ആരും അധികമൊന്നും പ്രതീക്ഷിച്ചില്ല. എന്നാല്‍ ആദ്യവേദിയില്തന്നെ സദസിനെ കയ്യിലെടുത്ത വിഷ്ണുവിന് പിന്നെ ജീവിതത്തില്‍ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സ്കൂള്‍ പഠനകാലത്ത് ഒരുദിവസം കൂട്ടുകാരനായ ശ്രീനാഥിന്റെ വീടിനടുത്തുള്ള കാക്കനാട് മൂലേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒരു മിമിക്രി പരിപാടി ചെയ്യാന്‍ അവസരം ലഭിച്ചു. അവിടെ വിഷ്ണുവിനെ കാത്ത് കാലം കരുതിവച്ച ഒരു സുഹൃത്തുണ്ടായിരുന്നു. ബിബിന്‍ സ്കൂളില്‍ തുടങ്ങിയ ആ സൗഹൃദം കട്ടപ്പനയിലെ ഋത്വിക് റോഷന് വരെയെത്തിനില്‍ക്കുന്നു.
മിമിക്രിയില്‍ മിന്നിത്തെളിഞ്ഞ വിഷ്ണുവും ബിബിനും പിന്നീട് കണ്ടുമുട്ടിയിരുന്നത് കലോത്സവവേദികളിലായിരുന്നു. രണ്ട് ഉപജില്ലകളിലായിരുന്ന ഇരുവരും കലോത്സവവേദികളില്‍ സൗഹൃദം പങ്കുവച്ചു. മിമിക്രിയിലെ വിഷ്ണുവിന്റെ പോരാട്ടം സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനം വരെയെത്തി. എറണാകുളം ദാറുള്‍ ഉലും ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ്ടു പഠിക്കുമ്പോഴാണ് സംസ്ഥാന കലോത്സവ വിജയിയാവുന്നത്.
ഒന്നാംസ്ഥാനക്കാരന്റെ ഫോട്ടോ പത്രങ്ങളിലെത്തിക്കാന് പത്രമാഫീസുകളില്‍ കയറിയിറങ്ങിയത് മറ്റൊരു കഥ. കലോത്സവവേദിയില്‍ മത്സരിച്ച ഉടനെ മടങ്ങേണ്ടിവന്ന വിഷ്ണു പിറ്റേന്നാണ് താനാണ് വിജയി എന്നറിയുന്നത്. കഷ്ടപ്പെട്ട് തട്ടികൂട്ടിയ പൈസയുമായി എങ്ങനെയോ ഒരു ഫോട്ടോ പ്രിന്റ് എടുത്ത് പത്രമാഫീസുകളിലേക്ക് ഒരോട്ടം. സ്കൂളിലെ ഐഡന്റികാര്‍ഡ് ഒക്കെ കാട്ടി താന്‍ തന്നെയാണ് വിജയി എന്ന് ബോധ്യപ്പെടുത്താന്‍ പാടുപെട്ടു. ”ഒരുദിവസം കഴിഞ്ഞ് പത്രങ്ങളില്‍ പടം വന്നു. കുടുംബത്തില്‍നിന്ന് ആദ്യമായാണ് ഒരാളുടെ പടം പത്രത്തില്‍ വരുന്നത.് അതൊരാഘോഷമായിരുന്നു.”
എറണാകുളം മഹാരാജാസിലെത്തുമ്പോഴാണ് ബിബിനുമായി വീണ്ടുമൊന്നിക്കുന്നത്. ബിബിന്‍ ബിഎയും വിഷ്ണു ബികോമും. മിമിക്രിയില്‍ സ്കൂള്‍ ജീവിതത്തില്‍ തുടങ്ങിയ സൗഹൃദം കൊച്ചിന് ഹോളിവുഡ് എന്ന ഹിറ്റ് ട്രൂപ്പിന്റെ ഉദയം വരെയെത്തി. ഇതിനിടെ വീട്ടിലെ പ്രാരാബ്ധങ്ങള്‍. പക്ഷേ ആരോ നല്കിയ ധൈര്യത്തിന് വിഷ്ണു യാത്ര തുടര്‍ന്നു. ഇടയ്ക്ക് ഇന്‍ഷുറന്‍സ് ഏജന്റ് പണിയും. ലോണെടുത്താണ് ട്രൂപ്പ് തുടങ്ങിയത്. നിത്യചെലവിനുള്ള വഴി ട്രൂപ്പില്നിന്നുമൊപ്പിച്ചു. പക്ഷേ സിനിമയെന്ന ലക്ഷ്യം മനസില്‍ നിറഞ്ഞുനിന്നു. വിഷ്ണുവിന്റെ അഭിനയമോഹത്തിനു കരുത്തുപകരാന്‍ ബിബിനും ഒപ്പമുണ്ടായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങാന്‍ തങ്ങള്‍ക്കാവുമെന്ന ദൃഢനിശ്ചയം. എന്തുകൊണ്ട് ആ വിശ്വാസം എന്ന ചോദ്യത്തിന് വിഷ്ണുവിന്റെ മറുപടി ഇതാണ്. ”ഞങ്ങളുടെ അറിവുകേടാവാം അന്നത്തെ ധൈര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എങ്ങനെ ആ ധൈര്യം കിട്ടി എന്നത് ഉള്‍ക്കൊള്ളാനാവുന്നില്ല.”
സിനിമയുടെ പുറകെയുള്ള യാത്രയില്‍ വിഷ്ണുവും ബിബിനും പലയിടത്തും മുഖം കാണിച്ചു. സിബിമലയിലിന്റെ അസിസ്റ്റന്റ് നിഷാദ് ഖാനാണ് ‘എന്റെ വീട് അപ്പുന്റേം’ എന്ന ചിത്രത്തിലെത്തിച്ചത്. ജുവനൈല്‍ഹോമിലെ കുറ്റവാളിയുടെ വേഷം. കാലം കാത്തുവച്ചതുപോലെ പിന്നീട് കിട്ടിയ കഥാപാത്രങ്ങള്‍ സമാന സ്വഭാവങ്ങളുള്ളതായിരുന്നു. ‘കമ്മത്ത് ആന്‍ഡ് കമ്മത്തി’ല്‍ മാല തട്ടിപറിക്കുന്ന സീന്‍, ബാച്ചിലര്‍ പാര്‍ട്ടിയില്‍ കലാഭവന്‍ മണിയുടെ കുട്ടിക്കാലത്തെ വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന സീന്‍, ‘പളുങ്കി’ല്‍ കുട്ടിയെ ഉപദ്രവിക്കുന്ന കുറ്റവാളി, വര്‍ഷങ്ങള്‍ക്കിപ്പുറം ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലെ നായകകഥാപാത്രത്തിന് സിനിമാതേടിയുള്ള യാത്രയില്‍ ലഭിക്കുന്ന കഥാപാത്രങ്ങള്‍ കള്ളന് വേഷമായത് യാദൃച്ഛികം മാത്രം.
അഭിനയമോഹം തലയ്ക്കുപിടിച്ചാണ് വിഷ്ണുവും ബിബിനും ‘അമര്‍ അക്ബര്‍ അന്തോണി’യുടെ തിരക്കഥയെഴുതിയത്. സ്വന്തം തിരക്കഥയില്‍ അഭിനയിക്കാമല്ലോ എന്ന ആഗ്രഹം. കഥയെക്കുറിച്ച് പറയുന്നത് കലാഭവന്‍ ഷാജോണിനോട്. ഷാജോണ്‍ ആണ് ഇത് നാദിര്‍ഷായുടെ ചെവിയിലെത്തിച്ചത്. ബിബിന്‍ തിരക്കഥയെഴുതുന്ന ബഡായി ബംഗ്ലാവിന്റെ ഷൂട്ടിന്റെ സമയത്ത് നവോദയ സ്റ്റുഡിയോയില്‍ വച്ചാണ് നാദിര്‍ഷാ വിഷ്ണുവിനോട് നിങ്ങളുടെ കൈവശമൊരു സ്ക്രിപ്റ്റുണ്ടല്ലോ എന്ന് ചോദിക്കുന്നത്. നാദിര്‍ഷാ ദിലീപേട്ടനെയാവും നായകനായി ഉദ്ദേശിക്കുക എന്ന് ധരിച്ചതുകൊണ്ട് അത് ദിലീപേട്ടന് പറ്റിയ പടമല്ല എന്നായിരുന്നു മറുപടി. സ്ക്രിപ്റ്റ് കൊണ്ടുവാടോ എന്നായി നാദിര്‍ഷാ. ഫ്ളാറ്റിലെത്തി സ്ക്രിപ്റ്റ് കാണിച്ചു. പുള്ളി ഹാപ്പിയായി. ഇതാണ് എന്റെ ആദ്യ സിനിമ. നമ്മളിതു ചെയ്യുന്നു എന്നായി നാദിര്‍ഷാ. ഞങ്ങള്‍ അന്തംവിട്ടു. വെറുതെ കഥ കാണിച്ച് അഭിപ്രായം അറിയാം എന്നായിരുന്നു മനസില്‍. അടുത്തചോദ്യം ഉടന്‍ നിങ്ങള്‍ ആരെയാ ഉദ്ദേശിക്കുന്നത്. തല ചൊറിഞ്ഞുകൊണ്ട് ഞങ്ങള്‍ പറഞ്ഞു. ‘ഞങ്ങള്‍ ഞങ്ങളെ തന്നെയാണ് ഉദ്ദേശിക്കുന്നത്’ എന്ന്. സിനിമ നാലാള് കാണേണ്ട എന്നായി നാദിര്‍ഷാ. ഒരാളെയെങ്കിലും പ്രധാന നടന് വേണം എന്നുപറഞ്ഞു. അത് എത്തിനിന്നത് പൃഥ്വിരാജിലും ജയസൂര്യയിലും ഇന്ദ്രജിത്തിലും പടം സക്സസ്. വേറെന്തുവേണം”.
‘അമര്‍ അക്ബര്‍ അന്തോണി’ തീരുമാനിച്ചെങ്കിലും താരങ്ങളുടെ തിരക്കുകാരണം പൂര്‍ത്തിയാവാന്‍ വൈകി. ഈ ഇടവേളയിലാണ് ‘കട്ടപ്പനയിലെ ഋതിക് റോഷന്’ മനസ്സിലേക്കു വരുന്നത്. വേറൊരു സംവിധായകനേയും നായകനേയും മനസില്‍ കണ്ടെഴുതിയതാണ്. എന്നാല്‍ ആ നടന്റെ സമയക്കുറവുമൂലം നടന്നില്ല. തിരക്കഥ നാദിര്‍ഷായോടും പറഞ്ഞിരുന്നു. നാദിര്‍ഷായാണ് ഞങ്ങളെ അനുസരിപ്പിച്ചുകൊണ്ട് ഇത് നിങ്ങള്‍ ചെയ്താല്‍ മതിയെന്നും ഞാനിത് ഏറ്റെടുക്കാമെന്നും പറയുന്നത്. നാദിര്‍ഷായുടെ ആ വിശ്വാസമാണ് ‘കട്ടപ്പനയുടെ ഋത്വിക് റോഷന്’ വിജയിച്ചതിനു പിന്നില്‍.
സിനിമയുടെ ശരിക്കുള്ള പ്രതിസന്ധിയും ടെന്‍ഷനും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ചിത്രം സെന്‍സറിംഗ് വേളയില്‍ കണ്ട ചിപ്പി, മേനക, രഞ്ജിത്ത് ഒക്കെ കണ്ട് ഗംഭീരമായി എന്നുപറഞ്ഞു. ആത്മവിശ്വാസത്തോടെ ചെന്നൈയില്‍ റിലീസിംഗിന്റെ ഒരുക്കത്തിനായി യാത്ര. എയര്‍പോര്‍ട്ടില്‍ ഭക്ഷണം കഴിച്ച് 1000 രൂപ നീട്ടിയപ്പോള്‍ വെയ്റ്റര്‍ നോട്ട് എടുക്കില്ല എന്നുപറഞ്ഞു. നോട്ടിന്റെ കുഴപ്പമെന്നു കരുതി വേറൊരു നോട്ട് എടുത്തു നീട്ടി. ചേട്ടന്മാരെ 1000, 500 രൂപ നോട്ട് നിരോധിച്ചു. അറിഞ്ഞില്ലെ, എന്നു ചോദ്യം. അത് ഇടിവെട്ടിയതുപോലെയായിരുന്നു. ഇനിയെന്താവും എന്ന ആശങ്ക.
റിലീസ് ഒരാഴ്ചത്തേക്കു നീട്ടിവച്ചു. പക്ഷേ ആദ്യ ഷോ സരിതയില്‍നിന്ന് കണ്ടിറങ്ങിയപ്പോള്‍ എന്നെ ആള്ക്കാര് എടുത്തുയര്‍ത്തുകയായിരുന്നു.
മലയാളികളുടെ മനസില്‍ നായകപരിവേഷമുണ്ടെങ്കിലും തനിക്കൊരു മാറ്റവുമില്ലെന്നാണ് വിഷ്ണുവിന്റെ, പക്ഷം. ”ആരാധകരുണ്ട് ഇപ്പോള്‍. ‘ഋത്വിക് റോഷനെ’ന്നു കയറി വിളിച്ചുകളയും. എന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ തുടങ്ങി ആരാധികന്മാരുടെ സ്നേഹം സമ്പാദിക്കുന്ന വിദ്വാന്മാരുമുണ്ട്.”
നായകനായെന്നു കരുതി തിരക്കഥ രചന ഉപേക്ഷിക്കാനൊന്നും വിഷ്ണുവില്ല. ”ബിബിനുമൊത്ത് കഥ തുടരും. റാഫി സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രത്തില്‍ മെയിന്‍ വില്ലന്‍ വേഷം അടിച്ചെടുത്ത് നില്‍ക്കുകയാണ് ബിബിന്‍. കട്ടപ്പനയിലെ ഋത്വിക് റോഷന് തമിഴില്‍ ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചയുണ്ട്. മറ്റു വേഷങ്ങള്‍ കാത്തിരുന്ന് കാണാം. ”എല്ലാം ദൈവ നിശ്ചയം”
പ്രതികരിക്കാൻ ഇവിടെ എഴുതുക: