സംഗീതത്തിന്റെ മഴവില്ലുകൊണ്ടു മുറിയുന്ന ദൃശ്യത്തിന്റെ മഞ്ഞുതുള്ളിയെന്ന കാവ്യഭാവന എങ്ങനെയിരിക്കും. മുന്തിരി ചഷകംകൊണ്ടു പൊതിഞ്ഞ തേന്‍ കുഴമ്പെന്നോ. ലോകമെമ്പാടുമുള്ള പ്രേക്ഷകന്റെ കണ്ണും കാതും സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന അന-അല്‍ ഹഖ് എന്ന മ്യൂസിക് വീഡിയോ ആത്മീയാനന്ദത്തിന്റെ ഏകാന്ത നിശബ്ദതയില്‍, ശബ്ദമായി ഉള്ളില്‍ തിരയടിക്കുമ്പോള് തോന്നുന്നത് ഇങ്ങനെയൊക്കെയാണ്. സംഗീതം നൈതിക പ്രവാഹത്തിന്റെ തുടര്‍ച്ചയായി ദൃശ്യത്തെ ചലിപ്പിക്കുന്നുവെന്നു വീഡിയോ കാണുന്നവര്‍ക്കുതോന്നും. ആത്മീയ പ്രണയത്തിന്റെ ധ്യാനാത്മകതയില്‍ തന്നെയും അതുവഴി ദൈവത്തേയും കണ്ടെത്തുന്ന ഒരു പെണ്‍കുട്ടിയുടെ ഗാനാര്‍ച്ചനയാണ് അന-അല്‍ ഹക്. കുറഞ്ഞ ദിവസംകൊണ്ട് പതിനഞ്ച് ലക്ഷം പ്രേക്ഷകരാണ് നെറ്റില്‍ ഈ വീഡിയോ ആല്‍ബം കണ്ടത്.
അന-അല്‍ ഹക് മ്യുസിക് വീഡിയോയുടെ ആശയവും നിര്‍മാണവും നിര്‍വഹിച്ചത് കൊച്ചിയിലെ പള്ളുരുത്തിക്കാരന്‍ ഫസലുദ്ദീന്‍ തങ്ങളാണ്. ചോദിച്ചപ്പോള്‍ അധികമൊന്നും പറയാതെ ലാളിത്യത്തിന്റെ ചിരിയിലൊതുങ്ങിയ അദ്ദേഹം കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ ചിലതൊക്കെ പറഞ്ഞു. സത്യത്തില്‍ തന്റെ ആശയമേയല്ല അന-അല്‍ ഹക് എന്നാണ് അദ്ദേഹം പറയുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഭാരതീയ ഋഷീശ്വരന്മാര് പറഞ്ഞ അഹം ബ്രഹ്മാസ്മി തന്നെയാണത്.
ഞാനാണ് ആ സത്യം എന്നാണ് അന-അല്‍ ഹകിന് അര്‍ത്ഥം. എന്നെ അറിഞ്ഞാല്‍, നീ ഞാനായിത്തീരും എന്നു കൃഷ്ണന് പറഞ്ഞ പോലെ. ഭാരതീയ യോഗികള്‍ അനുഭവിച്ച മഹത്തായ ഈ യാഥാര്‍ത്ഥ്യം തന്നെയാണ് ദര്‍വിഷ് നൃത്തത്തിലൂടെ സൂഫികളും അറിയുന്നത്. ഇസ്ലാമിന്റെ യഥാര്‍ഥ സത്തയാണ് സൂഫിസം. ചെറുപ്പത്തില്‍ ഭഗവാന് രമണ മഹര്‍ഷിയെക്കുറിച്ചു വായിച്ചറിഞ്ഞശേഷമുണ്ടായ പ്രചോദനത്തില്‍ നിന്ന് വേദോപനിഷത്തുകളും ഭഗവദ്ഗീതയും ബൈബിളും ബുദ്ധദര്ശനവുമൊക്ക വായിച്ചു പഠിച്ചപ്പോള്‍ അതിലെ ധ്യാനാത്മകതയുടെ സാരാംശമാണ് സൂഫിസത്തിന്റെ ആന്തരിക സത്തയുള്ള ഇസ്ലാമെന്നും കൂടുതല്‍ അറിഞ്ഞു. റൂമിയേയും ഫരീദ് അക്തറിനെയുമൊക്ക അറിയാന്‍ തുടങ്ങിയപ്പോള്‍ സൂഫിസത്തിന്റെ അനന്തമായ പ്രണയസാഗരത്തിലെ ഒരു തുള്ളിയെങ്കിലുമാകാനുള്ള തീവ്രാഭിലാഷത്തിലാണ് ഒട്ടും ലാഭേച്ഛയില്ലാത അന-അല്‍ ഹക് ഉണ്ടാകുന്നത്. ജാതി മതങ്ങളുടെ അതിര്‍ത്തികള്‍ മായിച്ച് മനുഷ്യനെ ഒന്നാക്കാന്‍ സംഗീതത്തിനു കഴിയുമെന്ന് ഫസലുദ്ദീന്‍.
ഒന്നിന്റേയും വിദൂരമായിപ്പോലും പകര്‍പ്പാകാതെ ഇങ്ങനെയൊരു പ്രമേയ മികവുള്ളതും ചിലവേറിയതുമായ ആല്‍ബം മലയാളത്തില്‍ ആദ്യമാണ്. പ്രശസ്ത ഗായിക രഞ്ജിനി ജോസ് പാടി അഭിനയിച്ചിരിക്കുന്നു. ഗാനരചന നിര്‍വഹിച്ചത് പ്രേമം ഫെയിം ശബരീഷ് വര്‍മ്മ. സംഗീതം: സന്തോഷ് ചന്ദ്രന്. ക്യാമറ: നീല്‍ ഡികുഞ്ഞ. സംവിധാനം: അമ്പിളി എസ്.രംഗന്.
എല്ലാവര്ക്കും ഒരു നിയോഗമുണ്ട്. അത്തരമൊന്ന് തനിക്കുമുണ്ടായപ്പോള് ഇങ്ങനെയൊന്നായി. ഏകാന്തതയുടെ അപാരതയില്‍ ഇന്നലെയുടെ പുഴപ്പരപ്പില്‍ ഓര്‍മ്മയുടെ കൊതുമ്പുവള്ളം തുഴയുമ്പോള്‍ നാടും വീടുമൊക്കെ തന്നെയാണ് ഫസലുദ്ദീന്‍ തങ്ങളില്‍.
രാപകലുകള്‍ വ്യത്യാസമില്ലാതെ ഉല്സവപ്പിറ്റേന്നുകളില്ലാത്ത നിറപ്പൂരത്തിന്റെ തിക്കും തിരക്കുമായിരുന്നു അന്നു വീട്ടുമുറ്റത്ത്. രോഗ ചികിത്സയും ഉപദേശവും സംഗീതവും വായനയും ഈശ്വര ചിന്തയുമായി പള്ളുരുത്തി തങ്ങള്‍ നഗറില്‍ ആശ്വാസത്തിന്റെ ഒറ്റമരമായി വളര്‍ന്നു പടര്‍ന്ന ആയുര്‍വേദ ഡോക്ടറായ ബാപ്പ പൂക്കുഞ്ഞി കോയ തങ്ങളെ കാണാനുള്ള തിരക്കായിരുന്നു അത്. ഇന്നും ആയുര്‍വേദ മരുന്നും എണ്ണയും കുഴമ്പുമൊക്കെ മണക്കുന്നുണ്ട്. വീടു നിറയെ ആ മണമായിരുന്നു. ചികിത്സാത്തിരക്കിനിടയില് അല്പ വിശ്രമത്തിനുചെല്ലുന്ന മുറിയില്‍ പാട്ടും വാദ്യോപകരണ വായനയുമായി കലാകാരന്മാരുണ്ടാകും. അവര്‍ക്കു മുന്നില്‍ ഇരുന്നുകൊടുത്ത് ബാപ്പ എല്ലാം മറക്കും.
പിന്നേയും ചികിത്സ.ഇടയ്ക്ക് ഇതെല്ലാം കൊച്ചു തങ്ങള്‍ ഒളിഞ്ഞുനോക്കുമായിരുന്നു.ആ നോട്ടം ബാപ്പ വായിക്കുമ്പോഴും തുടര്‍ന്നു. അലമാര നിറയെ പുസ്തകങ്ങളായിരുന്നു. അവയിലേറേയും ദാര്‍ശനിക ഗ്രന്ഥങ്ങള്‍. ബാപ്പയുടെ സംഗീതവും വായനയുമൊക്കയാണ് പാരമ്പര്യത്തിന്റെ രക്തഞരമ്പായി തന്നിലും ഓടുന്നതെന്ന് തങ്ങള്‍.
1981 ല്‍ ബാപ്പ മരിക്കുമ്പോള്‍ ഫസലുദ്ദീനും ആറ് സഹോദരങ്ങളും കുഞ്ഞുങ്ങളായിരുന്നു. അന്നാട്ടിലെ ഏറ്റവും വലിയ വീട്ടില്‍ അതിലും വലിയ ശൂന്യത. പിന്നെ ഉമ്മ വളര്‍ത്തിയ മക്കളായി. അന്നേ ഉള്ളിലെവിടെയെങ്കിലും ഉണ്ടാകണം ബാപ്പ അവശേഷിപ്പിച്ചുപോയതെന്തെങ്കിലും പൂരിപ്പിക്കണമെന്ന്. അങ്ങനെ ഒന്നാവാം അന-അല്‍ ഹക്കായി മാറിയത്. കുറേക്കാലം മനസില്‍കൊണ്ടു നടന്നു. പിന്നെ എല്ലാം ഒരു ചേരുവയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
സൈക്കോളജിയില്‍ എംഎയും കൗണ്‍സലിങ്ങില്‍ പിജി ഡിപ്ലോമയുമുള്ള ഫസലുദ്ദീന്‍ തങ്ങള്‍ ആരോഗ്യ വകുപ്പിലെ ജോലി രാജിവെച്ച് മുഴുവന്‍ സമയ കൗണ്‍സലിങ്ങും സംഗീതവും വായനയുമായി തിരക്കിലാണ്. വ്യത്യസ്തമായ ചില പരിപാടികള്‍ മനസിലുണ്ട്. ചിലപ്പോള്‍ ഇനിയൊരു സിനിമയാകാം. ഭാര്യ -സലേഹ ഫസല്‍. മക്കള്‍: റംസി അമന് തങ്ങള്‍, റൂമി ഹാസിഖ് തങ്ങള്ക്കുമൊപ്പം ഇപ്പോള്‍ കാക്കനാട് ചിറ്റേത്തുകരയില്‍ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: