കോട്ടയം: പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാതെയും പ്ലാനുകള്‍പോലും തയ്യാറാക്കാതെയും കോട്ടയം നഗരസഭയില്‍ ഫണ്ടുകള്‍ പാഴാകാനുള്ള സാദ്ധ്യത ഏറുന്നു. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍പോലും ഉദ്യോഗസ്ഥര്‍ക്ക് ആയില്ല.
സാമ്പത്തികവര്‍ഷം അവസാനിപ്പിക്കുവാന്‍ നാളുകള്‍ മാത്രം അവശേഷിക്കെയാണ് നഗരസഭയുടെ ദുഃസ്ഥിതി. നാട്ടകം മേഖലയിലെ 30-ാം വാര്‍ഡില്‍ 2 പണികള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും 42 എണ്ണം തുടങ്ങുവാന്‍പോലും കഴിഞ്ഞിട്ടില്ല. 30 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും തുടങ്ങുവാന്‍ കഴിഞ്ഞതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഷീജാ അനില്‍ പറഞ്ഞു.
മുള്ളന്‍കുഴി ഭവനനിര്‍മ്മാണ പദ്ധതിയില്‍പ്പെടുത്തി ഒന്നരകോടി രൂപ വകയിരുത്തി. എന്നാല്‍ നാളിതുവരെ ഒരുപടിപോലും മുന്നോട്ടുപോയില്ല. ഇക്കാര്യത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നും അംഗങ്ങള്‍ ആരോപിച്ചു.
പുല്ലരിക്കുന്നില്‍ മുന്‍സിപ്പാലിറ്റിവകയായുള്ള ശ്മശാനം പുനരുദ്ധരിക്കണമെന്നും ഇവിടെയുള്ള 50 സെന്റ് സ്ഥലം കയ്യേറ്റം ഒഴിപ്പിച്ച് സ്വന്തമാക്കണമെന്നും അഭിപ്രായമുണ്ടായി. ഈ സ്ഥലം ഇപ്പോള്‍ ഒരു സമുദായത്തിന്റെ കൈവശമാണെന്നും അവരുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തണമെന്നും നിര്‍ദ്ദേശമുണ്ടായി.
കോട്ടയത്ത് മാലിന്യപ്രശ്‌നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്നും മുന്‍സിപ്പാലിറ്റിയുടെ മൂക്കിനുതാഴെയുള്ള മാളില്‍ ഭക്ഷണശാലയും തീയേറ്ററും തുടങ്ങിയത് എന്തടിസ്ഥാനത്തിലാണെന്നും ആരാണിതിന് അനുമതി നല്‍കിയതെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടീലീഡര്‍ ടി.എന്‍. ഹരികുമാര്‍ ചോദിച്ചു. അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ക്ഷേമകാര്യ പെന്‍ഷനുകള്‍ അനുവദിക്കുന്നതിനായി നടത്തുന്ന അന്വേഷണങ്ങള്‍ക്കിടയില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടുവാന്‍പോലും ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ലെന്നും പരാതി ഉണ്ടായി. അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും പെന്‍ഷന്‍ നിഷേധിക്കുന്നതിന്റെ കാരണങ്ങള്‍ രേഖാമൂലം അപേക്ഷകള്‍ക്കു നല്‍കണമെന്നും കോയിക്കല്‍ രാധാകൃഷ്ണന്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
ജില്ലാ ആശുപത്രിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും മുന്‍സിപ്പാലിറ്റിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും അധികാരം ഉണ്ടെങ്കില്‍ അതുവ്യക്തമാക്കണമെന്നും സന്തോഷ്‌കുമാര്‍ ആവശ്യപ്പെട്ടു. മിനിറ്റ്‌സിന്റെ കോപ്പികള്‍ കിട്ടുന്നില്ലെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. കോടിമതയിലെ ബയോഗ്യാസ് പ്ലാന്റിന്റെ കേടുപാടുതീര്‍ക്കല്‍, നദികളും കൃഷിയിടങ്ങളും സംരക്ഷിക്കാന്‍ റെയില്‍വെ നടപ്പാലത്തിന്റെ നിര്‍മ്മാണം, എല്‍ഇഡി മിനിമാസ്റ്റ് ലൈറ്റുകള്‍, കേടായ ഹൈമാസ്റ്റ് ലൈറ്റുകളുടെ നന്നാക്കല്‍, മുട്ടമ്പലം ശ്മശാനത്തില്‍ അനാഥ ശവങ്ങള്‍ മറവുചെയ്യുന്നതിനുള്ള സംവിധാനം തുടങ്ങിയ വിഷയങ്ങളിലും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തു.
















