സ്വന്തം ലേഖകന്‍
മലപ്പുറം: വേനലെത്തും മുമ്പേ തന്നെ ജില്ലയിലെ പ്രധാന പുഴകളെല്ലാം വറ്റിവരണ്ടു. ഇതോടെ കുടിവെള്ള പ്രശ്നം അതിരൂക്ഷമായിരിക്കുകയാണ്. ഭാരതപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാര്‍, തൂതപ്പുഴ എന്നിവിടങ്ങളില്‍ നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനമായി കുറഞ്ഞു. ഭാരതപ്പുഴയിലും കടലുണ്ടിപ്പുഴയിലും സ്ഥിതി ഏറെ ഗുരുതരമാണ്. കിണറുകളില്‍ ഒരുമീറ്ററോളവും ചിലയിടങ്ങളില്‍ കുഴല്‍ക്കിണറുകളില്‍ മൂന്നുമീറ്ററും വെള്ളം താഴ്ന്നതായി വാട്ടര്‍ അതോറിട്ടിയുടെയും ഭൂഗര്‍ഭജല വകുപ്പിന്റെയും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ തടയണകള്‍ നിര്‍മ്മിച്ചതാണ് പ്രതിസന്ധിയില്‍ അല്‍പ്പമെങ്കിലും ആശ്വാസമാവുന്നത്. തടയണകളുളള മേഖലകളില്‍ വരുന്ന രണ്ട് മാസത്തേക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന് ഭൂഗര്‍ഭജല വകുപ്പ് അധികൃതര്‍ പറയുന്നു. സാധാരണ ജനുവരിയിലാണ് തടയണകള്‍ നിര്‍മ്മിക്കാറെങ്കില്‍ വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് ഇത്തവണ ഡിസംബറില്‍ തന്നെ നിര്‍മ്മിച്ചു. കൂടുതല്‍ തടയണകള്‍ നിര്‍മ്മിച്ച് വെളളം ശേഖരിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍. പാണ്ടിക്കാട് ഒറവമ്പ്രത്തും ഒതുക്കുങ്ങല്‍ മാണക്കോത്ത് കടവിലും അടിയന്തരമായി തടയണകള്‍ കെട്ടണമെന്ന ആവശ്യം ശക്തമാണ്.
ജില്ലയില്‍ ഭൂഗര്‍ഭജല വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ മാസവും വിവിധ പ്രദേശങ്ങളിലുളള 28 കിണറുകളിലെയും 30 കുഴല്‍ക്കിണറുകളിലേയും ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നുണ്ട്. ഏഴ് ശതമാനം കുഴല്‍ക്കിണറുകളിലാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നുമീറ്റര്‍ വെള്ളം താഴ്ന്നതായി കണ്ടെത്തിയത്. പെരിന്തല്‍മണ്ണ, കാരക്കുന്ന്, നിലമ്പൂര്‍ മേഖലകളിലാണിവ.
വരള്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കാനും ജലസ്രോതസുകള്‍ സംരക്ഷിക്കാനുമുളള പദ്ധതി തയ്യാറാക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ത്രിതല പഞ്ചായത്തുകളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മിക്കവരും ഗൗരവത്തിലെടുത്തില്ല. ജില്ലയിലെ പ്രധാന നെല്ലറയായ നന്നമ്പ്ര മേഖലയിലെ വെഞ്ചാലിയിലെ ഏക്കര്‍കണക്കിന് വയലുകളാണ് മാസങ്ങള്‍ക്ക് മുമ്പേ തന്നെ കരിഞ്ഞുണങ്ങിയത്. നന്നമ്പ്ര പഞ്ചായത്തിന്റെയും പരപ്പനങ്ങാടി നഗരസഭയുടെയും പരിധിയില്‍പ്പെട്ട പാറയില്‍ പുഴക്കടവില്‍ താത്കാലിക തടയണ കെട്ടിയാല്‍ നെല്പാടങ്ങളിലേക്ക് കൂടുതല്‍ വെളളമെത്തിക്കാനാവും. വര്‍ഷങ്ങളായി കര്‍ഷകരും നാട്ടുകാരും ഈ ആവശ്യം ഉന്നയിക്കുമ്പോഴും അധികൃതര്‍ക്ക് കേട്ട ഭാവമില്ല.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 32 ശതമാനം മഴകുറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 600 മില്ലീ ലിറ്റര്‍ മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2006ല്‍ 3,574 മില്ലിലിറ്റര്‍ മഴ ലഭിച്ച സ്ഥാനത്തിത് 2,978 ആയി കുറഞ്ഞു. 2009ല്‍ ലഭിച്ച 3,089 മില്ലീ ലിറ്റര്‍ മഴ മാത്രമാണ് ആശ്വാസമേകുന്നത്.
വ്യവസായ, വാണിജ്യ ആവശ്യങ്ങള്‍ക്ക് കിണറും കുഴല്‍ക്കിണറുകളും കുഴിക്കുമ്പോള്‍ പഞ്ചായത്തിന്റെയും ഭൂഗര്‍ഭജല വകുപ്പിന്റെയും അനുമതി വാങ്ങണമെന്നത് പാലിക്കപ്പെടുന്നില്ല, വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ പോലും കുഴല്‍ക്കിണറുകള്‍ വ്യാപകമായി കുഴിക്കുന്നു, പുഴകളില്‍ വേണ്ടത്ര തടയണകള്‍ നിര്‍മ്മിച്ചില്ല, തടയണകളില്‍ നിന്ന് അനധികൃതമായി വെളളം ഊറ്റുന്നു, വരള്‍ച്ച നേരിടാനുളള പദ്ധതികളില്‍ ത്രിതലപഞ്ചായത്തുകള്‍ വീഴ്ചകാട്ടി ഇതൊക്കെയാണ് വരള്‍ച്ച ഇത്രത്തോളം രൂക്ഷമാകാനുള്ള കാരണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: