കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ ഭാഗവത കഥകളുടെ കഥകളി അവതരണത്തിന്റെ ഭാഗമായി 22ന് പകല്‍ 3ന് കുറിശ്ശിമന നാരായണന്‍ നമ്പൂതിരി രചിച്ച ഗുരുദക്ഷിണ അവതരിപ്പിക്കുന്നു.
കുമാരന്മാരായ ബലരാമകൃഷ്ണന്മാരെ വിദ്യ അഭ്യസിപ്പിക്കുവാന്‍ സാന്ദീപനി മഹര്‍ഷിയെ ഏല്പിച്ച് വസുദേവര്‍ മടങ്ങി. ഗുരുപത്‌നിയുടെ നിര്‍ദ്ദേശപ്രകാരം കാട്ടില്‍ വിറകു ശേഖരിക്കുവാന്‍ പോയ കുമാരന്മാര്‍ കാട്ടാളനെ മുഷ്ടിയുദ്ധത്തില്‍ പരാജിതനാക്കി പാലായനം ചെയ്യിക്കുന്നു. രാത്രിയായിട്ടും തിരിച്ചെത്താതിരുന്ന ബാലന്മാരെ തേടി സാന്ദീപനിമഹര്‍ഷി വനത്തിലേയ്‌ക്ക് യാത്രതിരിക്കുന്നു. വഴിമധ്യേ അവരെ കണ്ട അദ്ദേഹം സന്തോഷവാനായി. ഗുരുമുഖത്തു നിന്നും വേദശാസ്ത്രാദികള്‍ അഭ്യസിച്ച കുമാരന്മാര്‍ ഗുരുദക്ഷിണ നല്കുവാന്‍ ആഗ്രഹമുണ്ടെന്ന് ഗുരുവിനെ അറിയിക്കുന്നു. ബാല്യകാലത്ത് സ്‌നാനത്തിനു പോയി കാണാതായ തന്റെ പുത്രനെ ദക്ഷിണയായി വീണ്ടുകിട്ടിയാല്‍ മതി എന്ന ആഗ്രഹം അവര്‍ അറിയിച്ചതനുസരിച്ച് പഞ്ചജനന്‍ എന്ന അസുരനെ കൊന്ന് പാഞ്ചജന്യം കരസ്ഥമാക്കി യമപുരിയിലെത്തി ഗുരുപുത്രനെ വീണ്ടെടുത്ത് ദക്ഷിണയായി നല്കുന്നു.
സന്ദീപനിയായി മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയും വസുദേവരായി കലാമണ്ഡലം ശരത്തും, ഗുരുപത്‌നിയായി കുടമാളൂര്‍ മുരളീകൃഷ്ണനും ശ്രീകൃഷ്ണനായി ഡോ.ഇ.എന്‍. നാരായണനും, ബലരാമനായി കലാമണ്ഡലം അതുലും കുചേലനായി കലാമണ്ഡലം പ്രവീണും കാട്ടാളനായി കലാമണ്ഡലം ശിബി ചക്രവര്‍ത്തിയും പഞ്ചജനനായി കലാമണ്ഡലം ശരത്തും അരങ്ങിലെത്തും. സംഗീതം കലാമണ്ഡലം സജീവ്, കലാമണ്ഡലം വിശ്വാസ്, ചെണ്ട കലാമണ്ഡലം ശ്രീരാജ്, മദ്ദളം കലാമണ്ഡലം വൈശാഖ്, ചുട്ടി ചിങ്ങോലി പുരുഷോത്തമന്‍, ചമയം ശ്രീവല്ലഭവിലാസം കഥകളിയോഗം തുടങ്ങിയവര്‍ പശ്ചാത്തലമൊരുക്കും.
















