നഖങ്ങള്‍ ദൃഢതയുള്ളതാവണം എന്നാണ് എല്ലാരുടേയും ആഗ്രഹം. അതിന് അഴകും വേണം. മാത്രമല്ല ആരോഗ്യമുള്ള നഖങ്ങള്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്. മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുന്ന പ്രോട്ടീന്‍ കെരാട്ടിന്‍ തന്നെയാണ് നഖത്തിന്റെ വളര്‍ച്ചയ്ക്കും കാരണം. കാല്‍വിരലുകളിലെ നഖം വളരുന്നതിനേക്കാള്‍ വേഗത്തില്‍ വളരുക കൈവിരലുകളിലെ നഖമാണ്. നഖങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം, കീമോതെറാപ്പി, പോഷകാഹാരക്കുറവ് എന്നിവ ചില കാരണങ്ങളാണ്.
നഖങ്ങളുടെ വളര്‍ച്ച ശരീയാംവണ്ണം നടക്കുന്നില്ലെങ്കില്‍ ഇത് നഖങ്ങള്‍ വിണ്ടുകീറുന്നതിനും വേഗത്തില്‍ പൊട്ടിപ്പോകുന്നതിനും മറ്റു പ്രശ്നങ്ങള്‍ക്കും ഇടയാക്കും.
പോഷകസമ്പുഷ്ടമായ ഭക്ഷണശീലങ്ങളും ശരീയായ നഖ പരിചരണവും ഉണ്ടെങ്കില്‍ ദൃഢവും ആരോഗ്യമുള്ളതുമായ നഖങ്ങള്‍ ആര്‍ക്കും സ്വന്തമാക്കാം. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെയും നഖങ്ങള്‍ പരിചരിക്കാം.
ഒലിവ് ഓയില്‍
നഖങ്ങളുടെ പരിചരണത്തിന് ഒലിവ് ഓയില്‍ വളരെ മികച്ചതാണ്. കിടക്കുന്നതിന് മുമ്പ് ഇളം ചൂടുള്ള ഒലിവ് ഓയില്‍ നഖങ്ങളിലും ബാഹ്യചര്മ്മങ്ങളിലും പുരട്ടിയ ശേഷം മൃദുവായി അഞ്ച് മിനിട്ട് മസാജ് ചെയ്യുക. നിത്യേന ഇപ്രകാരം ചെയ്താല്‍ നഖങ്ങള്‍ തിളക്കമുള്ളതും ആരോഗ്യമുള്ളതുമായിത്തീരും. ഒലിവ് ഓയില്‍ ചര്‍മ്മത്തിന്റേയും നഖങ്ങളുടേയും ഉള്ളിലേക്ക് ആഴത്തില്‍ ഇറങ്ങുക വഴിയാണ് ഇത് സാധ്യമാവുക. ഒലിവ് എണ്ണയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. നഖങ്ങളുടെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കാന്‍ ഒലിവ് ഓയിലിന് സാധിക്കും. ഒലിവ് എണ്ണയില്‍ നഖങ്ങള്‍ മുക്കി വയ്ക്കുന്നതും നഖങ്ങളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കും.
വെളിച്ചെണ്ണ
നഖങ്ങളുടെ പരിചരണത്തിന് ആവശ്യമായ പോഷകങ്ങള്‍ വെളിച്ചെണ്ണയിലും അടങ്ങിയിട്ടുണ്ട്. നഖത്തിനുള്ള ചുറ്റുമുള്ള ബാഹ്യചര്‍മ്മത്തെ ശക്തിപ്പെടുത്തുന്നതിനും വെളിച്ചെണ്ണയ്ക്ക് സാധിക്കും. നഖങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധയില്‍ നിന്നും ബാഹ്യചര്മ്മത്തിലുണ്ടാകുന്ന അണുബാധയില്‍ നിന്നും സംരക്ഷണം നല്‍കാനും വെളിച്ചെണ്ണ നല്ലതാണ്. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ട് നഖങ്ങളും കൈകളും മസാജ് ചെയ്യുക. ഇത് രക്തയോട്ടം മെച്ചപ്പെടുത്തും.
കാല് കപ്പ് വെളിച്ചെണ്ണ, കാല് കപ്പ് തേന്‍, നാല് തുള്ളി റോസ്മെറി ഓയില്‍ എന്നിവ യോജിപ്പിച്ച ശേഷം ഈ മിശ്രിതം മൈക്രോവേവ് അവനില്‍ വച്ച് 20 സെക്കന്റ് ചൂടാക്കുക. നഖങ്ങള്‍ ഈ മിശ്രിതത്തില്‍ ഏതാനും മിനിട്ട് മുക്കിവയ്ക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇപ്രകാരം ചെയ്യുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: