പാലക്കാട്: ബംഗാളിലും റഷ്യയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബഹിഷ്കരിച്ചതുപോലെ ജനങ്ങള്‍ കേരളത്തില്‍ നിന്നും സിപിഎമ്മിനെ പുറന്തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ കഞ്ചിക്കോട് പറഞ്ഞു. സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട വിമലയുടെയും രാധാകൃഷ്ണന്റെയും വീടുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നുഅവര്‍.
സിപിഎം ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. അതൊരുകൊലപാതക സംഘടനയായി മാറിയിരിക്കുന്നു.ക്വട്ടേഷന്‍ സംഘം പോലെ. ജന:മനസാക്ഷിയെ ഞെട്ടിച്ച ഇത്തരമൊരുസംഭവത്തില് അതേരീതിയില്‍ പ്രതികരിക്കുമെന്നാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഒരുമുന്നേറ്റത്തിലൂടെ പ്രതിരോധിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഈപാര്‍ട്ടിയെ നിരോധിക്കേണ്ടകാലം അതിക്രമിച്ചുകഴിഞ്ഞു.തീവ്രവാദിസംഘടനകളെ പോലും നാണിപ്പിക്കുന്ന രീതിയിലാണ് സിപിഎമ്മുകാര്‍ ഈകൊടുക്രൂരത ചെയതത്.
ഇവരെപ്പോഴെല്ലാം അധികാരത്തിലെത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അക്രമം ഒരു കലയാക്കി മാറ്റിയിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മണ്ഡലത്തിലാണ് തുടര്‍ച്ചയായി ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുവാന്‍ പോലും അദ്ദേഹത്തിനായിട്ടില്ല. മണ്ഡലത്തിലെ എംഎല്‍എ എന്നനിലയില്‍ രാഷ്ട്രീയം മറന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാനും അദ്ദേഹം തയ്യാറായില്ലെന്നത് സാക്ഷരകേരളത്തിന് ലജ്ജാവഹമാണ്.
സ്വന്തംപാര്‍ട്ടിക്കാര്‍ കുത്തിക്കൊന്ന ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയെ സന്ദര്‍ശിക്കുവാനും ആശ്വസിപ്പിക്കുവാനും സമയം കണ്ടെത്തിയ അദ്ദേഹം എന്തുകൊണ്ട് ഇവിടേക്കെത്തിയില്ലെന്ന് അവര്‍ ചോദിച്ചു. പിണറായി വിജയന് പാര്‍ട്ടിക്കാരനായാണ് പെരുമാറുന്നത്
ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ ചുട്ടുകൊല്ലുന്നത് ആദ്യമാണ്.അതും ഒരുവീട്ടമ്മയെ.സ്വന്തം അണികളെ നിലക്കുനിറുത്തി എല്ലാവര്ക്കും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ജനമനസാക്ഷി ഉണര്‍ന്നെ മതിയാകൂ.
രാധാകൃഷ്ണന്റെയും വിമലയുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വീടുപുനര്നിര്മ്മിച്ചുനല്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പോലീസ് നിഷ്പക്ഷാന്വേഷണം നടത്തണം. എന്നാല്‍ സിപിഎം ഭരിക്കുമ്പോള്‍ അവര്‍ക്ക് നിഷ്പക്ഷരാവാന്‍ കഴിയുമോ എന്ന് ആശങ്കപ്രകടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പി.എന്‍.ശ്രീരാമന്,സംസ്ഥാന സമിതി അംഗം കെ.ഹരീന്ദ്രകുമാര്‍,ജന.സെക്രട്ടറി പ്രസാദ് കല്ലേകുളങ്ങര, വൈസ്.പ്രസിഡന്റ് പ്രഭാകരന് മാങ്കാവ്, സെക്രട്ടറി പി.ഹരിദാസ്,കൗണ്‍സിലര്‍ വി.നടേശന് എന്നിവരും ടീച്ചറോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: