പാലക്കാട്: ഇത്രയും നാള് യുഡിഎഫ്–എല്‍ഡിഎഫ് മുന്നണികള്‍ തിരഞ്ഞെടുപ്പു കാലത്തു വോട്ടുകുത്താനും പോസ്റ്ററൊട്ടിക്കാനുമുള്ള ഉപകരണങ്ങളായി പട്ടിക വിഭാഗക്കാരെ ഉപയോഗിക്കുകയായിരുന്നുവെന്നു ജനാധിപത്യ രാഷ്ട്രീയസഭ ചെയര്‍പഴ്സന്‍ സി.കെ.ജാനു.
പാര്‍ട്ടിയുടെ പാലക്കാട് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇങ്ങനെ ഉപയോഗിച്ചവരെ പിന്നീടു മനുഷ്യരായി പോലും ഈ മുന്നണികളിലെരാഷ്ട്രീയ നേതാക്കള്‍ പരിഗണിക്കാറില്ല.
ഇതുവരെ മുന്നണി സമവാക്യങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല. ഇതു ലഭ്യമാക്കുന്നതിനാണു ജനാധിപത്യ രാഷ്ട്രീയസഭ എന്ന സംസ്ഥാനത്തെ ആദ്യത്തെ പട്ടികജാതി–പട്ടികവര്‍ഗ വിഭാഗ പാര്‍ട്ടി ശ്രമിക്കുന്നത്.
‘ജാതിപരമായി വേര്‍തിരിക്കപ്പെട്ട സമൂഹം രാഷ്ട്രീയപരമായും വേര്‍തിരിയണം’ എന്ന ഡോ.ബി.ആര്.അംബേദ്കറിന്റെ ആഹ്വാനമാണ് ഈ പാര്‍ട്ടിയുടെ ഊര്‍ജസ്രോതസ്സ്.
കഴിഞ്ഞ 60 വര്‍ഷം മാറി മാറി കേരളം ഭരിച്ച മുന്നണികളുടെ പുറകെ ഒരുകുപ്പി മദ്യത്തിനായോ ഒരു ചായയ്ക്കായോ ഒരു കെട്ടു പുകയിലയ്ക്കായോ ഇനി ഒരു പിന്നാക്കക്കാരനും വരില്ലെന്നും ജാനു പറഞ്ഞു. നമുക്കു വേണ്ടി പറയാന്‍ നാം മാത്രമാണുള്ളതെന്ന് അവര്‍ ഓര്‍മിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ.കെ.രാമചന്ദ്രന് അധ്യക്ഷനും ആക്ടിങ് ചെയര്മാന് ഇ.പി.കുമാരദാസ് മുഖ്യാതിഥിയുമായി.ജില്ലാ ഓര്‍ഗനൈസര്‍ പി.പി.വിജയന്,തെക്കന്‍ സുനില്‍കുമാര്‍,കെ.കെ.നാരായണന്, ജി.അശോകന്, സി.രജിത, കുട്ടന് കള്ളിക്കാട്, കൃഷ്ണന്‍കുട്ടി ചാത്തനാട്,മണികണ്ഠന് തോട്ടശേരി,പഴനി,ചിദംബരം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: