വാര്‍ത്തകളേക്കാളുപരി വായനക്കാരുടെ മനസ്സില്‍ ഇടംപിടിക്കുക വാര്‍ത്താ ചിത്രങ്ങളാണ്. അത്തരം ചിത്രങ്ങള്‍ക്കുപിന്നിലെ ശ്രമങ്ങള്‍ ഒരുപക്ഷെ എല്ലാവര്ക്കും മനസ്സിലാകണമെന്നില്ല. കൊച്ചിയിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പോര്‍ട്ട് ഫോളിയോ ഇത്തരത്തിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം കൊണ്ടാണ് ശ്രദ്ധേയമായിട്ടുള്ളത്. പത്രത്താളുകളില്‍ ഇടം നേടിയതും അല്ലാത്തതുമായ ചിത്രങ്ങളാണ് പ്രദര്ശനത്തിനൊരുക്കുക.
ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ഇവരുടെ കൂട്ടായ്മ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 1997ല്‍ ആണ് ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ ആദ്യ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ക്കെല്ലാം ഒന്നിച്ചുകൂടി അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യത്തേത്തുടര്ന്നാണ് ആ കൂട്ടായ്മ കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം ആയി വളരുന്നത്. പിന്നീട് 2003 ലാണ് പ്രദര്‍ശനം നടത്തുന്നത്. തുടര്‍ന്നിങ്ങോട്ട് എല്ലാവര്‍ഷവും മുടങ്ങാതെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പ്രദര്‍ശനം തുടങ്ങുന്ന കാലത്ത് ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം 38 ആയിരുന്നെങ്കില്‍ ഇന്നത് 45 ലെത്തി.
പ്രദര്‍ശനത്തിന്റെ തുടക്കകാലം മുതല്‍ പ്രവര്‍ത്തിച്ച പതിനഞ്ചോളം ഫോട്ടോഗ്രാഫര്‍മാര്‍ ഇപ്പോഴും ഫോറത്തിന്റെ മുമ്പന്തിയില്‍ നില്ക്കുന്നു.പല ജീവിതങ്ങളുടേയും തുടര്ക്കാഴ്ചകളായി മാറുന്നവയാണ് ഇത്തരം പ്രദര്‍ശനങ്ങള്‍. കാലത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ ചിത്രങ്ങളായി മുന്നിലെത്തുന്നു. പോയ വര്‍ഷത്തില്‍ മലയാളികള്‍ ശ്രദ്ധിച്ചതും അല്ലാത്തതുമായ 90 ചിത്രങ്ങളിലൂടെയാണ് ഈ വര്‍ഷത്തെ പ്രദര്‍ശനം കടന്നുപോയത്. ഫ്രെയിമുകളിലൂടെ വാര്‍ത്തയുടെ പൂര്‍ണ്ണത ചോരാതെ അവതരിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്നു. അതോടൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടുകളോടുള്ള ചോദ്യചിഹ്നങ്ങളാകുന്നു.
കൊച്ചിയിലെ വിവിധ സാമൂഹിക രാഷ്ട്രീയ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറായിരുന്ന സി.എന്‍. ജയകൃഷ്ണന്റെ പേരില്‍ സംസ്ഥാനതല വാര്‍ത്താചിത്ര പുരസ്കാരം ഈ വര്‍ഷം വി.എന്‍ കൃഷ്ണപ്രകാശ് നേടി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2009 മുതലാണ് മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്കാരം നല്കി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: