പെരിന്തല്‍മണ്ണ: ഏലംകുളം പഞ്ചായത്ത് ഓഫീസിനെ ഭരണസമിതി സ്വകാര്യ സ്വത്താക്കുന്നതായി ബിജെപി ഏലംകുളം മണ്ഡലം കമ്മറ്റി ആരോപിച്ചു. പഞ്ചായത്ത് ഓഫീസ് മുറ്റത്ത് ഭരണാധികാരുടെ വാഹനത്തിനല്ലാതെ പ്രവേശിക്കാന്‍ അനുമതിയില്ല.
ഭരണ കാര്യാലയം ഭരണസമിതിയിലെ ചില വ്യക്തികള്‍ സ്വകാര്യ സ്വത്താക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ചെറുവാഹനങ്ങള്‍ക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ മുറ്റത്തേക്ക് പ്രവേശനം നിഷേധിച്ചാണ് ഭരണസമിതി തന്‍പോരിമ കാണിക്കുന്നത്. വലിയ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഗേറ്റ് തുറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.
ചെറിയ ഗേറ്റിലൂടെ പ്രായമേറിയ രോഗികള്‍ കടന്ന് പോകുമ്പോള്‍ തട്ടി വീഴുന്നത് പതിവ് കാഴ്ചയായിരുന്നു. ഏലംകുളം പഞ്ചായത്ത് ഓഫീസും ചുറ്റുപാടും മാലിന്യത്തില്‍ മുങ്ങി വൃത്തിഹീനമായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ശുചിത്വ മിഷന് പദ്ധതിക്ക് വലിയ ‘പരസ്യം’ നല്കുന്ന വേളയില്‍ അതെ പാര്‍ട്ടിയുടെ ഭരണസമിതി തന്നെ ഭരിക്കുന്ന ഏലംകുളം പഞ്ചായത്തില്‍ നിന്നും ഇത്തരത്തിലുള്ളൊരു വാര്‍ത്ത വന്നത് ഭരണസമിതിയുടെ പിടിപ്പുകേടിന്റെ ഫലമാണ്. പഞ്ചായത്തുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളിലും ബിജെപി പ്രതിനിധികളെ പങ്കെടുപ്പിക്കുന്നില്ല. നിരവധി തവണ പരാതി ഉന്നയിച്ചിട്ടും ബിജെപി പ്രതിനിധികളെ മാറ്റി നിര്‍ത്തുകയാണെന്നും മണ്ഡലം കമ്മറ്റി ആരോപിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ബാലസുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം കെ സുനില്‍ , എ. വാസുദേവന്‍, കെ പ്രദീപ്, ഗംഗാധരന് ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: