ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രധാന ആചാര അനുഷ്ഠാനങ്ങള്‍ക്കും പ്രത്യേക നാമങ്ങള്‍ക്കും പേറ്റന്റ് ലഭിച്ചു. ഭൗതിക സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത പേരുകളുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്തവും പരിരക്ഷയും ക്ഷേത്രാവകാശികളായ 13 കരക്കാരുടെ കേന്ദ്ര സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷനില്‍ നിക്ഷിപ്തമാണ്.
കുത്തിയോട്ടം, ചൂരല്‍മുറിയല്‍, കുതിരമൂട്ടില്‍ കഞ്ഞി, തേരുംമൂട്ടില്‍ കഞ്ഞി, ചെട്ടികുളങ്ങര കുംഭഭരണി ലോകത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ച മഹോത്സവം, മദ്ധ്യതിരുവിതാംകൂറിലെ ദേശീയോത്സവം, കാഴ്ചയുടെ പൂരം, ചെട്ടികുളങ്ങര കെട്ടുകാഴ്ചകള്‍, ചെട്ടികുളങ്ങര അമ്മ, ചെട്ടികുളങ്ങര ഭഗവതി, ചെട്ടികുളങ്ങര അമ്മ ഓണാട്ടുകര പരദേവത, ചെട്ടികുളങ്ങര ക്ഷേത്രം എന്നീ പേരുകളാണ് അംഗീകരിച്ച് രജിസ്റ്റര്‍ ചെയ്തത്.
കൂടാതെ, കുതിരമൂട്ടില്‍ കഞ്ഞി, തേരുംമൂട്ടില്‍ കഞ്ഞി, ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അന്നദാന വഴിപാടുകള്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഡക്‌സിലൂടെ അപേക്ഷിക്കുകയും അത് അംഗീകരിക്കുകയും ചെയ്തു. കുതിര, തേരുകള്‍ എന്നീ കെട്ടുകാഴ്ചകള്‍, ചെട്ടികുളങ്ങര ഭഗവതിയുടെ ജീവിത എന്നിവയുടെ പേറ്റന്റിനുള്ള അപേക്ഷയും കുത്തിയോട്ടം, ജീവിത, എന്നിവയുടെ ചിത്രങ്ങള്‍, സിഡി എന്നിവയുടെ പകര്‍പ്പവകാശ നിയമപ്രകാരം സംരക്ഷിക്കുന്നതിനുള്ള നിയമ നടപടികളും ഇതിനൊപ്പം നടക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
കോയമ്പത്തൂര്‍ ആസ്ഥാനമായ ചാണക്യ ഗ്രൂപ്പാണ് രജിസ്‌ട്രേഷനുള്ള സഹായങ്ങള്‍ നല്‍കിയത്. ശ്രീദേവി വിലാസം ഹിന്ദു മത കണ്‍വന്‍ഷന്‍ പ്രസിഡന്റ് ബി. ഹരികൃഷ്ണന്‍, സെക്രട്ടറി രഘുനാഥ്, ജോയിന്റ് സെക്രട്ടറി രാജേഷ്, വൈസ് പ്രസിഡന്റ് ബിനുകുമാര്‍, ഗോപന്‍ ഗോകുലം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















