ആലപ്പുഴ: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരയ്‌ക്കും വേട്ടക്കാരനുമൊപ്പം ഓടുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍.
ഒരേ സമയം ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരോട് ധാരണയിലെത്തുകയും മറുഭാഗത്ത് ജിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്.
മറ്റക്കര ടോം എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിനികളെ കോളേജ് ചെയര്‍മാന്‍ പീഡിപ്പിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതികള്‍ ലഭിച്ചിട്ടും ഒതുക്കുകയായിരുന്നു. സ്വാശ്രയ കോളേജ് വിഷയത്തില്‍ ഇടതു- വലതു മുന്നണികള്‍ പരസ്പരാശ്രയ മുന്നണികളാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടികള്‍.
കേരളത്തില്‍ വ്യാപകമായി ദളിത് ആദിവാസി വിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. കോളേജ് കാമ്പസുകളിലും പൊതു ഇടങ്ങളിലും ദളിത് വിഭാഗങ്ങള്‍ക്കെതിരെ പീഡനങ്ങള്‍ വര്‍ദ്ധിച്ചിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരാണ്. പല അക്രമങ്ങളും സിപിഎം ഒത്താശയോടെയാണ് നടക്കുന്നത്. എന്നാല്‍ ഇവിടുത്തെ സാംസ്‌കാരിക സാഹിത്യ നായകന്മാര്‍ ഈ വിഷയങ്ങളില്‍ മൗനം പാലിക്കുകയാണ്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പത്രസമ്മേളനത്തല്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമനും പങ്കെടുത്തു.
















