ശബരിമല: മകരജ്യോതി ദര്‍ശിക്കാന്‍ പുല്ലുമേട്ടിലേക്ക് സന്നിധാനത്തുനിന്ന് പോകുന്ന ഭക്തരെ ഉച്ചക്ക് ഒന്നിനുശേഷം പാണ്ടിത്താവളത്ത് നിയന്ത്രിക്കും. ഉള്‍ക്കാടുകളിലേക്കും ഉപ്പുപാറയില്‍ മരങ്ങളിലും കയറി മകരജ്യോതി ദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ തടയും.
ഭക്തരുടെ സൗകര്യത്തിനായി എക്കോഷോപ്പ് പ്രവര്‍ത്തിക്കും. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നാലാംമൈലില്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അഞ്ച് അസ്‌കാ ലൈറ്റുകളും വനംവകുപ്പ് എത്തിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും ബാരിക്കേഡുകള്‍ നിര്‍മ്മിച്ചു. ആരോഗ്യവകുപ്പ് എഎല്‍എസ് ആംബുലന്‍സ് സൗകര്യമുള്‍പ്പെടെ വിപുലമായ ആരോഗ്യസേവനങ്ങള്‍ ഏര്‍പ്പെടുത്തി.
പുല്ലുമേട്ടില്‍ സെന്റ് ജോണ്‍സ് ആശുപത്രിയുടെ സഹകരണത്തോടെ എഎല്‍എസ് ആംബുലന്‍സിന്റെ സേവനം ഉണ്ടാകും. സ്വകാര്യ ആശുപത്രികളില്‍ 10 ആംബുലന്‍സ് സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പീരുമേട് താലൂക്ക് ആശുപത്രി, കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യകേന്ദ്രമുള്‍പ്പെടെ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോമിയോ, ആയുര്‍വേദ വകുപ്പുകളും സേവനരംഗത്തുണ്ടാകും.
















