കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്നും വൈദ്യുതി അധികമുള്ള സംസ്ഥാനങ്ങളില്‍ നിന്നും യൂണിറ്റിന് 2.80 രൂപ നിരക്കില്‍ ലഭ്യമാണെന്നും കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍. കേരളം വൈദ്യുതി ക്ഷാമത്തിലേക്കു പോകുകയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുള്ളതായി അറിയിച്ചിട്ടില്ല. അധിക വൈദ്യുതി ഉള്ള സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങാവുന്നതേയുള്ളു. ഇപ്പോള്‍ എല്ലാം ഡിജിറ്റലാണ്. എവിടെല്ലാം എന്തുവിലയ്‌ക്ക് വൈദ്യുതി ലഭിക്കുമെന്ന് മൊബൈല്‍ ആപ്പിലൂടെ അറിയാം. വാങ്ങിയാല്‍ മതി, മന്ത്രി പറഞ്ഞു.
സാധാരണ താപവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളം വൈദ്യുതി വാങ്ങുകയാണെങ്കില്‍ യൂണിറ്റിന് ആറ് രൂപ മുതല്‍ പത്ത് രൂപ വരെ നല്‍കേണ്ടി വരും. ഈ സാഹചര്യത്തില്‍ കേന്ദ്ര സഹായം കേരളത്തിന് സ്വീകരിക്കാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേരളമാണെന്ന് പീയുഷ് ഗോയല്‍ അറിയിച്ചു.
ഉദയ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേരളം ആവശ്യമായ രേഖകള്‍ നല്‍കിയെന്നാണ് കരുതുന്നതെന്നും നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
















