തിരുവനന്തപുരം: കേരള ഫയര്‍ഫോഴ്‌സില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം. സ്ഥലംമാറ്റ ഉത്തരവ് റദ്ദുചെയ്യാനുള്ള ഡിജിപിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില. കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ തലപ്പത്തുള്ള ഇടതുസംഘടനാനേതാവിന്റെ അനധികൃത ഇടപെടലുകളാണ് വകുപ്പിനും ഡിജിപിക്കും തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഏറെനാള്‍ കഴിയും മുമ്പേ കേരള ഫയര്‍സര്‍വീസ് അസോസിയേഷന്റെ ഭരണം ഇടതുസഖാക്കള്‍ കയ്യടക്കി. അനഭിമതരെയും അനിഷ്ടക്കാരെയും തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയായിരുന്നു നേതാക്കളുടെ ആദ്യജോലി. അങ്ങനെ 152 പേര്‍ സംസ്ഥാനത്തിന്റെ വിവിധജില്ലകളിലേക്ക് മാറ്റപ്പെട്ടു. ഇതിനിടെ സ്ഥലംമാറ്റ ഭീഷണിയുടെ മറവില്‍ നേതാക്കള്‍ വന്‍പണപ്പിരിവ് നടത്തിയതായും ആക്ഷേപമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്ന ആരോപണവും ജീവനക്കാര്‍ക്കിടയില്‍ ഉണ്ട്.
അതിനിടെ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയ്‌ക്ക് സ്ഥലംമാറ്റിയ ഡ്രൈവര്‍ കം മെക്കാനിക്ക് സുരേഷ്‌കുമാറിനെ തിരികെ പൂവാറിലേക്ക് സ്ഥലംമാറ്റി ഡിവിഷണല്‍ ഓഫീസര്‍ നൗഷാദ് ഉത്തരവിറക്കി.
അസോസിയേഷന്‍ ഭരിക്കുന്ന ഇടതുനേതാവ് ഇടപെട്ട് സമ്മര്‍ദ്ദം ചെലുത്തി ഡിവിഷണല്‍ ഓഫീസറില്‍ നിന്ന് ഉത്തരവ് കൈപ്പറ്റി നേരിട്ട് സുരേഷ്‌കുമാറിനെത്തിക്കുകയായിരുന്നു. ഉത്തരവ് ലഭിച്ച ഉടന്‍ സുരേഷ്‌കുമാര്‍ കൊട്ടാരക്കരയില്‍ നിന്ന് വിടുതല്‍ വാങ്ങി പൂവാറില്‍ ജോലിക്ക് ഹാജരായി. കൈക്കൂലി വാങ്ങിയാണ് ഈ സ്ഥലംമാറ്റമെന്ന് ഒരുവിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.
എന്നാല്‍ ഡിവിഷണല്‍ ഓഫീസറുടെ നടപടി ക്രമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ഡിജിപിയുടെ നിര്‍ദ്ദേശം വന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. സുരേഷ്‌കുമാര്‍ ഇപ്പോഴും പൂവാറില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.
















