കോട്ടയം: ഇനി കോട്ടയത്തെ സംഗീത പ്രേമികള്‍ക്ക് നാല് രാകേന്ദു സംഗീത രാവുകള്‍. നിറനിലാവ്, നാട്ടുനിലാവ്, പ്രണയനിലാവ്, ചാദുവി ക ചാന്ദ് ഇങ്ങനെ സംഗീതനിലാവ്. പാട്ടും പാട്ടിന്റെ ചരിത്രവും പിന്നാമ്പുറ കഥകളും പ്രഭാഷണങ്ങളും നാടന്‍ ഭഷ്യമേളയും പ്രദര്‍ശനങ്ങളും ചാലിച്ച പുതിയ രുചിക്കൂട്ടുകളുമായി രാകേന്ദു സംഗീതോത്സവം നഗരസന്ധകള്‍ക്കു വീണ്ടും സംഗീതം പകരും.
ചലച്ചിത്ര ഗാനരംഗത്തെ അതുല്യ പ്രതിഭകള്‍ക്ക് അവരുടെ അനശ്വര ഗാനങ്ങള്‍ കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സി കെ ജീവന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രാകേന്ദു സംഗീതോത്സവം ഇന്നു മുതല്‍ 15 വരെ ദിവസവും വൈകുന്നേരം 5 മണി മുതല്‍ കോട്ടയം എം ടി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.
സികെ ജീവന്‍ ട്രസ്റ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള സാഹിത്യ അക്കാദമിയും കോട്ടയം ബസേലിയസ് കോളജും എം ടി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയുക്തമായാണ് രാകേന്ദു സംഗീതോത്സവം സംഘടിപ്പിക്കുന്നത്.
ഇന്ന് പൗര്‍ണ്ണമി സന്ധ്യയില്‍ മന്ത്രി സി. രവീന്ദ്രനാഥ് രാകേന്ദു സാഹിത്യ സംഗീതോത്സവത്തിന്് തിരി തെളിക്കും. സംഗീത സംവിധായകന്‍ ബിജിബാല്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞ ഡോ മാലിനി ഹരിഹരന്‍ എം എസ് സുബ്ബലക്ഷ്മി അനുസ്മരണം നടത്തും. പ്രൊഫ. ബി.എല്‍. ശശികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. കല്ലറ ഗോപന്‍, ഉദയ് രാമചന്ദ്രന്‍, സുമേഷ് കൃഷ്ണ, ലീലാ ജോസഫ്, അപര്‍ണ്ണാ രാജീവ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.
നാളെ കാവാലം അനുസ്മരണസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. നാടക സംവിധായകന്‍ ചന്ദ്രദാസനും നടന്‍ സോപാനം ശിവകുമാറും ചേര്‍ന്നു കാവാലം വായ്‌ത്താരി അവതരിപ്പിക്കും. കാവാലം ശ്രീകുമാര്‍, വിജേഷ് ഗോപാല്‍, വൈക്കം വിജയലക്ഷ്മി, സരിതാ രാജീവ് എന്നിവരാണ് പ്രധാന ഗായകര്‍.
ശനിയാഴ്ച മലയാള ചലച്ചിത്രഗാന രചനാരംഗത്തെ 2017 ലെ രാകേന്ദു സംഗീത പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. വിധു പ്രതാപ്, സംഗീത്, അരുണ്‍ കുമാര്‍, ലീലാ ജോസഫ്, റോഷ്നി മേനോന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. 15 ന് സമാപനസമ്മേളനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ കെപിഎ സി ലളിത, വിജയരാഘവന്‍, ദേശാഭിമാനി മാനേജിങ് എഡിറ്റര്‍ കെ ജെ തോമസ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ജമാല്‍ കൊച്ചങ്ങാടി മുഖ്യ പ്രഭാഷണം നടത്തും. കൊച്ചിന്‍ ആസാദ്, സലില്‍ ശ്യാം, കലാഭവന്‍ സാബു, ഏക് താ ഷാ, ജ്യോതി മേനോന്‍ എന്നിവരാണ് പ്രധാന ഗായകര്‍. സംഗീത സംബന്ധിയായ സ്റ്റാമ്പുകള്‍, പെയിന്റിംഗുകള്‍, കാരിക്കേച്ചര്‍, പുസ്തകങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും എം റ്റി സ്‌കൂളില്‍ ഉണ്ടാകും.
















